മാതാവിന്റെ മരണാനന്തര കര്‍മ്മങ്ങള്‍ വിധിയാംവണ്ണം നിറവേറ്റി കൃതകൃത്യനായപ്പോഴേക്കും അമരകാന്തത്തില്‍നിന്നും ഗോവിന്ദ ഭഗവദ്പാദരുടെ കല്പന വന്നു. ഗോവിന്ദ ഭഗവദ്പാദര്‍ രോഗശയ്യയിലാണെന്നും തന്നെ ഒരു നോക്കു കാണാന്‍ ആഗ്രഹിക്കുന്നുവെന്നും അറിഞ്ഞു. ഉടന്‍തന്നെ അങ്ങോട്ടു തിരിച്ചു. ഭഗവദ്പാദര്‍, ശങ്കരാചാര്യരെ കണ്ടമാത്രയില്‍ മിഴി തുറക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു. ശങ്കരാചാര്യര്‍ക്ക് ദിഗ്വിജയസമാരംഭത്തിനുള്ള നിര്‍ദ്ദേശം നല്കി ഓങ്കാരോച്ചാരണത്തോടുകൂടി സമാധിയടഞ്ഞു. അതോടെ ആശ്രമത്തിലെ ഭഗവദ്പാദരുടെ ശിഷ്യഗണങ്ങളുടെ ആശ്രയമായി ശങ്കരാചാര്യര്‍ മാറി.
ശാസ്ത്ര പ്രചാരണത്തിനുവേണ്ടി ഭാരതം മുഴുവനും പ്രസ്ഥാനം സ്ഥാപിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി, കാശിക്ഷേത്രത്തില്‍ പോയി താമസമാക്കാന്‍ നിശ്ചയിച്ചു. പവിത്രയായ ഗംഗാതീരത്തുള്ള ദശാശ്വമേധ ഘട്ടില്‍ പോയി രാഷ്ട്രത്തിന്റെ നൈതിക ഐക്യത്തെയും ആത്മാവിനെ ബലിഷ്ഠമാക്കുന്നതിനെയും പറ്റി ചിന്തിച്ചിരിക്കുകയും അറിവിനും ചിന്താഗതിക്കും മേല്‍ ആധിപത്യം സ്ഥാപിക്കുന്നതിനുവേണ്ടി ഒരുങ്ങുകയുമായിരുന്നു. ഈയവസരത്തിലാണ് ഗംഗാമാതാവിനെ സ്തുതിക്കുന്ന ഗംഗാസ്തോത്രം വിരചിതമായത്. മുമ്പ് പ്രസ്ഥാനത്രയത്തിന് ഭാഷ്യം രചിച്ചിട്ടുണ്ടെങ്കിലും കാശിയില്‍വെച്ച് ചില ഭക്തിസമ്പൂര്‍ണ്ണങ്ങളായ കൃതികളും രചിക്കുകയുണ്ടായി. ഈയവസരത്തില്‍ പൂക്കളിലെ സൗരഭ്യവും മധുവും നുകരാന്‍ എത്തുന്ന ഷഡ്പദങ്ങളെപ്പോലെ പണ്ഡിതരും ജിജ്ഞാസുക്കളും എത്തിച്ചേരാനും ആ പാദത്തിലിരുന്ന് പഠിക്കാനും തുടങ്ങി. പോരാ, ശാസ്ത്രസംവാദത്തിനും വിമര്‍ശനങ്ങള്‍ക്കും ധാരാളം പേര് എത്തുകയും ചെയ്തു.
സനാതനവും അമൂല്യവുമായ ധര്‍മ്മശാസ്ത്രങ്ങളെ വിമര്‍ശിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചും സ്വമത-സിദ്ധാന്തങ്ങളിലേക്ക് സനാതനധര്‍മ്മികളെ ആകര്‍ഷിക്കാനുള്ള ദുഷ്ട ലാക്കോടെയുള്ള പ്രവൃത്തികളും ഏറിവന്ന കാലഘട്ടമായിരുന്നു അത്. അതില്‍നിന്നും രാഷ്ട്രത്തെയും ധര്‍മ്മത്തെയും സമൂഹത്തെയും സംരക്ഷിക്കാനുള്ള ബാദ്ധ്യതയും കര്‍ത്തവ്യവും തന്നില്‍ നിക്ഷിപ്തമാണെന്ന ഉത്തമ കാഴ്ചപ്പാടില്‍നിന്നും ദിഗ്വിജയയാത്രയ്ക്ക് തുടക്കം കുറിച്ചു. ഗംഗാഷ്ടകം ചൊല്ലിക്കൊണ്ടു യുവതപസ്വികളുടെ അകമ്പടിയോടുകൂടിയുള്ള യാത്രയില്‍ ദുര്‍വ്യാഖ്യാനങ്ങളുടെയും വിമര്‍ശനത്തിന്റെയും അന്ധവിശ്വാസത്തിന്റേയും വന്മരങ്ങള് കടപുഴകി വീണില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. കാശിയില്‍നിന്നും പുറപ്പെട്ട യാത്ര പ്രയാഗയില്‍ എത്തിച്ചേര്‍ന്നു.
ശങ്കരാചാര്യര്‍ പ്രയാഗയില്‍ പ്രവേശിച്ചത് അവിടെ ധന്യമായ ഉത്സവം (മാഘമേളം) നടക്കുന്ന ദിവസമായിരുന്നു. മാഘമേളയുടെ സമാപനത്തിനു ശേഷവും ശങ്കരാചാര്യര്‍ കുറച്ചു ദിവസംകൂടി അവിടെ തങ്ങി. ഈ കാലത്താണ് പ്രയാഗാഷ്ടകം, മാധവാഷ്ടകം, യമുനാഷ്ടകം, ലക്ഷ്മീനരസിംഹപഞ്ചരത്നം, വേദസാരശിവസ്തോത്രം തുടങ്ങിയ കൃതികള്‍ രചിക്കുന്നത്. പ്രയാഗയില്‍ വെച്ചായിരുന്നു പ്രഭാകരാചാര്യരെ തോല്‍പ്പിച്ചത്. കുമാരിലഭട്ടന്റെ ശിഷ്യനായിരുന്നു പ്രഭാകരാചാര്യര്‍. ഒരു ദിവസം ശങ്കരാചാര്യര്‍ പ്രഭാകരാചാര്യരുടെ വീട്ടിലേക്കു പുറപ്പെട്ടു. തന്റെ ഗൃഹത്തില്‍ ശങ്കരാചാര്യര്‍ സ്വമേധയാ വന്നുപെട്ടതിലുള്ള അഹങ്കാരത്തിലായിരുന്നു പ്രഭാകരാചാര്യര്‍ – എന്റെ അടുത്തേക്കു വരണമെങ്കില്‍ എന്റെ പാണ്ഡിത്യം അപാരംതന്നെ. അങ്ങനെ ശാസ്ത്രസംവാദത്തിലൂടെ പ്രഭാകരാചാര്യരെ പരാജയപ്പെടുത്തി. അദ്ദേഹം ശങ്കരാചാര്യരുടെ ശിഷ്യനായിത്തീര്‍ന്നു. അദ്ദേഹത്തിന്റെ തീരെ സംസാരിക്കാത്ത പുത്രന് പൃഥ്വീധരന് സംസാരശേഷി നല്കി.
ഭഗവദ്പാദര്‍ പൂര്‍വ്വദിക്കിനെ ലക്ഷ്യമാക്കിക്കൊണ്ട് യാത്ര തുടര്‍ന്നു. പണ്ഡിതശ്രേഷ്ഠനായ മണ്ഡനമിശ്രനെ കാണാനൊരുങ്ങുന്നു. തന്റെ വീടിന്റെ പൂമുഖത്തുള്ള തത്തപോലും സംസ്കൃതത്തില്‍ സംസാരിക്കുകയും വേദചര്‍ച്ചകള്‍ ചെയ്യുന്നതുമായ മണ്ഡനമിശ്രന്റെ ഗൃഹത്തില്‍ പ്രവേശിച്ചു. അപ്പോള്‍ മണ്ഡനമിശ്രന് ശ്രാദ്ധക്രിയകള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. മൂന്നാം ദിവസം മാത്രമാണ് ചര്‍ച്ചകള്‍ സമാരംഭിക്കുന്നത്. മഹാപണ്ഡിതനും സാമൂഹ്യപരിഷ്കര്‍ത്താവുമായ കുമാരിലഭട്ടന് ചെയ്തുവെച്ചേടത്തുനിന്നുമാണ് ധര്‍മ്മരക്ഷയ്ക്കും പുനഃസ്ഥാപനത്തിനും വേണ്ടി നമുക്കു പ്രവര്‍ത്തിക്കാനുള്ളതെന്ന് ആചാര്യര്‍ പറഞ്ഞു. ചര്‍ച്ചകളുടെ തുടക്കത്തില്‍ത്തന്നെ ബൗദ്ധരുടെ വൈദികധര്‍മ്മനിഷേധത്തെപ്പറ്റി ശങ്കരാചാര്യര്‍ സൂചിപ്പിക്കുകയുണ്ടായി. അങ്ങനെ തങ്ങളുടെ ശിഷ്യരുടെയും മാഹിഷ്മതിയിലെ ജിജ്ഞാസുക്കളുടെയും സാന്നിദ്ധ്യത്തില്‍ മണ്ഡനമിശ്രന്റെ സഹധര്‍മ്മിണി ഭാരതിയുടെ മദ്ധ്യസ്ഥതയിലായിരുന്നു അതിപ്രശസ്തമായ ഈ ചര്‍ച്ചകള്‍ നടന്നത്.
രണ്ടു മഹാപണ്ഡിതരുടെയും ദീര്‍ഘിച്ച ശാസ്ത്രചര്‍ച്ചയ്ക്കൊടുവില്‍ മണ്ഡനമിശ്രന് തന്റെ തോല്‍വി സമ്മതിക്കാനും സംന്യാസം സ്വീകരിച്ച് ആചാര്യരുടെ കൂടെ ഗമിക്കാനും തയ്യാറായി. (മണ്ഡനമിശ്രനാണ് പിന്നീട് സുരേശ്വരാചാര്യരായിത്തീര്‍ന്നത്). മഹാപണ്ഡിതനായ മണ്ഡനമിശ്രനെ ശാസ്ത്രാര്‍ത്ഥചര്‍ച്ചയില്‍ തോല്‍പ്പിച്ച് തന്റെ ശിഷ്യനാക്കിയ വാര്‍ത്ത അന്യദേശങ്ങളിലേക്കും പരന്നു. ശങ്കരാചാര്യരുടെ പ്രശസ്തി പതിന്മടങ്ങ് വര്‍ദ്ധിക്കുകയും അനേകം പേര് അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.
എത്രയെത്ര ജീവിതപന്ഥാവിലൂടെ കടന്നുപോയി കടഞ്ഞെടുക്കപ്പെട്ടതാണ് ഈ മഹാത്മാവിന്റെ ജീവിതം. ഇപ്പറഞ്ഞവയിലൊന്നും ഒതുങ്ങുന്നതോ ഒതുക്കാവുന്നതോ അല്ല അത്. നമ്മുടെ എളിയ ബുദ്ധികൊണ്ട് വ്യാഖ്യാനിക്കപ്പെടാവുന്നതുമല്ല ഈ മഹാത്മാവിന്റെ ജീവിതം. അതൊരു പാരാവാരം തന്നെയാണ്. അതു തീര്‍ത്തും മനസ്സിലാക്കുക അസാദ്ധ്യവുമാണ്. ആ ജീവിതയാത്രയില്‍ നമുക്കു സമ്മാനിച്ചുപോയ ശാസ്ത്രഗ്രന്ഥങ്ങളും ജീവിതമൂല്യങ്ങളും പഠന-പാഠനങ്ങളിലൂടെ സ്വായത്തമാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകതന്നെ ആ പാദപത്മങ്ങളില്‍ സമര്‍പ്പിക്കാനുള്ള ദക്ഷിണയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: