തലശേരി: ചലച്ചിത്രനിരൂപകനും സാംസ്കാരിക പ്രവര്‍ത്തകനുമായ ഒ.പി.രാജ്മോഹന്റെ പുസ്തകം സൂചികളില്ലാത്ത ഘടികാരം ശനിയാഴ്ച വൈകിട്ട് ആറിന് ചലച്ചിത്ര അക്കാഡമി ചെയര്മാന് കമല്‍ സാഹിത്യകാരന് എന്‍.ശശിധരന് നല്കി പ്രകാശനംചെയ്യും. എ.എന്‍.ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ചലച്ചിത്രസംബന്ധിയായ ലേഖനങ്ങളും യാത്രാവിവരണവുമാണ് പുസ്തകത്തില്‍. അകാലത്തില്‍ അന്തരിച്ച ഒ.പി.രാജ്മോഹനുള്ള ആദരസമര്‍പ്പണം കൂടിയായി പുസ്തക പ്രകാശനം മാറും. ബിഇഎംപി സ്കൂളിലെ ഒ.പി.രാജ്മോഹന്‍ നഗറിലാണ് ചടങ്ങ്.
രാജ്മോഹന്റെ ഭാര്യ പ്രമീളയാണ് ലേഖനങ്ങള്‍ സമാഹരിച്ച് പുസ്തകരൂപത്തിലാക്കാന് മുന്നിട്ടിറങ്ങിയത്. തലശേരിയിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെയും സാംസ്കാരികപ്രവര്‍ത്തനത്തിന്റെയും മുന്നേ നടന്ന എഴുത്തുകാരനാണ് ഒ.പി.രാജ്മോഹന്‍. പി.വി.രാമചന്ദ്രന്, ഉണ്ണി, പലേരിബാലന് എന്നിവര്‍ക്കൊപ്പം 1974ല്‍ തലശേരിയില്‍ ഫിലിം സൊസൈറ്റി സ്ഥാപിക്കുകയും ലോകക്ലാസിക്കുകളെ തലശേരിക്ക് പരിചയപ്പെടുത്തുകയും ചെയ്തു.
ചിത്രലേഖ ഫിലിം സൊസൈറ്റി സ്ഥാപകാംഗവും ജില്ലയിലെ ഫിലിം സൊസൈറ്റിയുടെ മുഖ്യസംഘാടകനുമായിരുന്നു. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ കമ്മറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയുടെ ചരിത്രത്തെയും സങ്കേതങ്ങളെയും കുറിച്ച് ഒട്ടേറെ പഠനാര്‍ഹമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. എഴുപതുകളിലെ നവസിനിമാ തരംഗത്തിന്റെ ജനകീയ ഉള്ളടക്കം കണ്ടെത്തുകയും മലയാളികള്‍ക്ക് അത് പരിചയപ്പെടുത്തി രംഗത്തുവരികയും ചെയ്ത നിരൂപകരില്‍ പ്രഥമസ്ഥാനം ഒ പി രാജ്മോഹനുണ്ട്.
ചലച്ചിത്രകലയിലെ പ്രതിലോമ പ്രവണതകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിന്റെ രാഷ്ട്രീയ വിവക്ഷകള്‍ വിശദീകരിക്കുകയും ചെയ്ത രാജ്മോഹന്‍ ചലച്ചിത്ര നിരൂപണത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. പുരോഗമനകലാസാഹിത്യ സംഘം തലശേരി മേഖലകമ്മിറ്റി അംഗം കൂടിയായിരുന്നു. രാത്രിയുംമൂടല്മഞ്ഞും, എന്താണ് സിനിമ, ആധുനിക സിനിമ: സങ്കേതങ്ങളും മൂല്യങ്ങളും, മഹച്ചരിതമാല (ചാര്‍ളിചാപ്ലിന്‍) എന്നിവയാണ് രാജ്മോഹന്റെ മറ്റു പുസ്തകങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: