ന്യൂദല്‍ഹി: ഗൗരി ലങ്കേഷിന്റെ കൊലപാതകം രാഷ്ട്രീയവല്‍ക്കരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ജീവനു ഭീഷണി ഉണ്ടായിരുന്ന ഗൗരി ലങ്കേഷിന് മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴ്ച വരുത്തിയതായും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെയാണോ ഗൗരി ലങ്കേഷ് മാവോയിസ്റ്റുകള്‍ക്കായി പ്രവര്‍ത്തിച്ചിരുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനുമതിയോടെയാണെങ്കില്‍ എന്തുകൊണ്ട് അവര്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കിയില്ല?
കൊലപാതകത്തോട് ബിജെപി നേതാക്കള്‍ മുഖം തിരിച്ചുനില്‍ക്കുന്നുവെന്ന തരത്തിലാണ് ഇപ്പോള്‍ പ്രചാരണങ്ങള്‍ നടത്തുന്നത്. ഗൗരിക്കു നീതി തേടി രംഗത്തുവന്നിട്ടുള്ള ബുദ്ധിജീവികളും സാമൂഹ്യപ്രവര്‍ത്തകരും കേരളത്തിലും കര്‍ണാടകയിലും ഒട്ടേറെ ആര്‍എസ്എസ്സുകാര്‍ കൊല്ലപ്പെട്ട സമയത്ത് എവിടെയായിരുന്നുവെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു.
കേസില്‍ അന്വേഷണം ആരംഭിക്കുന്നതു മുന്‍പേ കൊലയ്ക്കു പിന്നില്‍ ആര്‍എസ്എസ്സും ബിജെപിയുമാണെന്ന് ‘കണ്ടെത്തിയ’ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും അദ്ദേഹം വിമര്‍ശിച്ചു.
കൃത്യമായ പഠനം കൂടാതെ ഓരോന്നു വിളിച്ചുപറയുന്ന കോണ്‍ഗ്രസിന്റെ ഈ മഹാനായ നേതാവ്, അന്വേഷണം ആരംഭിക്കും മുന്‍പേ ആര്‍എസ്എസ്സിനു നേരെ വിരല്‍ ചൂണ്ടിയിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ അന്വേഷണം എങ്ങോട്ടാണ് പോകുന്നതെന്ന് ഇതില്‍നിന്നും ഊഹിക്കാമെന്നും പ്രസാദ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: