എതിര്‍ശബ്ദങ്ങളെ തോക്കുകൊണ്ടോ വാളുകൊണ്ടോ ഇല്ലാതാക്കാമെന്നത് പരിഷ്കൃത സമൂഹത്തിന്റെ ചിന്തയല്ല. അങ്ങനെ ചിന്തിക്കുന്നവരുണ്ടെങ്കില്‍ അത് സാധ്യവുമല്ലെന്നതാണ് ചരിത്രം പഠിപ്പിക്കുന്നത്. അതിന് ഏറ്റവും വലിയ ദൃഷ്ടാന്തം കേരളം തന്നെ.
വര്‍ഷങ്ങളായി മാറിമാറി അധികാരത്തില്‍ വരുന്ന ഇടതുപക്ഷ സര്‍ക്കാരുകളും കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സര്‍ക്കാരുകളും ആവോളം പിന്തുണ നല്കി ആര്‍എസ്എസ് പ്രവര്‍ത്തകരെ ഇല്ലാതാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടില്ല. മാത്രമല്ല, ആര്‍എസ്എസ് കേരളത്തില്‍ വളര്‍ന്ന് പന്തലിക്കുകയും, എല്ലാ മേഖലകളിലും സ്വാധീനമുറപ്പിക്കുകയും ചെയ്തിരിക്കുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎമ്മുകാരുയര്ത്തിയ കൊലക്കത്തി ഇപ്പോഴും താഴെവച്ചിട്ടില്ല. കൊലപാതകങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും പുറത്തേക്കും വ്യാപിക്കുന്നു. ഏറ്റവുമൊടുവില്‍ തിരുവനന്തപുരം ജില്ലയിലാണ് കൊലക്കത്തികൊണ്ട് ആര്‍എസ്എസ്സിന്റെ ശബ്ദത്തെ ഇല്ലാതാക്കാനുള്ള വൃഥാശ്രമം സിപിഎം നടത്തിയത്. കൊല്ലപ്പെടുന്ന ഓരോ പ്രവര്‍ത്തകനും ഉയിര്ത്തെഴുനേല്ക്കുകയായിരുന്നു. ഇല്ലാതാക്കാന്‍ ശ്രമിച്ച ശബ്ദം ഉച്ചത്തില്‍ വീണ്ടും മുഴങ്ങുകയാണ്. ആ ശബ്ദം ആര്‍എസ്എസ് വിരുദ്ധരെ ഭയപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
ഇരുട്ടിന്റെ മറവിലെത്തിയ അക്രമികളാണ് ബെംഗളൂരുവില്‍ നിരായുധയായ മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ നിറയൊഴിച്ചത്. വാക്കുകൊണ്ടും ആശയംകൊണ്ടും തോല്‍പ്പിക്കാന്‍ കഴിയാത്തവരാണ് ആയുധത്തിന്റെ സഹായം തേടുന്നത്. കൊലപാതകം നടത്തുന്നവര്‍ക്ക് ആശയമില്ലെന്നതാണ് സത്യം. അവര്‍ ക്രിമിനലുകളാണ്. കണ്ണൂരിലും തിരുവനന്തപുരത്തും മലപ്പുറത്തും ആര്‍എസ്എസ് പ്രവര്‍ത്തകരെ അരുംകൊല ചെയ്ത സിപിഎമ്മുകാരെയും ക്രിമിനലുകളെന്നു വിശേഷിപ്പിക്കാന്‍ മടിക്കേണ്ടതില്ല.
അതുകൊണ്ടുതന്നെ, മറ്റേതൊരു കൊലപാതകത്തെയും പോലെ, അരുതാത്തതും അപലപിക്കപ്പെടേണ്ടതുമാണ് ഗൗരി ലങ്കേഷിന്റെ വധവും. ഗൗരി ലങ്കേഷ് അവര്‍ക്കു ശരിയെന്നു കരുതിയിരുന്നതിനു വേണ്ടിയാണ് വാദിച്ചുകൊണ്ടിരുന്നത്. പ്രസംഗങ്ങളിലും എഴുത്തിലുമെല്ലാം അവരതുചെയ്തുകൊണ്ടിരുന്നു. ബിജെപിയുടെയും നരേന്ദ്രമോദി സര്‍ക്കാരിന്റെയും ശക്തയായ വിമര്‍ശകയായിരുന്നു അവര്‍. ഗൗരി ലങ്കേഷിന്റെ വിമര്‍ശനങ്ങളെ ആര്‍എസ്എസ് നേരിട്ടത് നിയമത്തിന്റെ വഴിയിലൂടെയായിരുന്നു. ബിജെപി നല്കിയ മാനനഷ്ടക്കേസില്‍ അവര്‍ പരാജയപ്പെടുകയും കോടതി അവരെ ശിക്ഷിക്കുകയും ചെയ്തു.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ രാജ്യമെമ്പാടും പ്രതിഷേധമുണ്ടായി. കേരളം എപ്പോഴും ചെയ്യാറുള്ളതുപോലെ ഒരുപടി മുന്നിലായിരുന്നു പ്രതിഷേധത്തിലും. ഓണത്തിന്റെ ആഘോഷങ്ങളെയെല്ലാം മാറ്റിവച്ച്, കേരളത്തിലെ ടിവി ചാനലുകള്‍ സഹജീവിയുടെ ദയാരഹിതമായ കൊലപാതകത്തിനെതിരെ ശക്തമായി രംഗത്തുവന്നു. ചര്‍ച്ചകളും വിശകലനങ്ങളുമായി സജീവമായി. അതത്രയും നല്ലതും വേണ്ടതുമാണെന്നതില് തര്‍ക്കമില്ല. എന്നാല്‍ മുമ്പ് പല സംഭവങ്ങളിലും ഉണ്ടായതുപോലെ ഇക്കാര്യത്തിലും ദൃശ്യമാധ്യമങ്ങള്‍
കൊലചെയ്തവരെയും കണ്ടെത്തി. സംഘപരിവാറാണ് ഗൗരിലങ്കേഷിനെ കൊന്നതെന്നു തന്നെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടുവന്ന് കൊലപാതകം നടത്തിയെന്നു പറയാതിരുന്നത് ഭാഗ്യം. കൊലചെയ്തത് സംഘപരിവാറാണെന്ന് ചാനല്‍ വാര്‍ത്താ അവതാരകര്‍ വിധിക്കാനുള്ള പ്രധാന കാരണം, ഗൗരി ലങ്കേഷ് ആര്‍എസ്എസ്സിന്റെയും ബിജെപിയുടെയും നരേന്ദ്രമോദിയുടെയും കടുത്ത വിമര്‍ശകയായിരുന്നു എന്നതാണ്. കേരളത്തിലെ കോണ്‍ഗ്രസ്-സിപിഎം രാഷ്ട്രീയക്കാരും ചില സാംസ്കാരിക പ്രവര്‍ത്തകരും അതേറ്റുപിടിച്ചു രംഗത്തു വന്നു.
കേരളത്തില്‍ അങ്ങോളമിങ്ങോളം മാധ്യമ പ്രവര്‍ത്തകര്‍ നരേന്ദ്രമോദിക്കും സംഘപരിവാറിനുമെതിരെ മുദ്രാവാക്യം വിളിച്ചു തെരുവിലുമിറങ്ങി. ‘ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന് തന്നെ….’ എന്ന തരത്തിലുള്ള കണ്ടെത്തലില്‍ അവരും സന്തോഷഭരിതരായി.
ഇന്ത്യയില്‍ എവിടെയും അഹിതമായി എന്തെങ്കിലും സംഭവിച്ചാല്‍ അതെല്ലാം നരേന്ദ്രമോദി കാരണമാണെന്ന് പ്രചരിപ്പിക്കുന്ന ഒരുതരം മാനസിക രോഗാവസ്ഥയിലാണ് കേരളത്തിലെ ചില സാംസ്കാരിക നായകരും അങ്ങനെ സ്വയം വിശേഷിപ്പിച്ചു നടക്കുന്നവരും. അതിനാല്‍ ഈ സംഭവങ്ങളുടെയൊന്നും യാഥാര്‍ത്ഥ്യം മറനീക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.
ഉത്തര്‍പ്രദേശില്‍ പശുമാംസം ഭക്ഷിച്ചതിന് ഇസ്ലാം മതത്തില്‍ പെട്ട ഒരാളെ കൊന്നു എന്ന വാര്‍ത്തയുടെ ചുവടുപിടിച്ച് കേരളത്തിലുണ്ടാക്കിയ കോലാഹലം മറക്കാവുന്നതല്ല. അതിനും കാരണം നരേന്ദ്രമോദിയാണെന്നായിരുന്നു പ്രചാരണം. എന്നാല്‍ അന്ന് ഉത്തര്‍പ്രദേശ് ഭരിച്ചിരുന്നത് കോണ്‍ഗ്രസ് പിന്തുണയോടെ അഖിലേഷ് യാദവാണെന്നത് ആരും പറഞ്ഞില്ല. യുപി പോലീസ് അന്വേഷിച്ച കേസില്‍ ആര്‍എസ്എസ് ബന്ധം തെളിയിക്കപ്പെട്ടുമില്ല. കുരുടന് ആനയെ കണ്ടതരത്തിലുള്ള കഥകള്‍ പ്രചരിപ്പിച്ച കേരളത്തിലെ ചാനലുകളൊന്നും സത്യം ആരെയും അറിയിച്ചുമില്ല.
2015ലാണ് കന്നഡസാഹിത്യകാരന്‍ എം.എം.കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്. കര്‍ണ്ണാടകത്തില്‍ ബിജെപിയല്ല അപ്പോഴും ഭരണത്തിലുണ്ടായിരുന്നത്. വധിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരുമല്ല. ആര്‍എസ്എസ്സിനോ അതുമായി ബന്ധപ്പെട്ട സംഘടനകള്‍ക്കോ വധത്തില്‍ പങ്കുണ്ടെന്ന് പോലീസും പറയുന്നില്ല. കോണ്‍ഗ്രസ് ഭരണത്തിലുള്ള കര്‍ണ്ണാടകയിലാണ് സംഭവം നടന്നത്. അതിനും പഴി നരേന്ദ്രമോദിക്കായിരുന്നു. ഇപ്പോള്‍ ഗൗരി ലങ്കേഷ് വധിക്കപ്പെട്ടതിനു സമാനമായാണ് കല്‍ബുര്‍ഗിയും വധിക്കപ്പെട്ടത്.
കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ ഇതുവരെ പ്രതികളെ പിടികൂടാന്‍ കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനായില്ല. എന്നിട്ടാണിപ്പോള്‍ രാജ്യത്തിന്റെ പഴയ പ്രതിരോധ മന്ത്രി എ.കെ.ആന്റണി, ഗൗരി ലങ്കേഷിന്റെ മരണത്തെ പൈശാചികമെന്ന് വിശേഷിപ്പിച്ചതും, ബിജെപിയെ പ്രതിസ്ഥാനത്താക്കിയതും. കര്‍ണ്ണാടകത്തിലെ സിദ്ധരാമയ്യയുടെ മുന്നില്‍ചെന്നു നിന്നുവേണമായിരുന്നു ആന്റണി ഈ പ്രതിഷേധം പറയേണ്ടിയിരുന്നത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ് സാമൂഹ്യപ്രവര്‍ത്തകനായ നരേന്ദ്ര ധാബോല്‍ക്കര്‍ കൊല്ലപ്പെട്ടത്. ആ കേസും കോണ്‍ഗ്രസ് ഭരണത്തില്‍ കുഴിച്ചുമൂടപ്പെടുകയായിരുന്നു.
ഈ സംഭവങ്ങളിലൊന്നും സത്യം പുറത്തുവരാന്‍ അവരാഗ്രഹിക്കുന്നില്ല. കേസുകള്‍ അട്ടിമറിക്കുന്നത് അതിനാലാണ്. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനുകീഴില്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകവും തെളിയിക്കപ്പെടാതെ പോകുമെന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. സത്യം പുറത്തുവന്നാല്‍ ഇന്ന് ആര്‍എസ്എസ്സിനെയും അനുബന്ധ സംഘടനകളെയും കുറ്റപ്പെടുത്തിയവര്‍ക്ക് വാക്കുകളില്ലാതെയാകും. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ കുറച്ചുദിവസത്തെ ‘സെന്‍സേഷനായി’ ഇത് കൊണ്ടുനടന്നശേഷം, മറ്റൊന്നു കിട്ടിക്കഴിയുമ്പോള്‍ വിട്ടുകളയുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. സത്യം പുറത്തുവരുന്നതിനെ അവരും ഭയപ്പെടുന്നു. കീചകന്റെ വധത്തിലെ പ്രതിയെ കണ്ടെത്തിയത് എങ്ങനെ മാറ്റിപ്പറയും.
കല്‍ബുര്‍ഗി വധത്തിലും ദാദ്രി സംഭവത്തിലും പ്രതിഷേധിച്ച് അന്ന് രാജ്യത്തെ ചില സാഹിത്യകാരന്മാര് മുന്‍കാലങ്ങളില്‍ അവര്‍ക്കു കിട്ടിയിട്ടുള്ള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ തിരിച്ചേല്‍പിച്ചാണ് പ്രതിഷേധിച്ചത്. കേരളത്തില്‍ നിന്ന് സച്ചിദാനന്ദനും സാറാജോസഫുമടക്കം ചില ജീവിതങ്ങളുമുണ്ടായിരുന്നു ‘അവാര്‍ഡ് തിരിച്ചേല്പിക്കല്’ പ്രതിഷേധത്തിന്. കഴിഞ്ഞ അറുപതു വര്‍ഷങ്ങളായി രാജ്യം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് പലതരത്തിലുള്ള ആനുകൂല്യങ്ങള്‍ നേടിയിട്ടുള്ളവരാണവരെല്ലാം.
നരേന്ദ്രമോദിയിലേക്കുള്ള രാജ്യത്തിന്റെ മാറ്റം അവരെയും അസ്വസ്ഥരാക്കി. അധികാരത്തിന്റെ തണുപ്പും സുഖവും അനുഭവിക്കാനുള്ള അവസരങ്ങളാണ് ഇവര്‍ ആഗ്രഹിക്കുന്നത്. അത് ഇനി ലഭിക്കില്ലെന്ന തിരിച്ചറിവ് വലിയ ഭയമാണിവരില് സൃഷ്ടിച്ചത്. എന്നാല്‍ പുരസ്കാരങ്ങള്‍ തിരികെ കൊടുത്തവരില്‍ പലരും അതിനൊപ്പം ലഭിച്ച പണം തിരികെ നല്‍കിയില്ല. അവാര്‍ഡ് തിരിച്ചുനല്കുന്നെന്ന് പ്രസ്താവനയിറക്കി വാര്‍ത്താപ്രാധാന്യം നേടുക മാത്രമായിരുന്നു ലക്ഷ്യം. ഗൗരി ലങ്കേഷിന്റെ മരണത്തെ തുടര്‍ന്നു സച്ചിദാനന്ദന്മാരും സക്കറിയാമാരും രംഗത്തുവരുന്നുണ്ട്. ഇനിയവര്‍ക്ക് തിരിച്ചുനല്‍കാന്‍ പുരസ്കാരസ്തൂപങ്ങള് കയ്യിലുണ്ടോ ആവോ.
കര്‍ണ്ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരിന്റെ കീഴില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇരുപത് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. ഇതില്‍ കൂടുതലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍. കേരളത്തില്‍ കൊലക്കത്തിക്കിരയായിക്കൊണ്ടിരിക്കുന്നത് എത്രയോ പ്രവര്‍ത്തകര്‍. കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ ഭരണത്തില്‍ കൊല്ലപ്പെടുന്ന ദളിതര്‍ എത്രയോ പേര്. ഇതൊന്നും ആര്‍ക്കും പ്രതിഷേധത്തിനുള്ള വിഷയങ്ങളാകുന്നതേയില്ല. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ യഥാര്‍ത്ഥ പ്രതികളെ പോലീസ് കണ്ടെത്തുന്നതിനുമുന്നേ പിണറായി വിജയനും വി.എസ്. അച്യുതാനന്ദനും കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. ഈ കേസില്‍ അവരെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടത്.
കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും മോദിക്കുതന്നെ തുടര്‍ഭരണം സാധ്യമാകുമെന്ന് ഏതാണ്ട് ഉറപ്പാകുകയും, ഭാരതമൊട്ടാകെ ബിജെപി തരംഗം അലയടിക്കുകയും ചെയ്യുന്ന സവിശേഷ സാഹചര്യമാണിപ്പോഴുള്ളത്. അതില്‍നിന്ന് ഉയര്‍ന്നു വന്ന അസൂയയാണ് ഇത്തരം കള്ളപ്രചാരണങ്ങള്‍ക്ക് പിന്നിലെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. ഓരോ തെരഞ്ഞെടുപ്പു കാലത്തും ബിജെപിയെ പരാജയപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങുന്നവരാണ് ഇപ്പോഴത്തെ അസത്യപ്രചാരണങ്ങള്‍ക്കു പിന്നിലും. എല്ലായ്പ്പോഴും അവരുടെ ശ്രമങ്ങള്‍ക്ക് പരാജയം സംഭവിച്ചുകൊണ്ടേയിരിക്കുന്നു. ഗൗരിലങ്കേഷിന്റെ ഘാതകര്‍ ഭീരുക്കളാണ്. അതൊരിക്കലും ആര്‍എസ്എസ്സുകാരല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: