തിരുവനന്തപുരം: അറുപതാം വയസില്‍ പത്താം ക്ലാസ് പരീക്ഷ പാസായ സര്‍ട്ടിഫിക്കറ്റും കൈയില്‍ പിടിച്ച് ലക്ഷ്മിക്കുട്ടിയമ്മ ഓടിയെത്തിയത് ടീച്ചറിനരികില്‍. എന്നിട്ട് അഭിമാനത്തോടെ അവര്‍ പറഞ്ഞു. ‘കസ്തൂരി ടീച്ചറേ, ഞാന്‍ പരീക്ഷ പാസായി’. ഒരു വ്യാഴവട്ടക്കാലത്തെ സാക്ഷരതാ പ്രവര്‍ത്തനത്തിനിടെ ഇങ്ങനെ നൂറുകണക്കിന് വയോധികരുടെ അഭിമാന നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് കസ്തൂരി. പ്രായം മറന്ന നിരക്ഷരര്‍ക്ക് അറിവിന്റെ വെട്ടം പകരുന്ന ഗുരുനാഥയാണ് കസ്തൂരി.
ഊരൂട്ടമ്പലം കാണവിള അനിഴത്തില്‍ കസ്തൂരി മറ്റൊരു തൊഴിലും കിട്ടാതായപ്പോള്‍ സാക്ഷരതാ പ്രേരക് ആയതല്ല. ബികോം ബിരുദം നേടിയ ശേഷം അക്ഷരമറിയാത്ത മുതിര്‍ന്നവരുടെ ടീച്ചറാകാന്‍ സ്വയം ഇറങ്ങിത്തിരിച്ചതാണ്. സ്വന്തം പേരുപോലും എഴുതാനറിയാത്തവര്‍ക്ക് അറിവിന്റെ ലോകം കാട്ടിക്കൊടുക്കാനുളള ഉറച്ച തീരുമാനം. തുന്നല്‍ പണിയെടുത്ത് കുടുംബം പോറ്റുന്ന രാജീവ് കുമാറും ഭാര്യയുടെ ആഗ്രഹത്തിന് എതിരുനിന്നില്ല. പകരം അവരിലെ നന്മയെ പ്രോത്സാഹിപ്പിച്ചു.
ഓരോ വര്‍ഷവും അറുപത് മുതല്‍ നൂറു പേരെ വരെ കസ്തൂരി മലയിന്‍കീഴ് ബ്ലോക്കിന് കീഴിലെ തുടര്‍ വിദ്യാകേന്ദ്രത്തിലൂടെ സാക്ഷരരാക്കുന്നു. ഇതേവരെ 600 മുതിര്‍ന്നവരെ പത്താം ക്ലാസ് പാസാക്കി ബ്ലോക്കിലെ മികച്ച സാക്ഷരതാ പ്രേരകായി. ഞായറാഴ്ചകളിലും പൊതു ഒഴിവു ദിവസങ്ങളിലുമാണ് ക്ലാസ്. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരും പള്ളിക്കൂടത്തിന്റെ പടി കാണാത്തവരുമാണ് പഠിതാക്കള്‍. കഴിഞ്ഞ വര്‍ഷം 93 പേരെയാണ് കസ്തൂരി പത്താം ക്ലാസ് പരീക്ഷ എഴുതിച്ചത്. ഇവരില്‍ 91 പേരും വിജയിച്ചു. ഇത്തവണ നൂറു പേരെ പത്താംതരം കടത്താനുള്ള പരിശ്രമത്തിലാണ് കസ്തൂരി.
അഞ്ചാം ക്ലാസുകാരന് അഭിജിത്, എല്‍കെജി വിദ്യാര്‍ത്ഥി അഭിഷേക് എന്നിവരാണ് മക്കള്‍. പ്രാരാബ്ധങ്ങള്‍ ഏറെയുണ്ടെങ്കിലും മറ്റൊരു ജോലിയെ കുറിച്ച് പറഞ്ഞാല്‍ കസ്തൂരി ഒഴിഞ്ഞു മാറും. ‘ഈ ജീവിതം എന്നേക്കാള്‍ പ്രായമുള്ളവര്‍ക്ക് അറിവു പകരാനുള്ളതാണ്. ഞാന്‍ മനസുകൊണ്ട് ഒരുപാട് സന്തോഷിക്കുന്നു. അതിലേറെ അഭിമാനവും’. ആ വാക്കുകളില്‍ വായിച്ചെടുക്കാം കസ്തൂരിയിലെ നന്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: