യാങ്കൂൺ: രാജ്യത്തിന്റെ ഉന്നമനത്തിനായി കടുത്ത തീരുമാനങ്ങൾ എടുക്കുന്നതിൽ ഭയപ്പെടുന്നില്ലെന്ന് പ്രധാനമന്ത്രി നരേനദ്ര മോദി. മ്യാൻമറിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തിൽ പരാമർശം നടത്തിയത്.
രാജ്യത്തിന്റെ ഉന്നമനത്തിനായി ഏത് തീരുമാനങ്ങൾ എടുക്കാനും തങ്ങൾ ഭയപ്പെടുന്നില്ല. മിന്നലാക്രമണവും നോട്ട് നിരോധനവും, ജിഎസ്ടിയുമെല്ലാം കാര്യക്ഷമമായി തങ്ങളെക്കൊണ്ട് നടപ്പിലാക്കാൻ കഴിഞ്ഞു, കാരണം രാഷ്ട്രത്തിന്റെ പുരോഗതിയാണ് തങ്ങൾ ഉന്നമനം വയ്ക്കുന്നത്. രാഷ്ട്രീയത്തിലുപരി രാജ്യമാണ് തങ്ങൾക്ക് പ്രധാന്യം- മോദി പറഞ്ഞു.
കള്ളപ്പണം എവിടെ നിന്ന് വരുന്നെന്നോ എങ്ങോട്ട് പോകുന്നെന്നോ ഒരുപിടിയുമില്ലായിരുന്നു. ജിഎസ്ടി പ്രാബല്യത്തിലായി രണ്ട് മാസം കൊണ്ട് തന്നെ സത്യസന്ധമായി ബിസിനസ് നടത്താവുന്ന അന്തരീക്ഷം സംജാതമായിട്ടുണ്ട്.
നോട്ട് നിരോധന സമയത്ത് എല്ലാ പ്രതിപക്ഷ പാർട്ടികളും നുണ പ്രചാരണങ്ങളാണ് നടത്തിയത്. പലരും നോട്ട് നിരോധനം ദുരന്തത്തിലേക്ക് നയിക്കുമെന്ന് വരെ പറഞ്ഞു. എന്നാൽ എല്ലാ ദുഷ്പ്രചരണങ്ങളെയും വിഫലമാക്കാൻ നോട്ട് നിരോധനത്തിന്റെ വിജയത്തിന് കഴിഞ്ഞു- മോദി വ്യക്തമാക്കി.
ഇന്ത്യക്ക് മുന്നോട്ട് പോകാനാകുമെന്ന് ഇന്ന് രാജ്യത്തെ ജനങ്ങള്‍ വിശ്വസിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കേവലം ഇന്ത്യയെ പരിഷ്കരിക്കുകയല്ല ചെയ്യുന്നത് മറിച്ച് അടുമുടി മാറ്റിയെടുക്കുകയാണ് തങ്ങള്‍ ചെയ്യുന്നത്. പുതിയ ഇന്ത്യ നിര്‍മ്മിക്കുകയാണ്. 2022 ല്‍ എഴുപത്തിയഞ്ചാമത്തെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ ആ ലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: