ഇടുക്കി: മരിച്ചെന്ന് കരുതി ഫ്രീസറില്‍ വച്ച വീട്ടമ്മ ജീവിതത്തിലേക്ക് തിരിച്ചെത്തി. വണ്ടന്മേട് പുതുവല്‍ രത്തിനവിലാസം മുനി സ്വാമിയുടെ ഭാര്യ രത്നം (51) ആണ് ജീവിതത്തിനും മരണത്തിനുമിടയില്‍ മണിക്കൂറുകളോളം മരവിച്ചു കിടന്നത്.
ഫ്രീസറില്‍ കിടത്തി വീട്ടിലെത്തിച്ച രത്നത്തിന് കണ്ണീര് വന്നതും ദേഹം അനങ്ങിയതും അയല്‍വാസികള്‍ കണ്ടതോടെ വണ്ടന്മേട് പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി ബന്ധുക്കളുടെ സഹായത്തോടെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഞ്ഞപ്പിത്തം ബാധിച്ച് മാസങ്ങളായി മധുര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രത്നത്തിന്റെ കരളും വൃക്കയുമെല്ലാം തകരാറായിരുന്നു. രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ ഡിസ്ചാര്‍ജ് എഴുതി വാങ്ങി ഓക്സിജന്‍ സൗകര്യമുള്ള ആംബുലന്‍സില്‍ വണ്ടന്മേട്ടിലേക്ക് കൊണ്ടുവന്നു.
ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഇവരെ വീട്ടിലെത്തിച്ചത്. ഒാക്സിജന്‍ സിലിണ്ടര്‍ നീക്കിയപ്പോള്‍ ഇവര്‍ അനങ്ങാതായി. പിന്നീട്് രത്നം മരിച്ചെന്ന് കരുതി ഫ്രീസറില്‍ വച്ചു. അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവര്‍ രത്നം അനങ്ങുന്നത് കണ്ടതോടെയാണ് ഇവര്‍ക്ക് വീണ്ടും ചികിത്സ കിട്ടിയത്.
കട്ടപ്പനയിലെ ആശുപത്രിയില്‍ കഴിയുന്ന രത്നത്തിന്റെ ചികിത്സയ്ക്കാവശ്യമായ തുക ജില്ലാഭരണകൂടം നല്‍കുമെന്ന് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: