ആലപ്പുഴ: ഗുരുദേവ സ്മൃതിയില്‍ നാടും നഗരവും മഞ്ഞപ്പട്ടണിഞ്ഞു. സംഘടിച്ചാല്‍ ശക്തരാകാം എന്ന ഗുരുസന്ദേശം അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു എല്ലാ സ്ഥലത്തും നടന്ന ജയന്തി ഘോഷയാത്രകള്‍. എസ്എന്‍ഡിപി ആലപ്പുഴയില്‍ നടത്തിയ ഘോഷയാത്ര ഇഎംഎസ് സ്റ്റേഡിയത്തിനു സമീപത്തു നിന്നാരംഭിച്ച് കിടങ്ങാംപറമ്പ് ക്ഷേത്രത്തില്‍ സമാപിച്ചു.
ചേര്‍ത്തലയില്‍ പോലീസ് സ്റ്റേഷന് മൈതാനിയില്‍ നിന്നുമാരംഭിച്ച ഘോഷയാത്ര നഗരംചുറ്റി സമ്മേളന നഗരിയില്‍ സമാപിച്ചു. ഗുരുദേവ രഥത്തിന് പിന്നില്‍ യൂണിയന് നേതാക്കളും പ്രവര്‍ത്തകരും അണിനിരന്നു. വാദ്യമേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, അമ്മന്‍കുടം, കോലം, കാവടി, ശിങ്കാരിമേളം, നിശ്ചല ദൃശ്യങ്ങള്‍, മയിലാട്ടം, തെയ്യം, ഗരുഡന്, ടാബ്ലോ, കഥകളി രൂപങ്ങള്‍ എന്നിവ ഘോഷയാത്രയ്ക്ക് മിഴിവ് പകര്‍ന്നു. യൂണിയന്റെ കീഴിലുള്ള ശാഖകള്‍, കുടുംബ യൂണിറ്റുകള്‍, എസ്എച്ച് ഗ്രൂപ്പുകള്‍, യൂത്ത് മൂവ്മെന്റ്, വനിതാ സംഘം, ബാലജന യോഗം പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കാളികളായി.
കണിച്ചുകുളങ്ങര യൂണിയന്റെ നേതൃത്വത്തില്‍ ദേവീക്ഷേത്ര മൈതാനിയിലായിരുന്നു ജയന്തി സമ്മേളനം.
കളവംകോടം, കോടംതുരുത്ത്, ചന്തിരൂര്‍, കുട്ടനാട്, എരമല്ലൂര്‍, പെരുമ്പളം എന്നിവിടങ്ങളിലും ഘോഷയാത്രകള്‍ നടന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ശ്രീനാരായണീയരുടെ വന്‍ പങ്കാളിത്തമാണ് ഇത്തവണ ഘോഷയാത്രയിലുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: