ന്യൂദല്‍ഹി: ബലാത്സംഗത്തിന് ഇരയായ 13കാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി നല്കി. 31 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാനാണ് അനുമതി നല്‍കിയത്. കുട്ടിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാണ് സുപ്രീംകോടതി തീരുമാനം എടുത്തത്. നിലവില്‍ 20 ആഴ്ചയില്‍ അധികം പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ രാജ്യത്തെ നിയമം അനുവദിക്കുന്നില്ല.
ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിത്വാ റോയ്, എ.എം.ഖന്‍വീല്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് മുംബയില്‍ നിന്നുള്ള ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിയത്. കുട്ടിയുടെ പ്രായം കണക്കിലെടുത്തും അഭിമുഖീകരിച്ച ദുരന്തം കണക്കിലെടുത്തും ഗര്‍ഭച്ഛിദ്രം അനുവദിക്കുകയാണെന്ന് കോടതി ഉത്തരവിട്ടു.
ആറ് മാസം മുമ്പ് അച്ഛന്റെ ബിസിനസ് പങ്കാളിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പീഡനത്തിന് നാലാഴ്ചയ്ക്ക് ശേഷമാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ അറിയുന്നത്.
സെപ്തംബര്‍ എട്ടിന് ഗര്‍ഭച്ഛിദ്രം നടത്താനാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിന് ഒരു ദിവസം മുമ്പ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: