കൊട്ടാരക്കര: പെരുംകുളം ബാപ്പുജി സ്മാരക വായനശാലയും കൊട്ടാരക്കര ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ തണല്‍ കൂട്ടായ്മയും ചേര്‍ന്ന് നല്കുന്ന ഗുരുനന്മ പുരസ്കാരത്തിന് ഈ വര്‍ഷം പുനലൂര്‍ തൊളിക്കോട് ഗവ. എല്‍പിഎസ് പ്രധാന അദ്ധ്യാപകന് കെ.ജി എബ്രഹാം അര്‍ഹനായി. സാധാരണ പുരസ്കാരങ്ങളില് നിന്നും വ്യത്യസ്തമായി കുട്ടികളാണ് മികച്ച അധ്യാപകനെ തിരഞ്ഞെടുത്തത്.
കുട്ടികള്‍ കുറഞ്ഞ് അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട സ്കൂളിനെ പുനലൂര്‍ ഉപജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്കൂളാക്കി മാറ്റിയതില്‍ എബ്രഹാം വഹിച്ച പങ്ക് വളരെ വലുതാണ്. പിടിഎ, ബാഗ് രഹിത വിദ്യാലയം, രോഗരഹിതബാല്യം, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുഞ്ഞുങ്ങള്‍ക്കായി പെന്ഷന് പദ്ധതി, ഇവരുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനം, ചികിത്സാസഹായം, വീട് ഒരുക്കല്‍ തുടങ്ങിയ പദ്ധതികള്‍ സവിശേഷ ശ്രദ്ധ നേടി.
മികച്ച കര്ഷകന് കൂടിയായ അദ്ദേഹം സ്കൂളിന് സമീപത്ത് തയ്യാറാക്കിയ ജൈവകൃഷി തോട്ടത്തിനു പുനലൂര്‍ നഗരസഭാ പുരസ്കാരം ഈ വര്‍ഷം ലഭിച്ചിരുന്നു. സംസ്ഥാനത്തെ മികച്ച പിടിഎ, ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ കൊല്ലം ജില്ലയില്‍ നിന്നും പങ്കെടുത്ത ഏക വിദ്യാലയം, അമ്മമാര്‍ക്ക് ലൈബ്രറി, പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്കായി പ്രാദേശിക പഠനകേന്ദ്രങ്ങള്‍ എന്നിവ ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതകളാണ്.
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന എബ്രഹാം കുഞ്ഞുങ്ങള്‍ക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന പുതിയ പുതിയ ആശയങ്ങള്‍ കണ്ടെത്തി പ്രാവര്‍ത്തികമാക്കാന്‍ നിരന്തരയത്നത്തിലാണ്.
സെപ്റ്റംബര്‍ രണ്ടാം വാരം കൊട്ടാരക്കര ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന മുന്‍ വര്‍ഷത്തെ പുരസ്കാരജേതാവ് ഗവ.എച്ച്എസ്എസ് പൂയപ്പള്ളിറാണി അദ്ദേഹത്തിന് പുരസ്കാരം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: