ന്യൂദല്‍ഹി: ദോക്ലാമിന് പിന്നാലെ ചൈനയിലെ ബ്രിക്സ് ഉച്ചകോടിയിലും ഇന്ത്യക്ക് നയതന്ത്ര വിജയം. ആഗോള ഭീകരതക്കെതിരായ ബ്രിക്സ്(ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക സഖ്യം) പ്രമേയത്തില്‍ പാക് ഭീകരസംഘടനകളായ ലഷ്കര്‍ ഇ തൊയ്ബ, ജയ്ഷെ മുഹമ്മദ്, ഹഖാനി ശൃംഖല എന്നിവയെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തി.
പാക്കിസ്ഥാന് ആസ്ഥാനമായ ഭീകര സംഘടനകളെ ആദ്യമായാണ് ബ്രിക്സില്‍ അപലപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഗോവയില്‍ നടന്ന ഉച്ചകോടിയില്‍ ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രമേയത്തില്‍ പാക് ഭീകരസംഘടനകളെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത്തവണ നിലപാട് മാറ്റാന്‍ ചൈന നിര്‍ബന്ധിതരായത് പാക് ഭീകരതക്കെതിരായ ഇന്ത്യയുടെ നിലപാടിനുള്ള അംഗീകാരമായി. ഒപ്പം പാക്കിസ്ഥാന്റെ ഉറ്റ സുഹൃത്തായ ചൈനക്ക് തിരിച്ചടിയും.
ബ്രിക്സ് രാജ്യങ്ങളിലുള്‍പ്പെടെ ലോകത്തെ എല്ലാ ഭീകരാക്രമണങ്ങളെയും അപലപിക്കുന്നതായി പ്രമേയം വ്യക്തമാക്കുന്നു. എന്തിന്റെ പേരിലായാലും ഭീകരതയെ ന്യായീകരിക്കാനാകില്ല. ഭീകരത പ്രോത്സാഹിപ്പിക്കുന്നവരും പിന്തുണക്കുന്നവരും നടപ്പാക്കുന്നവരും മറുപടി പറയേണ്ടി വരും. താലിബാന്, ഐഎസ് , അല്‍ഖ്വയ്ദ, ഈസ്റ്റേണ്‍ തുര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് മൂവ്മെന്റ്, ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഉസ്ബെക്കിസ്ഥാന്, ഹഖാനി ശൃംഖല, ലഷ്കര്‍ ഇ തൊയ്ബ, ജയ്ഷെ മുഹമ്മദ്, ടിടിപി, ഹിസ്ബ് ഉത് തഹീര്‍ എന്നിവരുടെ അക്രമങ്ങള്‍ ആശങ്ക പരത്തുന്നതായി ചൂണ്ടിക്കാട്ടിയ പ്രമേയം ഭരണകൂടങ്ങള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
പാക് ഭീകരത സമ്മേളനത്തില്‍ ഉന്നയിക്കരുതെന്ന് ചൈന ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാന് ഭീകരത നയമാക്കുന്നതായി അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ നിരന്തരം പരാതിപ്പെടുന്ന സാഹചര്യത്തിലായിരുന്നു ഇത്. പാക്കിസ്ഥാനുമായി ഏറ്റവുമടുത്ത ബന്ധമാണ് ചൈനക്കുള്ളത്. സമ്മേളനത്തിലെ രാഷ്ട്രത്തലവന്മാര് പങ്കെടുത്ത യോഗത്തില്‍ ഭീകരതക്കെതിരെ ഒറ്റക്കെട്ടായി പോരാടേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി മോദി വിശദീകരിച്ചു. ഈ നിലപാടിനോട് മറ്റ് രാഷ്ട്രത്തലവന്മാരും യോജിച്ചു. ഇതോടെയാണ് പ്രമേയത്തില്‍ പതിവുകള്‍ പഴങ്കഥയായത്. ഭീകരത പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ പിന്തുണക്കുന്ന നിലപാടാണ് ചൈന എപ്പോഴും സ്വീകരിച്ചത്. ജയ്ഷെ തലവന്‍ മസൂദ് അസറിനെ ഐക്യരാഷ്ട്ര സഭ ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ നിരവധി തവണ ചൈന എതിര്‍ത്തിരുന്നു.
അമൃത്സറില് നടന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ ഉച്ചകോടിയും പാക് ഭീകരസംഘടനകളെ അപലപിച്ചിരുന്നു. ചൈനയുടെയും പാക് പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു ഇത്. സിന്‍ചിയാങ് മേഖലയില്‍ ചൈനയും അടുത്തിടെയായി ഇസ്ലാമിക ഭീകരത അഭിമുഖീകരിക്കുന്നുണ്ട്. പാക്കിസ്ഥാനില്‍ പരിശീലനം ലഭിച്ച ഭീകരരാണ് ഇവിടെ കുഴപ്പങ്ങളുണ്ടാക്കുന്നത്.
ഇന്ത്യ, ചൈന, ഭൂട്ടാന് അതിര്‍ത്തിയില്‍ നിലവിലെ സ്ഥിതിഗതികള്‍ അട്ടിമറിച്ച് റോഡു പണിയാനുള്ള ചൈനയുടെ നീക്കം ഇന്ത്യ തടഞ്ഞിരുന്നു. തുടര്‍ന്ന് രണ്ട് മാസത്തിലേറെ ദോക്ലാമില്‍ ഇരു രാജ്യങ്ങളുടെയും സൈനികര്‍ മുഖാമുഖം അണിനിരന്നു. ഒടുവില്‍ ഇന്ത്യയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് റോഡ് നിര്‍മ്മാണം അവസാനിപ്പിച്ച് ചൈനക്ക് പിന്മാറേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: