1971 മുതല്‍ ശിവരാമന് ചേട്ടനെ അറിയാം. ആ കാലത്ത് ”ഒരു നോണ്‍ സ്റ്റാര്‍ട്ടര്‍” എന്ന് പ്രതിയോഗികള്‍ വിശേഷിപ്പിച്ചിരുന്ന ഭാരതീയ ജനസംഘതിന്റെ പ്രവര്‍ത്തനവുമായി ഓടി നടന്നിരുന്ന അദ്ദേഹത്തെ ആരും മറക്കില്ല. സ്ഥാനീയ സമിതി അംഗമായി ആളെ ”ഓടിച്ചിട്ടു പിടിക്കേണ്ട കാലമായിരുന്നു അത്. എറണാകുളത്തെ ലഹിതനും (അയ്യപ്പ ഇന്‍ഡസ്ട്രീസ്), ജനസംഘത്തിന്റെ 1974-75കാലത്തെ യുവജന വിഭാഗമായിരുന്ന ഭാരതീയ യുവസംഘത്തിന്റെ സ്വര്‍ഗീയ പ്രഭാകരന് ചേട്ടന് (പിന്നീടു ദേശീയ അധ്യാപക യൂണിയന്റെ പ്രവര്‍ത്തനം നോക്കുന്ന പ്രചാരകന്, അതിനുശേഷം പ്രൊഫസ്സര്‍), തമ്മനം രാമചന്ദ്രന് ചേട്ടന്, സുന്ദരം (പിന്നീടു ജില്ല ജനസംഘം സംഘടന കാര്യദര്‍ശി, അടിയന്തിരാവസ്ഥക്കു ശേഷം ജന്മഭൂമി ഡയറക്ട്ടര്‍, ജനറല്‍ മാനേജര്‍), യജ്ഞരാമന് (ലോ ബുക്ക്സ്റ്റാള്‍ ഉടമ), ആ കാലത്ത് പീ ആന്‍ഡ് ടിയില്‍ ജോലി ചെയ്തിരുന്ന വേദവ്യാസന് എന്നിവരായിരുന്നു അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍.
ഏതാണ്ട് ആ കാലത്ത് തന്നെ എറണാകുളത്തെ കലൂരില്‍ ഒരു സ്ഥാനീയ സമിതി രൂപീകരിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ആ സ്ഥാനീയ സമിതി അന്ന് ഒരു നിസ്സാര കാര്യമായിരുന്നില്ല. 1970-72 കാലത്ത് ജനസംഘം കൊച്ചി സിറ്റി സെക്രട്ടറി ആയിരുന്ന അഡ്വ. കെ. രാംകുമാര്‍ (ഇന്ന് കേരള െൈഹക്കോടതിയിലെ പ്രശസ്ത അഭിഭാഷകന്), ആ കാലത്തെ ജനസംഘത്തിന്റെ യുവജന വിഭാഗമായിരുന്ന ദേശീയ യുവജനവേദി ജില്ലാ സെക്രട്ടറി തമ്മനം രാമചന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ വിജയകരമായ നിരവധി സമരങ്ങള്‍ കൊച്ചിയില്‍ നടന്നിട്ടുണ്ട്. ആ സമരങ്ങളില്‍ ശിവരാമന് ചേട്ടന് മുന്നണി പോരാളിയായി ഉണ്ടായിരുന്നു. അന്നത്തെ കൊച്ചി മേയര്‍ ഏ.ഏ. കൊച്ചുണ്ണി മാസ്റ്റര്‍ക്ക് വേണ്ടി ഒരു ഷെവര്‍ലെ കാര്‍ ഇറക്കുമതിചെയ്യാന്‍ എടുത്ത തീരുമാനത്തിനെതിരെ നടന്നതായിരുന്നു അതില്‍ ഒന്ന്. മറ്റൊന്ന് എറണാകുളത്തെ ഇഎസ്ഐ ആശുപത്രി പിടിച്ചെടുത്തു കൊണ്ടുള്ള സമരമായിരുന്നു. അന്നത്തെ കാലത്ത് ലക്ഷങ്ങള്‍ ചിലവാക്കി പണി തീര്‍ത്ത് വെല്‍ എക്യുപ്പിട് ആയി സജ്ജീകരിച്ച ആശുപത്രി വൈകുന്നേരങ്ങളില്‍ മാത്രം തുറക്കുന്ന ഒരു ക്ലിനിക് മാത്രമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. അതിനെ പൂര്‍ണ്ണമായ ആശുപത്രിയാക്കി തൊഴിലാളികള്‍ക്ക് ഉപയുക്തമാക്കണം എന്നതായിരുന്നു പിടിച്ചെടുക്കല്‍ സമരത്തിന്റെ ഉദ്ദേശ്യം. ജനസംഘം ജനശ്രദ്ധ ആകര്‍ഷിച്ച സമരത്തിലൂടെ ആശുപത്രി ‘പിടിച്ചെടുത്തു’. ഒരാഴ്ചക്കകം അത് മുഴുവന്‍ സൗകര്യമുള്ള ആശുപത്രിയായി. ചുറ്റുമതില്‍ വന്നു. അത് കന്നുകാലി സങ്കേതം അല്ലാതായി.
അടിയന്തിരാവസ്ഥയുടെ ഇരുളടഞ്ഞ നാളുകളില്‍ 1975 നവംബര്‍ 14 മുതല്‍ 1976 ജനുവരി 14 വരെ ലോക സംഘര്‍ഷ സമിതിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടത്തിയ സത്യാഗ്രഹ പരിപാടിയില്‍ ഒരു ബാച്ച്് ലീഡറായി പങ്കെടുക്കാന്‍ ശിവരാമന് ചേട്ടന് തയ്യാറായി. വില്ലിംഗ്ടന്‍ ഐലന്‍ഡില്‍ നിന്ന് ശിവരാമന് ചേട്ടനും സംഘവും എറണാകുളത്തേക്ക് തീവണ്ടി കയറിയപ്പോള്‍ ഞാനും അവരുടെ കൂടെ ഉണ്ടായിരുന്നു. വണ്ടിയില്‍ നിന്ന് തന്നെ അടിയന്തിരാവസ്ഥ വിരുദ്ധ ലഘുലേഖവിതരണം തുടങ്ങണം എന്നതായിരുന്നു നിശ്ചയം. ആ ബാച്ചിലെ ഭൂരിഭാഗം പേരും എറണാകുളത്തെ തമ്മനം ശാഖാ പരിധിയില്‍പ്പെട്ടവരായിരുന്നു. ഞങ്ങള്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി. ശിവരാമന് ചേട്ടനും സംഘവും അടിയന്തിരാവസ്ഥ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി, ലഘുലേഖ വിതരണം ചെയ്തു കൊണ്ട് പ്ലാറ്റ് ഫോമിലൂടെ വടക്കോട്ട് നീങ്ങി. പ്ലാറ്റ്ഫോമില്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്നവര്‍ക്ക് അടിയന്തിരാവസ്ഥ വിരുദ്ധ സത്യാഗ്രഹം എന്നത് സ്വപ്നത്തെക്കാള് അവിശ്വസനീയമായിരുന്നു. ആശങ്കയും ഭയവും നിഴലിച്ച നൂറു കണക്കിന് കണ്ണുകള്‍ അവരെ പിന്തുടര്ന്നു. മുന്‍ നിര്‍ദേശമനുസരിച്ച് ഞാന്‍ ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞു ചേര്‍ന്ന് നിന്നു. പെട്ടെന്ന് പോലീസ് സംഘം പാഞ്ഞു വന്നു. അങ്ങനെ ശിവരാമന് ചേട്ടനും പോലീസ് പിടിയിലായി.
ലീഡര്‍ ഉള്‍പ്പെടെയുള്ള സത്യാഗ്രഹികള്‍ക്ക് മനുഷ്യത്വരഹിതമായ ലോക്കപ്പ് മര്‍ദനം ഏല്‍ക്കേണ്ടി വന്നു. അര്‍ദ്ധരാത്രിക്ക് ശേഷം ലീഡര്‍ ശിവരാമന് ഒഴിച്ചുള്ളവരെയെല്ലാം പോലീസ് കാക്കനാട്ടെ കുന്നിന് മുകളില്‍ കൊണ്ട് പോയി വിട്ടു. അവിടെ നിന്ന് ഇല്ലാത്ത വഴി കണ്ടെത്തി നഗരത്തിലേക്ക് എത്തുന്നത് എളുപ്പമായിരുന്നില്ല. ഇന്നത്തെ തലമുറയ്ക്ക് ഇത് കേട്ടാല്‍ വിശ്വാസം വരാന്‍ ബുദ്ധി മുട്ടുണ്ടാകും. ഇന്നവിടെ കളക്ടറേറ്റും സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡും ഫ്ളാറ്റുകളും ഇന്‍ഫോ പാര്‍ക്കും ഒന്നുമില്ല. നല്ല റോഡുകളും.
നേരം പുലരുമ്പോഴേക്കും അവര്‍ എങ്ങിനെയോ തമ്മനത്ത് ഒത്തു ചേര്‍ന്നു. ഉടനെ അവര്‍ എനിക്ക് ഒരു സുപ്രധാന സന്ദേശം അയച്ചു. അവരെപ്പോലെ ശിവരാമന് ചേട്ടനും അറസ്റ്റു മുതല്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയനാണ്. അദ്ദേഹത്തില്‍ നിന്ന് അവര്‍ക്ക് അറിയേണ്ടത് ലഘുലേഖകളും നിര്‍ദേശങ്ങളും തന്ന ”നേതാവി’നെക്കുറിച്ചാണ്. അവരെ കാക്കനാട്ടേക്ക് കൊണ്ടുപോകുന്നത് വരെ ശിവരാമന് ചേട്ടനില്‍ നിന്ന് ആ വിവരം ചോര്‍ന്നിട്ടില്ല. അതിനു ശേഷം എന്തുണ്ടായി എന്ന് അവര്‍ക്കറിയില്ലല്ലോ? അതിനാല്‍ ”ചേട്ടന് സൂക്ഷിക്കണം” എന്നായിരുന്നു സന്ദേശത്തില്‍. ഭാസ്ക്കര്‍ റാവുജിയെ പോലെ തന്നെ എന്റെ സുരക്ഷയിലും ക്ഷേമത്തിലും അതീവ ശ്രദ്ധാലുവായ കെ.ജി.വേണുവേട്ടന് (അന്നത്തെ എബിവിപി സംസ്ഥാന സംഘടന കാര്യദര്‍ശിയായ പ്രചാരകന്) ആര്. ഹരിയേട്ടനെ വിവരം അറിയിച്ചു. പിന്നീട് എന്നെ അദ്ദേഹത്തിന്റെ അടുക്കല്‍ കൊണ്ട് പോയി. ഹരിയേട്ടന് വിവരങ്ങള്‍ വിശദമായി ചോദിച്ചു. ചില നിര്‍ദേശങ്ങളും പറഞ്ഞു. പക്ഷെ ”ലീഡറുടെ”്യു നാക്കില്‍ നിന്ന് ഒരു രഹസ്യവും പുറത്തു വന്നില്ല. പിന്നീടു ഡിഐആര്‍ പ്രകാരം ശിവരാമന് ചേട്ടന് ജയിലില്‍ അടയ്ക്കപ്പെട്ടു. അന്തരിച്ച പഴയകാല സംഘ-ബിജെപി പ്രവര്ത്തകന് ”ദേശായി” രാമചന്ദ്രന് അദ്ദേഹത്തിന്റെ ജയില്മേറ്റായിരുന്നു. ഈയിടെ അന്തരിച്ച ആര്. രാധാകൃഷ്ണ ഭട്ട്ജി നയിച്ചിരുന്ന വിവേകാനന്ദ ധര്‍മ്മ പ്രചാരണ സംഘത്തിന്റെ പ്രവര്‍ത്തനത്തിലും ശിവരാമന് ചേട്ടന് സജീവമായി പ്രവര്‍ത്തിച്ചു. അതിന്റെ അദ്ധ്യക്ഷനുമായി.
പാവപ്പെട്ടവര്‍ക്ക് വീട് വെച്ച് കൊടുക്കല്‍, സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനം, ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം, പാവപ്പെട്ടവര്‍ക്ക് വൈദ്യസഹായം എന്നിവയായിരുന്നു സേവനങ്ങള്‍. പടിപടിയായി അദ്ദേഹത്തെ രാജനൈതിക രംഗത്ത് കാണാതായി. അദ്ദേഹത്തിന്റെ മകളുടെയും കുടുംബത്തിന്റെയും ദുഃഖം മുഴുവന്‍ സംഘപ്രസ്ഥാനങ്ങളുടെയും ദുഖമാണ്. ശിവരാമന് ചേട്ടന് ശതകോടി പ്രണാമങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: