കൊളംബോ: ശ്രീലങ്കക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ തൂത്തുവാരിയതിനു പിന്നാലെ ട്വന്റിയും സ്വന്തമാക്കാന്‍ ടീം ഇന്ത്യ ഇന്ന് കളത്തില്‍. ഇന്ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഏക ട്വന്റി 20 മത്സരം.
മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും തൂത്തുവാരിയ ടീം ഇന്ത്യയുടെ ഇനിയുള്ള ലക്ഷ്യം പരമ്പരയിലെ സമ്പൂര്‍ണ്ണ ‘വൈറ്റ്വാഷ്’. ക്യാപ്റ്റന്‍ കോഹ്ലി നയിക്കുന്ന ഇന്ത്യന്‍ ടീം തന്നെ എതിരാളികളേക്കാള്‍ കരുത്തര്‍. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, മനീഷ് പാണ്ഡ്യ, രഹാനെ, കെ.എല്‍. രാഹുല്‍, മഹേന്ദ്രസിങ് ധോണി എന്നിവരടങ്ങുന്ന ബാറ്റിങ്ങ് നിരയും ഭുവനേശ്വര്‍ കുമാര്‍, ബുംറ, ഹാര്‍ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍ എന്നിവരടങ്ങുന്ന ബാറ്റിങ് നിരയും തികച്ചും സന്തുലിതം. എല്ലാവരും മികച്ച േഫാമിലാണെന്നതും ഇന്ത്യക്ക് മത്സരത്തില്‍ മുന്‍തൂക്കം നല്കുന്നു.
മറുവശത്ത് ടെസ്റ്റ്, ഏകദിന മത്സരങ്ങളില്‍ നാണം കെട്ട പ്രകടനം നടത്തേണ്ടിവന്ന ലങ്കയ്ക്ക് ഇന്ന് ജീവന്മരണപോരാട്ടമാണ്. സമ്പൂര്‍ണ്ണ തോല്‍വി എന്ന നാണക്കേടില്‍ നിന്ന് രക്ഷപ്പെടാന്‍ ട്വന്റി 20യെങ്കിലും അവര്‍ക്ക് ജയിച്ചേ പറ്റൂ. ഉപുല്‍ തരംഗ നായകനായ ടീമില്‍ നിരവധി ഓള് റൗണ്ടര്മാരാണുള്ളത്. കപുഗേദര, ധനഞ്ജയ, ഗുണതിലകെ, മുന്‍ നായകന് ആഞ്ചലോ മാത്യൂസ്, തീസര പെരേര, സിരിവര്‍ദ്ധന എന്നിവര്‍ മികച്ച താരങ്ങളാണ്.
മലിംഗ നെടുനായകത്വം വഹിക്കുന്ന മികച്ച ബൗളര്‍മാരും ടീമിലുണ്ട്. എന്തായാലും സമ്പൂര്‍ണ്ണ തോല്‍വി ഒഴിവാക്കാന്‍ ലങ്കയും വൈറ്റ് വാഷിന് കച്ചമുറുക്കി ഇന്ത്യയും കളത്തിലെത്തുമ്പോള്‍ പോരാട്ടം ആവേശകരമാകുമെന്ന് കരുതാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: