കോഴിക്കോട്: ഉത്രാടപ്പാച്ചിലിന്റെ തിരക്കില്‍ നാടും നഗരവും. തിരുവോണം ഒരുക്കാനുള്ള അവസാനവട്ട ഓട്ടം. ഓണക്കോടി വാങ്ങാനും സദ്യയൊരുക്കാനുള്ള പച്ചക്കറികള്‍ വാങ്ങാനും ആളുകള്‍ നഗരത്തിലേക്ക് ഒഴുകിയെത്തി. സമീപജില്ലകളില്‍ നിന്നുള്ളവരും നഗരത്തിലെത്തി. തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കം. ഒരു നിമിഷം പോലും വെറുതെ കളയാനില്ല.
നാലു മണി പൂവെ… നാലു മണി പൂവെ…,
മിഠായിത്തെരുവിലെ സിഡി കടയില്‍ നിന്ന് നാലു മണി പൂവെ… നാലു മണി പൂവെ…, എന്ന പാട്ട് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്നാല്‍ അതുകേട്ട് നില്ക്കാന് നേരമില്ല. ചുരുങ്ങിയ സമയത്തിനുള്ളില്‍ വാങ്ങാനുള്ളതെല്ലാം വാങ്ങണം. മിഠായിത്തെരുവിനകത്ത് എത്തിപ്പെടാന്‍ തന്നെ പെടാപ്പാട്. കാലുകുത്താന്‍ ഇഞ്ച് സ്ഥലമില്ല, അത്ര തിരക്കാണ്. അതിനിടയില്‍ ആര് പാട്ടുകേള്‍ക്കാന്‍. എന്നാല്‍ പാട്ടിനെ സ്നേഹിക്കുന്ന കുറച്ചു പേരെങ്കിലും പുതിയതായി ഇറങ്ങിയ ഓണപ്പാട്ടുകളെക്കുറിച്ച് അന്വേഷിക്കുകയും സിഡികള്‍ വാങ്ങുകയും ചെയ്യുന്നുണ്ട്.
പൊടി പൊടിച്ച്
തെരുവുകച്ചവടം
മിഠായിത്തെരുവിനകത്തെ കടകളിലെല്ലാം നല്ല തിരക്കായിരുന്നു. നഗരത്തിലെ ഒട്ടുമിക്ക തുണിക്കടകളിലും ഇതുതന്നെയായിരുന്നു അവസ്ഥ. മഴ മാറിനിന്നതിനാല്‍ തെരുവുകച്ചവടവും പൊടി പൊടിച്ചു. തോര്‍ത്ത് മുതല്‍ കിടക്കവിരിവരെയുള്ളതെല്ലാം തെരുവുകച്ചവടക്കാര്‍ വില്പനയ്ക്കെത്തിച്ചിരുന്നു. മാനാഞ്ചിറ മൈതാനത്തിന്റെ പരിസരവും മിഠായിത്തെരുവും ചുറ്റുപാടുമുള്ള പ്രദേശങ്ങളായിരുന്നു പതിവുപോലെ തെരുവുകച്ചവടക്കാരുടെ കേന്ദ്രങ്ങള്‍. കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭിക്കുമെന്നതിനാല്‍ തെരുവുകച്ചവടക്കാര്‍ക്ക് ചുറ്റും ആളുകളായിരുന്നു. ഓണത്തോടനുബന്ധിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വില്പനമേളകളിലും നല്ല തിരക്കായിരുന്നു.
രാജാവായി പയര്‍
പച്ചക്കറിയും മറ്റു സാധനങ്ങളും വാങ്ങുന്നതിനായി പാളയം മാര്‍ക്കറ്റിലേക്ക് ആളുകള്‍ ഒഴുകിയെത്തി. ഒരു കിലോ പയറിന് 300 രൂപയായിരുന്നു വില. തക്കാളിക്ക് 30, ബീന്‍സ് 100, പച്ചക്കായ 80 എന്നിങ്ങനെ. പച്ചക്കറിയിനങ്ങള്‍ക്ക് വില കൂടിയതിനാല്‍ കൈയിലുള്ള ലിസ്റ്റിലെ സാധനങ്ങളുടെ അളവ് കുറച്ച് സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്നു മിക്കവരും. വാഹനങ്ങളുടെ തിരക്കുകാരണം പാളയത്ത് പലസമയത്തും ഗതാഗതകുരുക്കുമുണ്ടായി.
കായവറുത്തതിന് ഡിമാന്റ്
ബേക്കറികളിലും മറ്റു പലഹാരനിര്‍മ്മാണ കേന്ദ്രങ്ങളിലും തിരക്കിന് കുറവുണ്ടായിരുന്നില്ല. കായവറുത്തത്, ശര്‍ക്കര ഉപ്പേരി എന്നിവയ്ക്കായിരുന്നു ഡിമാന്റ് കൂടുതല്‍. ഈ ഇനങ്ങള്‍ക്കാകട്ടെ വിലയും കൂടുതല്‍ ആയിരുന്നു.
ഇലയിട്ട് സദ്യവിളമ്പി ഹോട്ടലുകള്‍
ഹോട്ടലുകള്‍ ഇലയിട്ട് ഉത്രാട സദ്യവിളമ്പി. ഉപ്പു മുതല്‍ കര്‍പ്പൂരം വരെയുള്ള വിഭവങ്ങള്‍ സദ്യയില്‍ നിരന്നു. 150 രൂപ മുതല്‍ മുകളിലോട്ടായിരുന്നു വിവിധ ഹോട്ടലുകള്‍ ഓണസദ്യക്കായി ഈടാക്കിയത്. ഓണസദ്യയും പായസവും വീട്ടിലെത്തിച്ച് നല്‍കാനുള്ള സൗകര്യവും ഹോട്ടലുകാര്‍ ഒരുക്കി. തിരക്കുപിടിച്ച നഗരജീവിതത്തിനിടയില്‍ ഇതു പലര്‍ക്കും ഉപകാരമായി.
പൂക്കള്‍ക്ക് പൊന്നുംവില
പൂക്കളം തീര്‍ക്കാന്‍ അതി ര്‍ത്തി കടന്നെത്തിയ ചെട്ടി ക്കും ജമന്തിക്കുമെല്ലാം ഇന്നലെ പൊന്നും വിലയായിരുന്നു. 40 മുതല്‍ 150 രൂപവരെയായിരുന്നു വിവിധ പൂക്കള്‍ക്ക് അത്തം നാളിലെ വിലയെങ്കില്‍ ഇന്നലെയത് 100 മുതല്‍ 300 രൂപവരെയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: