മണിമല: കാര്‍ഷിക മലയോരമേഖലയുടെ വികസന സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ പുതുചരിത്രം രചിച്ച കാഞ്ഞിരപ്പള്ളിയുടെ കണ്ണന്താനത്തിന് കേന്ദ്രമന്ത്രി പദം ഈശ്വരനിയോഗമെന്ന് അമ്മ ബ്രിജിത്ത് പറഞ്ഞു. അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ആഘോഷമാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ജന്മനാടായ മണിമല ഗ്രാമം.
സാധാരണക്കാരനില്‍ സാധാരണക്കാരനായ അല്‍ഫോന്‍സ് കേന്ദ്രമന്ത്രിയാകുന്നതില്‍ നാട്ടുകാര്‍ അതീവ സന്തോഷത്തിലാണ്. മണിമലയിലെ വീട്ടില്‍ അല്‍ഫോന്‍സിന്റെ അമ്മ ബ്രിജിത്താമ്മക്കൊപ്പമാണ് ബിജെപി പ്രവര്‍ത്തകര്‍ ആഹ്ളാദം പങ്കിട്ടത്. സന്തോഷവാര്‍ത്തയറിഞ്ഞ് രാവിലെ തന്നെ നാടുമുഴുവന്‍ മണിമലയിലെ വീട്ടിലെത്തിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാന്‍ അമ്മയോടൊപ്പം ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ്, നിയോജകമണ്ഡലം പ്രസിഡന്റ് വി.എന്‍ മനോജ്, ജില്ലാ ട്രഷറര്‍ കെ.ജി കണ്ണന്, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജി. ഹരിലാല്‍, സംസ്ഥാന കമ്മറ്റിയംഗം അഡ്വ. നോബിള്‍ മാത്യു, ബിജെപി ജനറല്‍ സെക്രട്ടറിമാര്‍, സണ്ണി മണിമല എന്നിവര്‍ എത്തിയിരുന്നു. സത്യപാല്സിംഗിന് പിന്നാലെ സത്യപ്രതിജ്ഞ ചെയ്യാന്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പേര് വിളിച്ചതുമുതല്‍ നിലയ്ക്കാത്ത കയ്യടിയും ആരവങ്ങളും മുഴങ്ങി.
സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കിടെ അമ്മ ബ്രിജിത്തിന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു. അമ്മ എന്ന നിലയില്‍ തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണിതെന്നായിരുന്നു അവരുടെ പ്രതികരണം. വീട്ടിലും നാട്ടിലും മധുര പലഹാര വിതരണവും നടത്തി. മണിമല ടൗണില്‍ നടത്തിയ പ്രകടനത്തില്‍ നിരവധി പേര് പങ്കെടുത്തു.
ജീവിതത്തിലെ എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ സാധാരക്കാരുടെ ഇടയിലേക്കിറങ്ങിയ അല്‍ഫോണ്‍സ് കണ്ണന്താനം എന്ന മണിമലക്കാരന്റെ സ്വപനം നാടിന്റെ വികസനത്തിന് വഴിതെളിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി മിനി സിവില്‍ സര്‍വ്വീസ് സ്റ്റേഷന് കെട്ടിടം നിര്‍മ്മാണത്തിലൂടെ ചരിത്രം സൃഷ്ടിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടി. 2008 ഒക്ടോബര്‍ 11ന് പണി തുടങ്ങിയ അഞ്ച് നില കെട്ടിടം 450 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി 2009 ഡിസംബര്‍ 27 ല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: