ന്യൂദല്‍ഹി: ഭരണപരിചയത്തിന് ഊന്നല്‍ നല്കി മോദി സര്‍ക്കാരിലെ മൂന്നാമത്തെ മന്ത്രിസഭാ പുനഃസംഘടന. രാഷ്ട്രീയരംഗത്തും ഉദ്യോഗസ്ഥ രംഗത്തും കഴിവ് തെളിയിച്ച അനുഭവസമ്പന്നരാണ് പുതുതായി മന്ത്രിസഭയിലെത്തിയവര്‍. ഒമ്പത് പുതുമുഖങ്ങളില്‍ നാല് പേര് മുന്‍ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരാണ്. പൊതുപ്രവര്‍ത്തന രംഗത്ത് ദീര്‍ഘകാലത്തെ പരിചയമുള്ളവരാണ് മറ്റ് മന്ത്രിമാര്‍. ഭരണനിര്‍വ്വഹണം കൂടുതല്‍ ശക്തമാക്കുകയാണ് പുനഃസംഘടനയിലൂടെ മോദി ലക്ഷ്യമിട്ടത്.
മലയാളിയായ അല്‍ഫോണ്‍സ് കണ്ണന്താനം, ഹര്‍ദീപ് സിങ് പുരി, സത്യപാല്‍ സിങ്, രാജ്കുമാര് സിങ് എന്നിവര്‍ ഉദ്യോഗസ്ഥ മേഖലയിലെ എക്കാലത്തെയും മാതൃകകളാണ്. 1979 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഓഫീസറായ കണ്ണന്താനം ദല്‍ഹി വികസന അതോറിറ്റി കമ്മീഷണറായിരിക്കെ അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടത്തിയ പോരാട്ടം രാജ്യത്തെ അമ്പരപ്പിച്ചിരുന്നു. 15,000 അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചടുക്കിയ അദ്ദേഹത്തിന് ‘ഡിമോളിഷന്‍ മാന്‍’ എന്ന വിശേഷണവും ലഭിച്ചു.
1974 ബാച്ച് ഐഎഫ്എസ് ഓഫീസറാണ് ഹര്‍ദീപ് സിങ് പുരി. ദേശീയ സുരക്ഷ, വിദേശ നയം എന്നിവയില്‍ അഗ്രഗണ്യന്‍. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ പീസ് ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് പ്രസിഡണ്ടായിരുന്നു. നാല് പതിറ്റാണ്ടോളം നയതന്ത്ര മേഖലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഐക്യരാഷ്ട്രസഭയിലെ കൗണ്ടര്‍ ടെററിസം കമ്മറ്റിയുടെ ചെയന്‍മാനും സെക്യൂരിറ്റി കൗണ്‍സില്‍ അധ്യക്ഷനുമായിരുന്നു. ബ്രസീല്‍, യുകെ അംബാസഡറായും പ്രവര്‍ത്തിച്ചു.
യുപിയില്‍ നിന്നുള്ള ലോക്സഭാംഗമായ സത്യപാല്‍ സിങ് 1980 മഹാരാഷ്ട്ര കേഡര്‍ ഐപിഎസ് ഓഫീസറാണ്. നക്സല്‍ ബാധിത മേഖലയിലെ അസാധാരണ സേവനത്തിന് പ്രത്യേക സര്‍വ്വീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. മുംബൈ, പൂനെ, നാഗ്പൂര്‍ കമ്മീഷണറായിരിക്കെ മാഫിയാ സംഘത്തെ അടിച്ചമര്‍ത്തി പേരെടുത്തു. ബിഹാറില്‍ നിന്നുള്ള ലോക്സഭാഗമായ രാജ്കുമാര് സിങ് 1975 ബാച്ച് ബിഹാര്‍ കേഡര്‍ ഐഎഎസ് ഓഫീസറും മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമാണ്. ആഭ്യന്തര, പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട നിരവധി ചുമതലകള്‍ വഹിച്ചു. പോലീസിലെ ആധുനികവത്കരണം, ജയില്‍ പരിഷ്കാരങ്ങള്‍, ദുരന്തനിവാരണം എന്നിവ പ്രധാനപ്പെട്ട മേഖലയാണ്.
1970കളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ശിവ് പ്രതാപ് ശുക്ല യുപിയില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. നാല് തവണ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു. എട്ട് വര്‍ഷം സംസ്ഥാന മന്ത്രി. ഗ്രാമ വികസനം, വിദ്യാഭ്യാസം, ജയില്‍ പരിഷ്കരണം എന്നിവയില്‍ മികവ് തെളിയിച്ചു. നിയമബിരുദധാരിയാണ്. ബിഹാറിലെ ബുക്സറില്‍ നിന്നുള്ള ലോക്സഭാംഗമായ അശ്വിനി കുമാര്‍ ചൗബെ കേന്ദ്ര സില്‍ക്ക് ബോര്‍ഡ് അംഗമാണ്. അഞ്ച് തവണ ബിഹാര്‍ നിയമസഭാംഗമായിരുന്നു. എട്ട് വര്‍ഷത്തോളം മന്ത്രിയായിരുന്ന അദ്ദേഹം ആരോഗ്യം, നഗരവികസനം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. ഇന്ദിരാ ഭരണത്തിനെതിരായ ജയപ്രകാശ് നാരായണന്റെ പ്രക്ഷോഭത്തില്‍ പ്രധാന പങ്ക് വഹിച്ചു. അടിയന്തരാവസ്ഥാ കാലത്ത് ഭരണകൂടം ജയിലിലടച്ചു.
മധ്യപ്രദേശില്‍ നിന്നുള്ള ലോക്സഭാംഗമാണ് വിരേന്ദ്ര കുമാര്‍. പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ആറാം തവണ. ദേശീയ സാമൂഹ്യ സുരക്ഷാ ബോര്‍ഡ് അംഗം, തൊഴിലിനായുള്ള പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്, ജോയിന്റ് കമ്മറ്റി ഓണ്‍ ഓഫീസ് ഓഫ് പ്രൊഫിറ്റ് ചെയര്മാന്, പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസനം തുടങ്ങി നിരവധി പാര്‍ലമെന്ററി സമിതികളില്‍ അംഗം. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. ബാലവേലയില്‍ പിഎച്ച്ഡി. കര്‍ണാടകയില്‍ നിന്നുള്ള ലോക്സഭാംഗമായ അനന്തകുമാര്‍ ഹെഗ്ഡെ 28-ാം വയസ്സിലാണ് ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
അഞ്ച് തവണ ലോക്സഭാംഗമായി. ഗ്രാമീണ വികസനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന കഡംബയുടെ സ്ഥാപക പ്രസിഡണ്ടാണ്. രാജസ്ഥാനില്‍ നിന്നുള്ള ലോക്സഭാംഗമായ ഗജേന്ദ്രസിംഗ് ഷെഖാവത്തിന്റെ ഇഷ്ടമേഖലകള്‍ കൃഷിയും കായികവുമാണ്. മുന്‍ ബാസ്ക്കറ്റ് ബോള്‍ താരമാണ്. ബാസ്ക്കറ്റ് ബോള്‍ ഇന്ത്യ പ്ലയേഴ്സ് അസോസിയേഷന് പ്രസിഡണ്ടായി പ്രവര്‍ത്തിക്കുന്നു. ഫിലോസഫിയില്‍ എംഫില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: