അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നടപ്പന്തലില്‍ കട പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമം. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെ ആയിരുന്നു സംഭവം. കുപ്പിയില്‍ പെട്രോള്‍ പോലുള്ള ദ്രാവകം നിറച്ച് തീ കൊടുത്ത ശേഷം കടയ്ക്കുള്ളിലേയ്ക്ക് എറിയുകയായിരുന്നു.
ക്ഷേത്രനടപ്പന്തലില്‍ പ്രവര്‍ത്തിക്കുന്ന വിഗ്രഹങ്ങളും സ്റ്റേഷനറി സാധനങ്ങളും വില്‍ക്കുന്ന സോപാനം എന്ന സ്ഥാപനത്തിനു നേരേ ആണ് അക്രമം ഉണ്ടായത്. ഈ സമയം സ്ഥാപന ഉടമ കരുമാടി പുറനാട്ട് വീട്ടില്‍ മനുവിന്റെ അച്ചന് മധുസൂധനന് പിള്ളയായിരുന്നു കടയില്‍ ഉണ്ടായിരുന്നത്.
കടയ്ക്കു വെളിയിലെ വരാന്തയില്‍ ഉഗ്രശബ്ദം കേട്ട് മധുസൂധനന് പിള്ള ഇറങ്ങി നോക്കിയപ്പോള്‍ ഇവിടെയിരുന്ന കൃഷ്ണ വിഗ്രഹങ്ങളില്‍ തീ പടര്‍ന്നു പിടിക്കുന്നതായിരുന്നു. ഉടന്‍ തന്നെ വെള്ളം ഒഴിച്ച് തീ അണയ്ക്കുകയും മറ്റ് സ്ഥാപന ഉടമകളെ വിവരം അറിയിക്കുകയുമായിരുന്നു. ഉച്ചസമയം ആയതിനാല്‍ ഈ സമയം നടപന്തലില്‍ ആരും ഉണ്ടായിരുന്നില്ല. ഇക്കാരണത്താല്‍ ഇതാരാണ് ചെയ്തതെന്ന് ആര്‍ക്കും കാണുവാനും കഴിഞ്ഞില്ല എന്ന് സ്ഥാപന ഉടമകള്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് നടത്തിയ തെരച്ചിലില്‍ ദ്രാവകം നിറച്ച കുപ്പി കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: