തിരുവിതാംകൂര്‍ സിസ്റ്റേഴ്സിലെ ലളിതയും പത്മിനിയും മിസ്സ്. കുമാരിയും ആറന്മുള പൊന്നമ്മയും തങ്കമ്മ, കമലം, തങ്കം തുടങ്ങിയവരുമായിരുന്നു അഭിനേത്രികള്‍. കെ. ആര്. രാമസ്വാമി, ദൊരസ്വാമി, എം. എന്‍. നമ്പ്യാര്‍, എന്‍. എസ്. നാരായണപിള്ള, ദൊരരാജ്, പി.എ. തോമസ് തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍. ഇവരില്‍ കെ. ആര്. രാമസ്വാമി അക്കാലത്തെ തമിഴിലെ പേരുകേട്ട നടനും സംവിധായകനും ഗായകനും ചലച്ചിത്ര കഥാകാരനുമായിരുന്നു. മലയാളത്തില്‍ കാഞ്ചനയില്‍ മാത്രമാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളതെന്ന് തോന്നുന്നു. ചെട്ടിയാര്‍ സമൂഹധാരയില്പ്പെട്ട രാമസ്വാമി കുംഭകോണം സ്വദേശിയായിരുന്നു. നാടക രംഗത്തു സജീവമായിരുന്ന ഇദ്ദേഹം സ്വന്തമായി ട്രൂപ്പ് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധനാടകം വേലക്കാരി ചലച്ചിത്രമാക്കിയപ്പോള്‍ രാമസ്വാമി തന്നെയാണ് നായകനായത്, മേനക ആയിരുന്നു ആദ്യ ചിത്രം. നൂറ്റന്പതോളം തമിഴ് ചിത്രങ്ങളില്‍ രാമസ്വാമി അഭിനയിച്ചു. അതില്‍ സിംഹഭാഗത്തിനും സംഭാഷണവും ഗാനങ്ങളും എഴുതി. കാഞ്ചനയിലെ മറ്റൊരു നടന് നാഗര്‍കോവില്‍ സ്വദേശിയായ എന്‍. എസ്. നാരായണപിള്ള തമിഴില്‍ അന്ന് അറിയപ്പെടുന്ന സ്വഭാവനടന്മാരിലൊരാളായിരുന്നു. അറുപതോളം തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ശുദ്ധാത്മാവായ മാത്തൂര്‍ ജമീന്ദാര് പുഷ്പനാഥനെ (കെ. ആര്. രാമസ്വാമി) സഹപാഠിയായ മനോഹര്‍ ഒരു മില്ലു തുടങ്ങുവാന്‍ പ്രേരിപ്പിച്ച് ആ മറവില്‍ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നതാണ് ‘കാഞ്ചന’ കഥയുടെ പശ്ചാത്തലപരിവൃത്തം. ഭാനുമതി (പത്മിനി) എന്ന വേശ്യയെ പുഷ്പനാഥിന് പരിചയപ്പെടുത്തി കൊടുത്തതും അയാള്‍ തന്നെ. ഭാനുവുമൊത്തുള്ള വേഴ്ച തുടരുന്നതിനിടയില്‍ തന്റെ കണക്കപ്പിള്ളയുടെ പൗത്രി കാഞ്ചനയെ (ലളിത)കാണുന്ന പുഷ്പനാഥന്‍ അവളില്‍ അക്ഷണം ഭ്രമിക്കുന്നു. അഭ്യസ്തവിദ്യയും കുലീനയുമായ ഡോ. സീത (മിസ്സ്. കുമാരി)യുടെ വിവാഹാലോചന അയാള്‍ മുന്‍പിന്‍ നോക്കാതെ നിരസിക്കുന്നു. ഭാനുമതിയുമായുള്ള ബന്ധം വിച്ഛേദിക്കാതെ കാഞ്ചനയെ വിവാഹം കഴിക്കുന്ന പുഷ്പനാഥന്‍ പക്ഷെ അവളുടെ വീട്ടുകാരോടു നിന്ദാപൂര്വമാണു പെരുമാറുന്നത്. ഇതിനിടയില്‍ ഡോ. സീത വീട്ടില്‍ വിരുന്നുവന്നപ്പോള്‍ അവളെ നേരില്‍ കണ്ട പുഷ്പനാഥന്‍ അവളോടും ഒരു കൗതുകം! കഥയുടെ നട്ടെല്ലായ പുഷ്പനാഥന്റെ പാത്രസൃഷ്ടിയിലെ വൈകല്യം ചിത്രത്തില്‍ വല്ലാതെ മുഴച്ചുനിന്നു.
കാഞ്ചനയോടകന്നുപോകുന്ന പുഷ്പനാഥന്‍ ഭാനുമതിയോടു കൂടുതലടുക്കുന്നു. പുഷ്പനാഥനോടുള്ള സ്നേഹാദരവിന്റെ പേരില്‍ പെറ്റമ്മ കുലത്തൊഴില്‍ തുടരുവാന്‍ നിര്ബന്ധിക്കുമ്പോഴും അതിനു കാതോര്‍ക്കാതെ പുഷ്പനാഥനെ പരിചരിക്കുന്നതില്‍ സായുജ്യമടയുന്ന ഭാനുമതിയുടെ കഥാപാത്രത്തിനാണ് കൂടുതല്‍ വ്യക്തിത്വം. കാഞ്ചനയില്‍ നിന്നും പുഷ്പനാഥന്‍ അകന്നപ്പോള്‍ കാഞ്ചന പ്രസവിച്ച് മകന് മോഹനനെ സ്വന്തം കുഞ്ഞിനെപ്പോലെ ഓമനിച്ചു വളര്‍ത്തുന്നുണ്ട് ഭാനു. കൈവിട്ട ജീവിതം പുഷ്പനാഥനെ കടക്കാരനാക്കിയപ്പോള്‍ തന്റെ സമ്പാദ്യമത്രയും അയാള്‍ക്കു നല്‍കുവാനവള്‍ തയ്യാറാകുന്നു. പക്ഷെ അയാളതു നിരസിക്കുന്നത് അവള്ക്കാഘാതമായി. അവളതത്രയും മോഹനന്റെ പേര്ക്കെഴുതിവച്ചു.
ഡോ. സീതയുടെ മാല കാണാതാകുമ്പോള്‍ വിശ്വസ്ത ഭൃത്യയായ കണ്ണമ്മയെ പുഷ്പനാഥന്‍ ചാട്ടവാര്‍കൊണ്ടടിക്കുന്നു. അതുകണ്ട് സഹിക്കാതെ സിംഹിയെപ്പോലെ ഇടയില്‍ക്കയറി തടുക്കുന്ന കാഞ്ചന ഭര്‍തൃഗൃഹത്തില്‍നിന്നും പരിത്യക്തയാകുമ്പോള് അഭയം തേടുന്നതു കണ്ണമ്മയുടെ കുടിലിലാണ്. വിചിത്രമായ കഥ അതിവിചിത്രമായ മുഹൂര്‍ത്തങ്ങളിലൂടെ ചുരുള്‍ നിവരുന്നു എന്നേ കഥാബാക്കിയെക്കുറിച്ചു പറയുവാനാകൂ.
പുഷ്പനാഥന്റെ അമ്മയായഭിനയിച്ചത് ആറന്മുള പൊന്നമ്മയാണ്. കാഞ്ചനയുടെ മുത്തച്ഛനും ജമീന്ദാറുടെ കണക്കപ്പിള്ളയുമായ കാരണവരുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ദൊരസ്വാമിയാണ് കാഞ്ചനയില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ചതെന്നാണ് സിനിക്കിന്റെ നിരീക്ഷണം. കെ. ആര്. രാമസ്വാമിയുടെ അഭിനയത്തെ ‘നിസ്തേജസ്ത’മായും അദ്ദേഹം കാണുന്നു. എം. എന്‍. നമ്പ്യാരുടെ കണ്ണുരുട്ടി കോപ്പിരാട്ടികള്‍ അരോചകമായും…
അടുത്തലക്കം: ചിറയിന്‍കീഴില്‍ നിന്നുള്ള താരോദയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: