പരപ്പനങ്ങാടി: പദ്ധതി നിര്‍വഹണവും സ്റ്റാന്റിംങ് കമ്മറ്റി തീരുമാനങ്ങളും കടലാസില്‍ മാത്രമൊതുങ്ങുമ്പോള്‍ ഭരണനിര്‍വഹണത്തില്‍ നിലവിലെ ഭരണസമിതി പൂര്‍ണ പരാജയമെന്നാരോപിച്ച് ബിജെപിയുടെ നാല് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷ മുന്നണിയും പ്രതിഷേധിച്ച് കൗണ്‍സില്‍ വിട്ടിറങ്ങിയതോടെ നഗരസഭ കൗണ്‍സില്‍ മാറ്റിവെക്കേണ്ടതായി വന്നു.
കഴിഞ്ഞ 22ന് നിര്‍വ്വഹണ സമിതി യോഗത്തിലും ബിജെപി അംഗങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ചേരിതിരിവുകളുണ്ടാക്കി വികസനത്തെ പിന്നോട്ടടിക്കുന്ന ഭരണ-പ്രതിപക്ഷ നിലപാടുകള്‍ വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് പോലും ആനുകുല്യങ്ങള്‍ നിഷേധിക്കപ്പെടുകയാണ്.ഈ സാഹചര്യത്തില്‍ ബിജെപിക്ക് കൈയുംകെട്ടി നോക്കി നില്‍ക്കാനാകില്ലെന്ന് ബിജെപി മുന്‍സിപ്പല്‍ കമ്മറ്റി വ്യക്തമാക്കി. ജനങ്ങളുടെ വികസന പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്ന മുന്നണി രാഷ്ട്രീയം മനംമടുപ്പിക്കുന്നതായി ബിജെപി കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ജനപക്ഷ വികസനത്തിനായി വരും നാളുകളില്‍ ബിജെപി സമരരംഗത്തിറങ്ങും.
കഴിഞ്ഞ വെള്ളിയാഴ്ച ജനകീയ വികസന മുന്നണി നഗരസഭാ കാര്യാലയത്തിനു മുന്നില്‍ നടത്തിയ പ്രതിഷേധവും നിലവിലെ ഭരണസമിതിക്കാരായ പരപ്പനങ്ങാടിയിലെ യുഡിഎഫ് പ്രതിനിധികള്‍ കോഴിക്കോട് നഗരവികസന വകുപ്പിന്റെ റീജണല്‍ ഡയറക്ടറുടെ ഓഫീസില്‍ നടത്തിയ സമരവും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനാണെന്ന് ബിജെപി കുറ്റപ്പെടുത്തി. മുന്‍സിപ്പല്‍ സ്റ്റാഫിന്റെ പുനര്‍വിന്യാസം പോലും പരപ്പനങ്ങാടി നഗരസഭയില്‍ ഇതുവരെയും നടപ്പിലായിട്ടില്ല.
ഭരണ സമിതി നിലവില്‍ വന്നിട്ട് രണ്ട് വര്‍ഷമായിട്ടും പരപ്പനങ്ങാടിക്ക് അടിസ്ഥാന സൗകര്യങ്ങള്‍ അകലെയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉടലെടുത്ത ഭരണ-പ്രതിപക്ഷങ്ങളുടെ ചക്കളത്തിപ്പോരാട്ടം തുടരുകയാണെങ്കില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
നഗരസഭാ കൗണ്‍സില്‍ നിര്‍ത്തിവെച്ചതിനു ശേഷം ബിജെപി പ്രവര്‍ത്തകര്‍ പരപ്പനങ്ങാടിയില്‍ പ്രകടനം നടത്തി കെ.പി.വത്സരാജ്, തറയില്‍ ശ്രീധരന്, പി.വി.തുളസിദാസ്, കെ.ഉണ്ണികൃഷ്ണന്, കെ.ഷൈജു, പാലക്കല്‍ ഉഷ, അംബിക മോഹന്‍രാജ്, ഷാജി ഉള്ളേരി, ബാബു പരിയാപുരം, സുനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: