എത്ര വികസനമെന്നും പുരോഗതിയെന്നും പറഞ്ഞാലും കേരളത്തിലെ സര്‍ക്കാര്‍ ബസ് സ്റ്റാന്റുകളുടെ പരിസരം നേരെ ചൊവ്വേ ആകില്ല.
പതിറ്റാണ്ടുകള്ക്കുമുന്പുള്ള വൃത്തികേടില്‍ തന്നെയാണ് ഇത്തരം പരിസരങ്ങള്‍ ഇപ്പോഴും. ഇടിഞ്ഞുപൊളിഞ്ഞു കാടുകയറിയ കെട്ടിടങ്ങളും മലിനജലം കെട്ടിക്കിടക്കുന്ന വഴികളും മലമൂത്ര വിസര്ജനംപേറുന്ന മുക്കും മൂലയും വെളിച്ചമില്ലായ്മയും കൊണ്ട് കേരളത്തിലെ ഏതാണ്ടെല്ലാ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റുകളും ഒരുപോലെയാണ്.
ശുചി മുറികളുടെ കാര്യമാണ് കഷ്ടം. ഉണ്ടെങ്കില്‍തന്നെ അങ്ങോട്ടു കയറാനാവാത്തവിധം വൃത്തിഹീനമായിരിക്കും. പരിസരത്തെ ചായക്കടകളും ലഘുപാനീയ കടകളും മിക്കവാറും വൃത്തിയില്ലായ്മയുടെ മാതൃകകളാണ്. ഇത്തരം ഭോജനശാലകള്‍ക്ക് നിര്‍ബന്ധമായും വൃത്തിയുണ്ടാകാന്പാടില്ലായെന്നു നിയമമുള്ളതുപോലെയാണ് പലരും ഇതു നടത്തുന്നത്. മദ്യം, മയക്കുമരുന്ന്, മോഷണം, പിടിച്ചുപറി, ലൈംഗികത്തൊഴിലാളികളുടെ അതിപ്രസരം എന്നിവകൊണ്ടും ഇത്തരം പരിസരം ആശങ്കാകുലമാണ്.
രാപകലില്ലാതെ ഇത്തരം പരിസരങ്ങളില്‍ നിത്യവും എന്തെങ്കിലുമായി പ്രശ്നങ്ങളുണ്ടാവാറുണ്ട്. യാത്രക്കാര്‍ ഒറ്റയ്ക്കു നില്ക്കുന്നതുതന്നെ പേടിച്ചാണ്. സ്ത്രീ സുരക്ഷ പലപ്പോഴും ഇവിടെയില്ല. സാമൂഹ്യവിരുദ്ധര്‍ക്കു തങ്ങാനുള്ള കേന്ദ്രംകൂടിയായിട്ടുണ്ട് ഇത്തരം സ്റ്റാന്റുകള്‍. പല വന്‍കിട കുറ്റവാളികളേയും ഇത്തരം പരിസരങ്ങളില്‍നിന്നാണ് പിടികൂടിയിട്ടുള്ളതെന്നത് ഉല്‍ക്കണ്ഠ വര്‍ധിപ്പിക്കുന്നു. പോലീസ് ഇവിടങ്ങളില്‍ ഉണ്ടാകാറുണ്ടെങ്കിലും എന്തെങ്കിലും പ്രശ്നം വരുമ്പോള്‍മാത്രമാണ് ജാഗ്രത കാട്ടാറ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: