കൊച്ചി: കയര്‍ പൊതുമേഖലാ സ്ഥാപനമായ ഫോം മാറ്റിംഗ്സ് (ഇന്ത്യ) ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കയര്‍ ഉല്പന്നങ്ങളുടെയും മെത്തകളുടെയും പ്രദര്‍ശന വില്പന മേള ഇന്ന് ആരംഭിക്കും. ഗാന്ധിനഗറിലെ കാര്‍ഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തില്‍ വൈകിട്ട് 4-ന് ഹൈബി ഈഡന് എം.എല്‍.എ. ‘കയര്‍ കാര്‍ണിവല്‍’ ഉദ്ഘാടനം ചെയ്യും. ഫോം മാറ്റിംഗ്സിന്റെ നൂറില്‍പരം കയര്‍ ഉല്പന്നങ്ങളും 9 ഇനം മെത്തകളും വിലക്കുറവില്‍ ലഭിക്കുമെന്നു ചെയര്മാന് കെ.ആര്. ഭഗീരഥന് പത്രസമ്മേളനത്തില്‍ അറിയിച്ചു. കയര്‍ ഫെഡ്, കയര്‍ കോര്പറേഷന് എന്നീ സ്ഥാപനങ്ങളുടെ കയര്‍ ഉല്പന്നങ്ങള്, ഗാര്‍ഹികോപയോഗ വസ്തുക്കള്‍, കരകൗശല വസ്തുക്കള്‍ എന്നിവയും ലഭിക്കും.
തെരഞ്ഞെടുത്ത കയര്‍ ഉല്പന്നങ്ങള്ക്ക് 50 ശതമാനം വരെ സര്‍ക്കാര്‍ സബ്സിഡി ലഭിക്കും.
1000 രൂപയുടെ കൂപ്പണ്‍ വാങ്ങുന്നവര്‍ക്ക് 2000 രൂപയുടെ കയര്‍ ഉല്പന്നങ്ങള് വാങ്ങാം. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 15,000 രൂപയുടെ ഉല്പന്നങ്ങള് അഞ്ചു തവണ വ്യവസ്ഥയില്‍ നല്‍കും. സംസ്ഥാന കയര്‍ വികസന വകുപ്പ് 14 ജില്ലകളിലെ 118 കേന്ദ്രങ്ങളിലായി ഓഗസ്റ്റ് രണ്ടു മുതല്‍ കയറുല്പന്ന വിപണനമേളകള് സംഘടിപ്പിക്കുന്നുണ്ട്. പ്രതിസന്ധി രൂക്ഷമായ കയര്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് 200 ദിവസമെങ്കിലും തൊഴില്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു കേരളത്തിനകത്തും പുറത്തും നിരവധി വിപണന മേളകള്‍ സംഘടിപ്പിക്കുന്നത്. കൊമേഴ്സ്യല്‍ മാനേജര്‍ എം. സെന്തില്പ്രകാശും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: