ആലപ്പുഴ: ചകിരി വിലയിലെ വന്‍ വര്‍ദ്ധനവ് കയര്‍ ഉത്പാദക സംഘങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കി. ഒരു ക്വിന്റല്‍ കയര്‍ ഉല്പാദിപ്പിക്കുമ്പോള് സഹകരണ സംഘങ്ങള്‍ക്കു 1,000 രൂപ വരെ നഷ്ടമുണ്ടാകുന്നതായി സഹകരണ സംഘങ്ങള്‍ പറയുന്നു.
ഇതിനാല്‍ മൂലധനശേഷി കുറവുള്ള മിക്ക കയര്‍ വ്യവസായ സഹകരണസംഘങ്ങളും കയര്‍ ഉത്പാദനം നിര്‍ത്തി. ഒന്നര മാസം മുന്‍പ് 30 കിലോ തൂക്കം വരുന്ന ഒരുകെട്ട് പൊള്ളാച്ചി ചകിരിക്ക് 600 രൂപയായിരുന്നു വില. ഇപ്പോള്‍ 780-800 രൂപ വിലയുണ്ട്. എന്നാല്‍ ഇതിന് ആനുപാതികമായി കയര്‍ വിലയില്‍ വര്ദ്ധനവില്ലാത്തതാണു സംഘങ്ങളെ പ്രതിസന്ധിയിലാക്കുന്നത്.
തമിഴ്നാട്ടില്‍ തേങ്ങ ഉല്പാദനം കുറഞ്ഞതാണു ചകിരി വില വര്‍ദ്ധിക്കാന്‍ കാരണമായതായി പറയുന്നത്. പ്രാദേശികമായി തൊണ്ടു സംഭരിക്കാന്‍ നേരത്തെ ചില നീക്കം ഉണ്ടായെങ്കിലും പുരോഗതിയില്ല. പ്രാദേശികമായി ഉല്പാദിക്കപ്പെടുന്ന തൊണ്ടു ചകരിയാക്കിയാല് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാവുമെങ്കിലും പ്രഖ്യാപനങ്ങള്‍ അല്ലാതെ ഒന്നും നടക്കുന്നില്ല.
നേരത്തെ ചകിരി വില ഉയര്‍ന്നപ്പോള്‍ ചകിരി വാങ്ങുന്നതിന് സബ്സിഡി അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതു ലഭിക്കുന്നില്ല. ഓണക്കാലം അടുത്തിരിക്കെ ഈ സാഹചര്യം തൊഴിലാളികളെ വിഷമത്തിലാക്കുകയാണ്. കൂടാതെ കയര്‍ഫെഡില്‍ നേരത്തെ നല്കിയ കയറിന്റെ വില ലഭിക്കാത്തതും സംഘങ്ങളെ പ്രതിസന്ധിയിലാക്കുന്നു.
പ്രാദേശികമായി സംഭരിക്കുന്ന തൊണ്ടു ചകിരിയാക്കുന്നതിനു മിനി ഡീ ഫൈബറിങ് യന്ത്രങ്ങള്‍ പല കയര്‍ സംഘങ്ങള്‍ക്കും അനുവദിച്ചിരുന്നു. ഏഴും എട്ടും വര്‍ഷം മുമ്പു ലഭിച്ച ഈ യന്ത്രങ്ങള്‍ ഒരിക്കല്‍ പോലും ഉപയോഗപ്പെടുത്താതെ കയര്‍ സംഘങ്ങളില്‍ തുരുമ്പെടുക്കുന്നു.
വര്‍ഷങ്ങളായി ഉപയോഗപ്പെടുത്താതിരുന്നതിനാല് ഇവ ഇനി പ്രവര്ത്തനക്ഷമമാകുമോയെന്നു സംശയവുമുണ്ട്. വേണ്ടത്ര ഗുണനിലവാരമില്ലാത്തതിനാലാണ് കയര്‍ സംഘങ്ങള്‍ ഇവ ഉപയോഗിക്കാതിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: