കോഴഞ്ചേരി: ഭക്തിയുംആഹ്ലാദവും ആവേശവും ഒത്തുചേര്‍ന്ന മുഹൂര്‍ത്തത്തില്‍ കോഴഞ്ചേരി പുത്തന്‍പള്ളിയോടം നീരണിഞ്ഞു. വഞ്ചാപ്പാട്ടിന്റെ താളത്തിലും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടും പമ്പാതീരം ഭക്തി സാന്ദ്രമായപ്പോള്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം ശ്രീപദ്മനാഭ അവിട്ടംതിരുനാള്‍ ആദിത്യവര്‍മ്മ നീരണിയല്‍ ചടങ്ങ് നിര്‍വ്വഹിച്ചു. പള്ളിയോടം നീരണിഞ്ഞ ശേഷം പമ്പയിലൂടെ തുഴകളെറിഞ്ഞ് ആറന്മുള പാര്‍ത്ഥസാരഥി ദര്‍ശനത്തിനായി പുറപ്പെട്ടു. പള്ളിയോടം നീറ്റിലിറക്കുന്നതിന് സാക്ഷിയാകാന്‍ കോഴഞ്ചേരി കരയക്കുപുറമെ പമ്പാനദിക്ക് ഇരുവശങ്ങളിലും കിഴക്ക് വടശ്ശേരിക്കര മുതല്‍ പടിഞ്ഞാറ് ചെന്നിത്തലവരെയുള്ള കരകളിലെ പ്രതിനിധികളും എത്തിയിരുന്നു. വാദ്യമേളങ്ങളുടെയും വായ്ക്കുരവകളുടെയും വഞ്ചിപ്പാട്ടിന്റെയും ആരവത്തിലായിരുന്നു നീരണിയല്‍. മാലിപ്പുരയക്കുസമീപം നടന്ന നീരണിയല്‍ ചടങ്ങ് വേദിയിലേക്ക് അവിട്ടം തിരുനാള്‍ അദിത്യവര്മ്മയെ പൂര്‍ണ്ണകുംഭം നല്കി വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ സ്വീകരിച്ചു. പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ. കെ.ജി. ശശിധരന്‍പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ആടയാഭരണങ്ങള്‍ സമര്‍പ്പിച്ചു. പള്ളിയോട സേവാസംഘം വൈസ് പ്രസിഡന്റ് കെ.പി. സോമന്, ശില്പികളെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി, വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, ഡോ. പെരുമാള്‍ ജി. മാത്യു, ഹൈന്ദവ സേവാസമിതി ഭാരവാഹികളായ കെ.കെ. അരവിന്ദാക്ഷന് നായര്‍, പ്രസാദ് ആനന്ദഭവന്, വി.ജി. ശ്രീകാന്ത്, അമ്പോറ്റി കോഴഞ്ചേരി, ചന്ദ്രശേഖരകുറുപ്പ്, തുടങ്ങിയവര്‍ നേതൃത്വം നല്കി. ആറന്മുള ക്ഷേത്രക്കടവിലെത്തിയ പുത്തന്‍ പള്ളിയോടത്തെ സേവാസംഘം ഭാരവാഹികള്‍ ആചാരപൂര്‍വ്വം സ്വീകരിച്ച് തുഴകളുമായി കൃഷ്ണ സ്തുതികളും ആലപിച്ച് വലംവെച്ച് കൊടിമരചുവട്ടില്‍ നിറ പറയും സമര്‍പ്പിച്ച് അന്നദാനം സ്വീകരിച്ച ശേഷം കരക്കാര് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: