മലപ്പുറം: അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് സിപിഎമ്മിന്റെയും സിപിഐയുടെയും പൂര്‍ണ്ണ പിന്തുണയുണ്ടായിട്ടും നിലമ്പൂര്‍ എംഎല്‍എ പി. വി. അന്‍വറിന് രക്ഷയില്ല.
വിവാദ വാട്ടര്‍ തീം പാര്ക്കിന് പിന്തുണയുമായി സിപിഎമ്മിനൊപ്പം സിപിഐയും രംഗത്തെത്തിയതിനു പിന്നാലെയാണ് കളക്ടര്‍ പാര്‍ക്കിന്റെ അനുബന്ധമായ തടയണ പൊളിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
പാര്‍ക്കിന്റെ പ്രവര്‍ത്തനത്തില്‍ നിയമലംഘനമുണ്ടെന്ന മുന്‍ നിലപാട് സിപിഐ ജില്ലാകമ്മിറ്റി തിരുത്തി. ജില്ലാകമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു തിരുത്ത്. പാര്‍ക്കിനു ക്ലീന്‍ ചിറ്റ് നല്കുന്ന റിപ്പോര്‍ട്ട് സിപിഎം തിരുവമ്പാടി ഏരിയ കമ്മിറ്റിയും ജില്ലാകമ്മിറ്റിക്കു കൈമാറി. പാര്‍ക്കിന്റെ അനുമതി സംബന്ധിച്ചു രണ്ടു തട്ടിലായിരുന്ന സിപിഎമ്മും സിപിഐയും പാര്‍ട്ടി തലത്തില്‍ നടത്തിയ അന്വേഷണത്തിലാണു പ്രവര്‍ത്തനം നിയമപരമെന്ന നിലപാടിലെത്തിയത്. അന്‍വറിന്റെ ഉടമസ്ഥതയില്‍ കൂടരഞ്ഞിയിലുള്ള വിവാദ വാട്ടര്‍തീം പാര്‍ക്ക് തല്ക്കാലം പൂട്ടേണ്ടെന്ന് കൂടരഞ്ഞി പഞ്ചായത്തും തീരുമാനമെടുത്തിരുന്നു.
പി.വി.അന്‍വര്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ച രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ പഞ്ചായത്ത് ഭരണസമിതി ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. നേരത്തേ, വാട്ടര്‍തീം പാര്ക്കിന് അനുമതി നല്കിയതും കൂടരഞ്ഞി പഞ്ചായത്ത് ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു.
അതേസമയം, കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മുഴുവന്‍ ആരോപണങ്ങളും പി.വി.അന്‍വര്‍ നിഷേധിച്ചു. തന്റെ ഉടമസ്ഥതിലുള്ള വാട്ടര്‍തീം പാര്ക്കിന് എല്ലാ അനുമതിയുമുണ്ട്. എല്ലാ എന്‍ഒസികളും ഉള്‍പ്പെടെയാണു പാര്‍ക്കിനുള്ള ലൈസന്‍സ് നേടിയത്. ഇതിന്റെ പകര്‍പ്പുകള്‍ ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാമെന്നും അദ്ദേഹത്തിന്റെ നിലപാട്.
എന്നാല്‍ തടയണ അനധികൃതമാണെന്നും ഇത് പൊളിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ അമിത് മീണ പെരിന്തല്‍മണ്ണ ആര്‍ഡിഒയ്ക്കു നിര്‍ദേശം നല്കി.
പൊളിക്കുന്നതിനുളള എസ്റ്റിമേറ്റ് തയാറാക്കാന്‍ ചെറുകിട ജലസേചനവകുപ്പിനോട് ആവശ്യപ്പെട്ടു. കലക്ടറുടെ നിര്‍ദേശമനുസരിച്ച് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. ഇത് ജില്ലാ കലക്ടര്‍ക്കു സമര്‍പ്പിച്ചശേഷം പൊളിക്കല്‍ പദ്ധതികളുമായി മുന്നോട്ടുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: