പന്തളം: പന്തളത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സിപിഎം അഴിഞ്ഞാട്ടം. എന്‍എസ്എസ് കോളേജില്‍ എസ്എഫ്ഐക്കാര്‍ അക്രമം നടത്തിയപ്പോള്‍ നഗരത്തില്‍ ഡിഫിക്കാര് അതേറ്റെടുത്തു.
ഇന്നലെയും കോളേജിലെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. പ്രിന്‍സിപ്പാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ക്യാമ്പസിലെത്തി. എന്നാല്‍ പോലീസ് കണ്ണില്‍ കണ്ട വിദ്യാര്ത്ഥിളെയെല്ലാം ഓടിച്ചിട്ടു തല്ലിയെന്ന ആക്ഷേപവും ഉയര്‍ന്നു.
സംഘര്‍ഷത്തേതുടര്‍ന്ന് ഉച്ചക്കു രണ്ടു മണിക്കു ശേഷം കോളേജ് അടച്ചു. ഇന്നും കോളേജിന് അവധിയായിരിക്കും. കോളേജില്‍ സംഘര്‍ഷം നടക്കുമ്പോള്‍ പുറത്ത് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ഓഫീസിനു സമീപവും പന്തളം നഗരത്തിലും സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംഘടിച്ചു നിലക്കുന്നുണ്ടായിരുന്നു. സ്വകാര്യ ബസ്സ്റ്റാന്റിലേക്കു വരികയായിരുന്ന വിദ്യാര്‍ത്ഥികളെ അക്രമികള്‍ തടഞ്ഞു നിര്‍ത്തി കയ്യേറ്റം ചെയ്യുകയും കയ്യിലെ രാഖികള്‍ വലിച്ചു പൊട്ടിക്കുകയും ചെയ്തു.
സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിനു മുന്പിലൂടെയുള്ള മാവേലിക്കര റോഡിലൂടെ പോകുന്നവരില്‍ കയ്യില്‍ രാഖി കെട്ടിയവരെ ആക്രമിക്കാന്‍ ഇന്നലെയും ഡിഫിക്കാര് ഒത്തുകൂടിയിരുന്നു.
മുതിര്‍ന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതോടെ ഇവര്‍ പിന്‍വാങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: