പത്തനംതിട്ട: അഷ്ടാംശം പാരിതോഷികം എന്ന ഭാരതീയ നീതിശാസ്ത്ര തത്വപ്രകാരം സംസ്ഥാന ജീവനക്കാര്‍ക്ക് പരിധികളില്ലാതെ പന്ത്രണ്ടര ശതമാനം (45 ദിവസത്തെ ശമ്പളം) ബോണസായി അനുവദിക്കണമെന്ന് ആര്‍ആര്‍കെഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ സി. സുരേഷ്കുമാര്‍ ആവശ്യപ്പെട്ടു. ജീവനക്കാരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാന ലംഘനങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ നടന്ന കൂട്ടധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുക, തൊഴില്‍നികുതി എടുത്തു കളയുക, പെന്ഷന് പ്രായം 60 ആയി ഏകീകരിക്കുക, സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുക, വിലക്കയറ്റം തടയുക, സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള ധര്‍ണ്ണയില്‍ ജില്ലാ പ്രസിഡന്റ് പി. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി വി. ആര്. സുജാത, സംസ്ഥാന സമിതിയംഗങ്ങളായ എസ്.ആര്. മുരളീകൃഷ്ണന്, പി. വി. മനോജ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എസ്. രാജേഷ് സ്വാഗതവും, ജില്ലാ വൈസ്പ്രസിഡന്റ് ജി. അനീഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: