ചെങ്ങന്നൂര്‍ :ഹരിതകേരളം മിഷന് ആദ്യഘട്ടത്തില്‍ കുളങ്ങളുടെയും മറ്റു ജലാശയങ്ങളുടെയും പുനരുദ്ധാരണമാണു ലക്ഷ്യമിട്ടിരുന്നതെന്നും വരട്ടാര്‍ മാതൃകയാണു നദികളുടെ പുനരുജ്ജീവനം കൂടി ആദ്യഘട്ടത്തില്‍ തന്നെ മിഷന്റെ ഭാഗമാക്കാന്‍ കാരണമായതെന്നും മന്ത്രി മാത്യു ടി. തോമസ്. ചെങ്ങന്നൂരില്‍ ചേര്‍ന്ന വരട്ടാര്‍ പുനരുജ്ജീവന അവലോകന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രണ്ടാംഘട്ടത്തില്‍ നദികള്‍ ഉള്‍പ്പെടുത്താനായിരുന്നു മിഷന് തീരുമാനിച്ചിരുന്നത്. എന്നാല്‍ വരട്ടാറിന്റെ മാതൃക ഇക്കാര്യത്തില്‍ പിന്തുടരാന് കഴിഞ്ഞ ദിവസം തീരുമാനിക്കുകയായിരുന്നെന്നു മന്ത്രി പറഞ്ഞു. വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തിന്റെ സമാപന യോഗത്തില്‍ സെപ്റ്റംബര്‍ ആദ്യവാരം മുഖ്യമന്ത്രി പങ്കെടുക്കും. ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ പുതുക്കുളങ്ങര പടനിലത്ത് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തും. ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തിലാകും പരിപാടി സംഘടിപ്പിക്കുക. ഇതിനു മുന്‍പായി 22 നു പഞ്ചായത്ത് തലത്തില്‍ വരട്ടാര്‍ അവലോകന യോഗങ്ങളും 25, 26 തീയതികളില്‍ വാര്‍ഡ് തല യോഗങ്ങളും നടത്തും.27, 28 തീയതികളില്‍ വിഭവസമാഹരണം നടത്തും. ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തില്‍ കെ.കെ.രാമചന്ദ്രന് നായര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്മാന് ജോണ്‍ മുളങ്കാട്ടില്‍, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത അനില്‍കുമാര്‍, കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോന്‍സി കിഴക്കേടത്ത്, തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ.ഏലിക്കുട്ടി കുര്യാക്കോസ്, തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: