കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ഫെറി ടെര്‍മിനലുകളുടെ രൂപരേഖ തെരഞ്ഞെടുക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ആര്‍ക്കിടെക്ച്വറല്‍ ഡിസൈന്‍ മത്സരം നടത്തുന്നു. പൊതുഗതാഗതം സുഗമമാക്കുന്നതിനായി വൈറ്റിലയിലെയും ഫോര്ട്ടുകൊച്ചിയിലെയും രണ്ടു ഫെറി ടെര്‍മിനലുകളാണ് വാട്ടര്‍ മെട്രോയുടെ ഭാഗമായി അത്യാധുനിക രീതിയില്‍ നവീകരിക്കുന്നത്. അടുത്ത വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
നാലു പേരടങ്ങുന്ന ടീമിനോ വ്യക്തികള്‍ക്കോ ഡിസൈന്‍ മത്സരത്തില്‍ പങ്കെടുക്കാം. ആര്കിടെക്ച്വറല് സ്ഥാപനങ്ങള്‍ക്ക് പുറമെ ആര്കിടെക്ച്വറല് സ്കൂളിലെയും കോളജിലെയും വിദ്യാര്‍ഥികള്‍ക്കും മത്സരത്തില്‍ പങ്കാളികളാകാം. മത്സരത്തിനുള്ള എന്‍ട്രികള്‍ നാളെ മുതല്‍ സ്വീകരിക്കും. സെപ്തംബര്‍ പത്തിനകം എന്‍ട്രികള്‍ സമര്‍പ്പിക്കണം. ഫെറി പ്രദേശത്തിന്റെ അന്തരീക്ഷത്തെ ഉള്‍ക്കൊള്ളുന്നതായിരിക്കണം ഡിസൈന്‍. കൂടാതെ പദ്ധതി പ്രദേശത്തെ പ്രതീകാത്മ ലാന്‍ഡ്മാര്‍ക്കായി പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ശേഷിയും രൂപരേഖകള്ക്കുണ്ടാവണം. മത്സര വിജയികളെ ഒക്ടോബര്‍ 10ന് പ്രഖ്യാപിക്കും. 50000 രൂപയാണ് വിജയികള്‍ക്ക് ലഭിക്കുക. രണ്ടാം സമ്മാനമായി 25,000 രൂപ ലഭിക്കും. വിജയികളുടെ പേരുകള്‍ അതാത് ടെര്‍മിനലുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. മത്സരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കൊച്ചി മെട്രോ വെബ്സൈറ്റില്‍ നിന്ന് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: