പെരിന്തല്‍മണ്ണ: ജില്ലയിലെ പ്രധാന കഞ്ചാവ് വിതരണക്കാരായ രണ്ടുപേരെ നാലുകിലോ കഞ്ചാവുമായി പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് കാവുങ്ങല്‍പറമ്പില്‍ മമ്പാടന്വീട്ടില് ഇസഹാക്ക്(42), കീഴാറ്റൂര്‍ പാറക്കുഴി എരുകുന്നത്ത് വീട്ടില്‍ പ്രദീപ് എന്ന കുട്ടന്(40) എന്നിവരാണ് പിടിയിലായത്.
മലപ്പുറം, മഞ്ചേരി, പാണ്ടിക്കാട്, വണ്ടൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്നത് ഇവരാണ്. കോയമ്പത്തൂരില്‍ നിന്നാണ് സംഘം കഞ്ചാവെത്തിക്കുന്നത്. ആവശ്യത്തിനനുസരിച്ച് ഓട്ടോറിക്ഷയിലും സ്കൂട്ടറിലുമായി വിതരണം ചെയ്യും.
പ്രത്യേക അന്വേഷണ സംഘാംഗങ്ങള്‍ രണ്ടാഴ്ച തുടര്‍ച്ചയായി നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.
ആവശ്യക്കാരെന്ന വ്യാജേന സംഘത്തെ സമീപിച്ച് പോലീസ് കച്ചവടം ഉറപ്പിക്കുകയായിരുന്നു. നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം കഞ്ചാവുമായി പ്രതികള്‍ പൊന്ന്യാകുര്‍ശ്ശി ബൈപ്പാസ് റോഡിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് വിതരണത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷയും സ്കൂട്ടറും പിടിച്ചെടുത്തു.
ഒന്നാംപ്രതി ഇസഹാക്കാണ് കോയമ്പത്തൂരില്‍ നിന്ന് കഞ്ചാവ് എത്തിക്കുന്നത്. പാണ്ടിക്കാട് സൂക്ഷിക്കുന്ന കഞ്ചാവ് ആവശ്യപ്പെടുന്ന ചെറുകിടക്കാര്‍ക്ക് രണ്ടാംപ്രതി പ്രദീപിന്റെ ഓട്ടോറിക്ഷയില്‍ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വെച്ച് കൈമാറും. ഇസഹാക്കിന്റെ പേരില്‍ മഞ്ചേരിയില്‍ വെച്ച് ആറുകിലോ കഞ്ചാവുമായി പിടികൂടിയ കേസുണ്ട്. രണ്ടാംപ്രതിയുടെ പേരില്‍ മേലാറ്റൂര്‍, പെരിന്തല്‍മണ്ണ സ്റ്റേഷനുകളില്‍ കഞ്ചാവ് കേസുകള്‍ നിലവിലുണ്ട്. ഇവരെ പിടികൂടിയതോടെ മറ്റ് വന്‍കിട സംഘങ്ങളെ കുറിച്ചും ചെറുകിട വില്‍പ്പനക്കാരെകുറിച്ചും വിവരം ലഭിച്ചതായും അവര്‍ നിരീക്ഷണത്തിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന്, സിഐ ടി.എസ്.ബിനു, എസ്ഐ വി.കെ.കമറുദ്ദീന്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സി.പി.മുരളി, പി.എന്‍.മോഹനകൃഷ്ണന്, എന്‍.ടി.കൃഷ്ണകുമാര്‍, അനീഷ് ചാക്കോ, എസ്.സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: