അടൂര്‍: അടൂര്‍ നഗരസഭയിലെ 23ാം വാര്‍ഡിലെ പാമ്പിടംകുഴി ശ്മശാനഭൂമി സംരക്ഷിക്കണമെന്നും അനധികൃത കയ്യേറ്റം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് അടൂര്‍ ആര്‍ഡിഒ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് സമരസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ 10ന് പട്ടികജാതി വികസന ജില്ലാ ഉപദേശക സമിതിയംഗം കെ.കുമാരന് ഉദ്ഘാടനം ചെയ്യും. ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് പറയസമുദായത്തിന് മൃതദേഹം സംസ്ക്കരിക്കുന്നതിന് കരമൊഴിവായി ലഭിച്ച ഭൂമിയാണ് ഇത്.
അടൂര്‍ കണ്ണങ്കോടുള്ള പാമ്പിടംകുഴി. അടൂര്‍ നഗരസഭ, ഏഴംകുളം, ഏറത്ത് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ സംഗമസ്ഥാനമായ ഇവിടം കൈയേറി റോഡ് നിര്‍മിക്കുന്നതിന് ശ്രമിക്കുകയാണെന്നും അവര്‍ ആരോപിച്ചു. എംഎല്‍എയെ സ്ഥലവാസികള്‍ തെറ്റിദ്ധരിപ്പിച്ചാണ് റോഡു നിര്‍മാണത്തിന് തുക അനുവദിപ്പിച്ചത്.
ആറു വീട്ടുകാര്‍ക്ക് വേണ്ടി പാത നിര്‍മിക്കുമ്പോള്‍ പറയസമുദായത്തിലെ 135ലധികം കുടുംബങ്ങളില്‍പ്പെട്ടവര്‍ മരിച്ചാല്‍ അടക്കം ചെയ്യാന്‍ ഭൂമിയില്ലാതെയാകും. മുന്‍പ് 1.70 ഏക്കറുണ്ടായിരുന്നെങ്കിലും ഏകദേശം 70 സെന്റ് സ്ഥലം മാത്രമേ ശ്മശാനത്തിനു ശേഷിക്കുന്നുള്ളു എന്നും ഭാരവാഹികളായ ബി.കെ. വാസുദേവനും ഇ.കെ. സുരേഷും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: