പത്തനംതിട്ട: സിപിഎം പ്രാദേശിക നേതാവിന്റെ ഭൂമിയും പള്ളിയുടെ കുരിശടിയും സംരക്ഷിക്കാന്‍ റോഡ് പണി തുടങ്ങുന്നതിന് മുന്‍പ് പൊതുമരാമത്ത് ഓടനിര്മ്മിച്ചതായി ആക്ഷേപം. പത്തനംതിട്ട-താഴൂര്‍ക്കടവ് റോഡില്‍ അഴൂര്‍, വാഴമുട്ടം ഭാഗത്താണ് പൊതുമരാമത്ത് വകുപ്പ് ഏതാനും മീറ്റര്‍ ഓട മാത്രം നിര്‍മ്മിച്ചത്.
റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ അഴൂരില്‍ സിപിഎം പ്രാദേശിക നേതാവിന്റെ ഭൂമിയും വാഴമുട്ടത്ത് പള്ളിയുടെ കുരിശടിയും നഷ്ടമാകാതിരിക്കാനുള്ള തന്ത്രമാണിതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സാമുദായിക നേതൃത്വങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നതിന്റെ തെളിവായും ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആറന്മുള എംഎല്‍എ വീണാ ജോര്‍ജ്ജിന്റെ നിലപാടിലും നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുന്നു.
പത്തനംതിട്ട മുതല്‍ താഴൂര്‍ക്കടവ് അമ്പലം വരെയുള്ള ഭാഗം വീതി കൂട്ടി ആധുനിക നിലവാരത്തില്‍ ടാറിങ് നടത്തുന്നതിനാണ് പദ്ധതി. റോഡിന്റെ താഴൂര്‍ക്കടവ് ഭാഗം മുതല്‍ കോന്നി മണ്ഡലമാണ്. ഇതു രണ്ടു വര്‍ഷം മുന്‍പ് തന്നെ നവീകരിച്ചിരുന്നു.
ആറന്മുള മണ്ഡലത്തില്‍ വരുന്ന ഭാഗം നവീകരിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതിന് ഒരു യോഗം കഴിഞ്ഞ ദിവസം കൊടുന്തറയില്‍ വീണാ ജോര്‍ജ് എംഎല്‍എ വിളിച്ചു ചേര്‍ത്തിരുന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ് അടക്കമുള്ളവര്‍ യോഗത്തിന് എത്തി കാത്തിരുന്നുവെങ്കിലും എംഎല്‍എയും പൊതുമരാമത്ത് ഉദ്യോഗസ്ഥരും യോഗത്തിന് എത്തിയില്ല.
റോഡ് നിര്‍മിക്കുമ്പോള്‍ എത്ര മീറ്റര്‍ വീതി വേണം, ഓരോ വശത്തേക്കും എത്രത്തോളം സ്ഥലം എടുക്കണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതിനാണ് യോഗം വിളിച്ചത്. പിന്നീട് സിപിഎം നേതാവും താഴൂര്‍ക്കടവ് വികസന സമിതി കണ്‍വീനറുമായ ഓമല്ലൂര്‍ ശങ്കരന്റെ നേതൃത്വത്തില്‍ യോഗം തുടങ്ങിയെങ്കിലും റോഡ് വികസനം എന്താണെന്ന് വിശദീകരിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.
എംഎല്‍എയും പൊതുമരാമത്ത് അധികൃതരും വന്നിട്ട് തീരുമാനമെടുത്താല്‍ മതിയെന്ന് പങ്കെടുത്തവര്‍ പറഞ്ഞതോടെ യോഗം പിരിച്ചു വിട്ടു. ഇതിനിടെയാണ് റോഡ് വികസനത്തിന് വേണ്ടി സ്ഥലം നഷ്ടപ്പെടുന്നത് തടയാനുള്ള കളികള്‍ ആരംഭിച്ചത്.
ഇരുവശത്തേക്കും തുല്യമായ അളവില്‍ സ്ഥലം എടുക്കുന്നതിന് നാട്ടുകാര്‍ എതിരല്ല. എന്നാല്‍ തങ്ങളുടെ വശത്തെ സ്ഥലം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ ചില വ്യക്തികളും സംഘടനകളും രംഗത്തുണ്ടെന്നും പറയപറയപ്പെടുന്നു. സ്ഥലമെടുപ്പു വരുമ്പോള്‍ വിവാദം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ കണ്ടു പിടിച്ച കുറുക്കു വഴിയാണ് ഓട നിര്‍മാണം.
അഴൂരില്‍ കെടിഡിസി ഗസ്റ്റ് ഹൗസിന് സമീപം സിപിഎം നേതാവിന്റെ വീടിന് മുന്നിലും വാഴമുട്ടത്ത് പള്ളിയുടെ കുരിടശടിയുടെ മുന്നിലും മുന്‍കൂട്ടി ഓട പണിതത് ഇതിന് വേണ്ടിയാണെന്നാണ് ആരോപണം ഉയരുന്നത്. റോഡിന്റെ ഇരുവശത്തേക്കും തുല്യമായി ഭൂമി ഏറ്റെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കനാട്ടുകാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: