കളമശ്ശേരി: ഏലൂര്‍ ഉദ്യോഗമണ്ഡല്‍ പ്രാഥമിക ആരോഗ്യകേന്ദത്തില് ഡോക്ടര്‍മാരും മരുന്നുമില്ല. ദിവസേന 600 ഓളം രോഗികളാണ് വലയുന്നത്. ഏലൂര്‍ എടയാര്‍ വ്യവസായ മേഖല കേന്ദ്രീകരിച്ച് 26,000 തൊഴിലാളികളാണ് ഉദ്യോഗമണ്ഡല്‍ പ്രാഥമിക ആരോഗ്യകേന്ദത്തെ ആശ്രയിക്കുന്നത്.
നിലവില്‍ നാല് ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ഒന്നിടവിട്ട ദിവസങ്ങളില്‍ രണ്ട് ഡോക്ടര്‍മാര്‍ ലീവിലായിരിക്കും. ഉച്ചയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ ഉണ്ടാകാറില്ലെന്നും രോഗികള്‍ ചൂണ്ടിക്കാട്ടുന്നു. പാതാളം ആശുപത്രി വികസന സമിതിക്ക് നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ല.
പാതാളം ഇഎസ്ഐസിയില്‍ നിന്ന് ചികിത്സതേടിയാല്‍ ഒരു ദിവസത്തെ മരുന്ന് മാത്രമാണ് നല്‍കുന്നത്. പിന്നീട് പ്രാഥമിക ആരോഗ്യകേന്ദത്തില്നിന്ന് വാങ്ങണം. എന്നാല്‍, ഫാര്‍മസിയില്‍ മരുന്നുകളില്ലെന്ന് പറഞ്ഞ് തിരിച്ചയയ്ക്കുകയാണ് പതിവ്. പനി, ചുമ പോലുള്ള രോഗങ്ങള്‍ക്ക് വേണ്ട അവശ്യമരുന്നുകളോ, ക്യാന്‍സര്‍, ഹൃദയരോഗം പ്രമേഹം, രക്തസമ്മര്‍ദ്ദം പോലുള്ള മാരകരോഗങ്ങള്‍ക്കുളള മരുന്നുകളും ഫാര്മസിലില്ല.
കേന്ദ്ര സര്‍ക്കാര്‍ അനുപാതം 7 ഉം സംസ്ഥാന സര്‍ക്കാര്‍ അനുപാതം 1 ഉം അനുസരിച്ചുള്ള ഫണ്ട് വിനിയോഗം ഇഎസ്ഐസി ഡിസ്പന്സറികളില് നടക്കുന്നില്ലെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. അടിയന്തരമായി ഏലൂര്‍ നഗരസഭ വിഷയത്തില്‍ ഇടപ്പെട്ട് വ്യവസായ മേഖലയിലെ ഉദ്യോഗമണ്ഡല്‍ പ്രാഥമിക ആരോഗ്യകേന്ദത്തിലെ ശോചനീയാവസ്ഥ സര്‍ക്കാരിനെ ബോധ്യപ്പെടുത്തണെമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: