കൊച്ചി: വ്യാജ പതിപ്പ് വ്യാപകമായി പ്രചരിച്ചതോടെ സിനിമാ വ്യവസായം പ്രതിസന്ധിയില്‍. പുതുതായി ഇറങ്ങുന്ന പല സിനിമകളുടെയും വ്യാജപതിപ്പ് ഇന്റര്‍നെറ്റിലും മറ്റും പ്രചരിക്കുന്നതാണ് തിരിച്ചടിയായത്.
ആന്റിപൈറസി സെല്ലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാകാത്തതാണ് വ്യാജപതിപ്പുകള്‍ വ്യാപകമാകാന്‍ കാരണമെന്ന ഗുരുതര ആരോപണവുമായി സിനിമാ മേഖലയിലുള്ളവര്‍ രംഗത്തെത്തി.
സംസ്ഥാന ആന്റി പൈറസി സെല്‍ പ്രവര്‍ത്തനക്ഷമമല്ലെന്നു സംവിധാകനും ഫെഫ്ക പ്രസിഡന്റുമായ ബി. ഉണ്ണികൃഷ്ണന് ആരോപിച്ചു. . വലിയ തോതില്‍ സിനിമയുടെ വ്യാജ കോപ്പി പ്രചരിക്കപ്പെടുമ്പോള്‍ അതു തടയാന്‍ കഴിയുന്നില്ല. സാങ്കേതിക പരിജ്ഞാനം ഏറെയുള്ള ചെറുപ്പക്കാരാണ് കൂടുതലായും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. ആന്റി പൈറസി സെല്ലിലെ ഉദ്യേഗസ്ഥരില്‍ പലര്‍ക്കും സാങ്കേതിക പരിജ്ഞാനം കുറവുമാണ്.
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ചെറുപ്പക്കാരുടെ മാനസികാവസ്ഥ പഠിച്ചു കുറ്റകൃത്യം തടയാനുള്ള ശ്രമങ്ങളുണ്ടാവണം. വൈശാഖ് രാജന് നിര്‍മാണത്തില്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന സിനിമയുടെ വ്യാജ കോപ്പി പ്രചരിച്ചു സംബന്ധിച്ചുള്ള കാര്യങ്ങളില്‍ ഫെഫ്കയുടെ നിലപാടുകള്‍ വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തു നിലവിലുള്ള ഐടി നിയമങ്ങള്‍ സിനിമയുടെ വ്യാജ കോപ്പി ഇന്റര്‍നെറ്റിലടക്കം പ്രചരിപ്പിക്കുന്ന കുറ്റകൃത്യം തടയാന്‍ പര്യാപ്തമല്ല. പൈറസി ജാമ്യമില്ലാത്ത കുറ്റകൃത്യമാക്കണമെന്നും ഗുണ്ടാ ആക്ടില്‍ ഉള്‍പ്പെടുത്തണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇപ്പോഴുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചു സിനിമയുടെ വ്യാജ പതിപ്പു പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നത് എളുപ്പമാണെന്ന് ഒമര്‍ ലുലു പറഞ്ഞു. ചങ്കസ് സിനിമ ടെലിഗ്രാമില്‍ അപ്ലോഡ് ചെയ്തവരെയും പകര്‍ത്തിയ തീയറ്ററും കണ്ടെത്തിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്തെങ്കിലും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വേഗത്തില്‍ ജാമ്യം ലഭിച്ചു. ഇതോടെ ഇത്തരം കുറ്റകൃത്യം വളരെ ചെറുതാണെന്ന തോന്നലാണു സമൂഹത്തിലുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചങ്ക്സ് സിനിമയുടെ വ്യാജ കോപ്പി പ്രദര്‍ശനം ആരംഭിച്ച ദിവസത്തെ രണ്ടു ഷോകള്‍ക്കു ശേഷമാണു ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരേ ചങ്ക്സിന്റെ നിര്‍മാതാവ് വൈശാഖ് രാജന് എറണാകുളം റേഞ്ച് ഐജി പി. വിജയനു പരാതി നല്കിയ പ്രകാരം ആന്റി പൈറസി സെല്‍ അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്നു തൃശൂര്‍ വടക്കാഞ്ചേരിയിലെ ന്യൂ രാഗം തീയറ്ററില്‍ നിന്നു കാമറ ഉപയോഗിച്ചു ചിത്രം പകര്‍ത്തിയവരെ അറസ്റ്റ് ചെയ്തിരുന്നു. എരുമപ്പെട്ടി സ്വദേശികളായ രണ്ടു യുവാക്കളാണ് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: