തിരുവനന്തപുരം: തനിക്ക് വേണ്ടത് ഒരു ജോലിയാണെന്നും ഇക്കാര്യം കായിക മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും പി.യു ചിത്ര. ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിച്ചതിനുശേഷം തലസ്ഥാനത്ത് ആദ്യമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചിത്ര.
ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്. അവസരം നിഷേധിച്ച വാര്‍ത്തയറിഞ്ഞ് നിരവധിപേര്‍ സഹായവുമായി എത്തി. അവരോടെല്ലാം നന്ദിയുണ്ട്. സ്കോളര്‍ഷിപ്പ് നല്‍കാമെന്നു സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതില്‍ സന്തോഷം ്. തന്റെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് അവതരിപ്പിക്കുമെന്നും ചിത്ര വ്യക്തമാക്കി.
കായിക മത്സരങ്ങള്‍ക്കുളള ഇന്ത്യന്‍ ടീമിനെ 20 ദിവസങ്ങള്‍ക്ക് മുമ്പെങ്കിലും പ്രഖ്യാപിക്കണമെന്ന് പി.യു. ചിത്രയുടെ പരിശീലകന് എന്‍.എസ്. സിജിന്‍ പറഞ്ഞു. പി.യു.ചിത്രയ്ക്കെതിരായ ഗൂഢാലോചന ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. ദേശീയ അത്ലറ്റിക്ക് ഫെഡറേഷനെ എതിര്‍ത്ത് ഡിഗ്രി അവസാന വര്‍ഷ പരീക്ഷ എഴുതാന്‍ പോയതു മുതല്‍ തുടങ്ങിയതാണ് പ്രതികാര നടപടികള്‍.
മുന്നു മാസം മുമ്പാണ് ബംഗളൂരുവിലെ ദേശീയ ക്യാമ്പ് നടക്കുമ്പോള്‍ ഡിഗ്രി ഫൈനല്‍ പരീക്ഷ എത്തുന്നത്. പരീക്ഷ എഴുതാന്‍ ചിത്ര ദേശീയ ഫെഡറേഷനോട് അവധി ചോദിച്ചിരുന്നു. എന്നാല്‍ പരീക്ഷ അടുത്ത വര്‍ഷം എഴുതിയാല്‍ മതിയെന്ന നിലപാടാണ് ഫെഡറേഷനും വിദേശ പരിശീലകനും സ്വീകരിച്ചത്. എന്നാല്‍ കഴിഞ്ഞ അഞ്ച് സെമസ്റ്ററിലും മികച്ച മാര്‍ക്ക് ലഭിച്ച ചിത്രയുടെ ഒരു വര്‍ഷം വെറുതെ കളയാവുന്നതായിരുന്നില്ല. തുടര്‍ന്ന് ചിത്ര നാട്ടിലെത്തി പരീക്ഷയെഴുതി മടങ്ങി.
തിരികെ ക്യാമ്പിലെത്തിയ ചിത്രയെ പരിശീലിപ്പിക്കാന്‍ വിദേശ പരിശീലകന് തയ്യാറായില്ലെന്നും ഫെഡറേഷന്റെ തീരുമാനത്തില്‍ ഒരു കായിക താരമാണ് ഇല്ലാതായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: