കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിന്റെ ഭൂമി കെഎംആര്‍എല്‍ ഏറ്റെടുക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ മനുഷ്യചങ്ങല തീര്‍ത്തു. വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലാണ് മനുഷ്യചങ്ങല തീര്‍ത്തത്. ഏറ്റെടുക്കുന്ന സ്ഥലത്തിന് സമാന്തരമായി വിദ്യാര്‍ഥികള്‍ മനുഷ്യചങ്ങല തീര്‍ത്ത് പ്രതിഷേധിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇറക്കിയ ഉത്തരവിനെ തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനം നടക്കുന്നതെന്ന് കെഎസ്യു ആരോപിച്ചു.
ജനറല്‍ ആശുപത്രിക്ക് സമാന്തരമായി കാമ്പസിന്റ മതിലിനകത്ത് വേലി കെട്ടിത്തിരിച്ച് ഏറ്റെടുക്കല്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ഏറ്റെടുക്കലിന് ആവശ്യമായി കാമ്പസുമായി ഒരു കരാറുണ്ടാക്കാനോ കാമ്പസിനകത്തെ വിദ്യാര്‍ത്ഥി സംഘടനകളോട് ചര്‍ച്ച നടത്താനോ, ഏറ്റെടുക്കുന്ന സ്ഥലത്തിന് കലാലയത്തിന് വേണ്ട നഷ്ടപരിഹാരം നല്‍കാനോ പോലും തയ്യാറാവാതെ തികച്ചും ഏകാധിപത്യപരമായ നിലപാടാണ് സര്‍ക്കാര്‍ വിഷയത്തില്‍ സ്വീകരിച്ചതെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ കുറ്റപ്പെടുത്തി.
കാമ്പസില്‍ നിന്ന് പഠിപ്പ് മുടക്കി പ്രതിഷേധിച്ചതിനുശേഷമാണ് കെഎസ്യു പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി മനുഷ്യചങ്ങല തീര്‍ത്തത്. വിദ്യാഭ്യാസ മന്ത്രിയും എസ്എഫ്ഐയും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോള്‍ നടന്ന ഭൂമി ഏറ്റെടുക്കലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഭൂമി അന്യായമായി ഏറ്റെടുക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: