ഇടുക്കി: മൂന്നാര്‍ പള്ളിവസല് പ്ലംജൂഡി റിസോര്‍ട്ടിന് സമീപം വീണ്ടും പാറക്കല്ല് അടര്‍ന്ന് വീണു. കഴിഞ്ഞ രാത്രിയിലാണ് റിസോര്‍ട്ടിന് 150 അടി മാറി റോഡിലേയ്ക്ക് കൂറ്റന്‍ പാറക്കല്ല് വീണത്. ഇന്നലെ രാവിലെ തന്നെ റിസോര്‍ട്ട് അധികൃതര്‍ ജെസിബി ഉപയോഗിച്ച് പാറ തള്ളി താഴേക്ക് മാറ്റി.
കെഎസ്ഇബിയുടെ കീഴിലുള്ള റോഡിലേക്ക് ആണ് പാറ വീണത്.
കഴിഞ്ഞ മാര്‍ച്ച് 13 ന് രാത്രിയില്‍ റിസോര്‍ട്ടിന് സമീപത്ത് പാറക്കൂട്ടം നിലം പതിച്ചിരുന്നു. ഇതേ തുടര്‍ന്ന് റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം അധികൃതര്‍ ഇടപെട്ട് അന്ന് നിര്‍ത്തി വച്ചിരുന്നു. അതീവ പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഉള്ളതാണ്. ഇത് അവഗണിച്ചുള്ള ബഹുനില കെട്ടിടങ്ങളുടെ നിര്‍മ്മാണം ആണ് ഇത്തരത്തില്‍ പാറവീഴ്ചയ്ക്കടക്കം കാരണമാകുന്നതെന്ന് അന്ന് ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ടും വന്നിരുന്നു.
പിന്നീട് ഒരുമാസം മുമ്പ് കളക്ടര്‍ ഇടപെട്ട് റിസോര്‍ട്ടിന് പ്രവര്‍ത്തനാനുമതി നല്‍കുകയായിരുന്നു. ജിയോളജി വിഭാഗത്തിന്റെ റിപ്പോര്‍ട്ട് നിലനില്‍ക്കെ ഇത് അവഗണിച്ചാണ് പൊതുമരാമത്ത് എ ഇയുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങി പ്ലംജൂഡിക്ക് അന്ന് പ്രവര്‍ത്തനാനുമതി ലഭിച്ചത്.
രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയായിരുന്നു ഇത്തരമൊരു നീക്കമെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. പാറവീണ സാഹചര്യത്തില്‍ സംഭവം അന്വേഷിക്കുന്നതിനായി ദേവികുളം സബ്കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: