അന്തിക്കാട്: മദ്യപരുടെ വിളയാട്ടത്തില്‍ പൊറുതിമുട്ടി അന്തിക്കാട് പോലീസ് സ്റ്റേഷന്. മുറ്റിച്ചൂര്‍ സ്വദേശികളായ ധനേഷ്, സനല്‍ എന്നീ രണ്ടു പേരാണ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ തെറിയഭിഷേകം നടത്തിയതിനും, സ്റ്റേഷനിലെ കസേരയും മറ്റും കേട് വരുത്തിയതിനും അറസ്റ്റിലായത്.
ശനിയാഴ്ച വൈകീട്ട് പെരിങ്ങോട്ടുകര പാലസ് ബാറില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി മദ്യക്കുപ്പികള്‍ തകര്‍ത്തതിനെ തുടര്‍ന്നാണ് ഇരുവരേയും അന്തിക്കാട് പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.
സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇവര്‍ പോലീസിനെതിരെ തിരിയുകയും വസ്തുക്കള്‍ നശിപ്പിക്കുകയുമായിരുന്നു. ഇരുവര്‍ക്കുമെതിരെ കേസ്സെടുത്തു. റോഡരുകില്‍ വാഹനത്തില്‍ ഇരുന്ന് മദ്യപിച്ചിരുന്ന രണ്ടു പേരെ ഒരാഴ്ച മുമ്പ് സ്റ്റേഷനില്‍ കൊണ്ടു വന്നപ്പോള്‍ പോലീസുകാരെ അക്രമിച്ചതിന് റിമാന്‍ഡിലാണ്. അവര്‍ ലോക്കപ്പിലെ കമ്പികള്‍ പിഴുതു മാറ്റിയും, അലമാരകള്‍ നശിപ്പിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: