ഓരോന്നിനും ഓരോ സമയമുണ്ട്. ജീവിതത്തിലെ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ചവര്‍ അന്യനാട്ടില്‍ ഒരേ സ്വപ്നവുമായെത്തുന്നു. ഒരാള്‍ സഞ്ചരിച്ച വഴിയിലൂടെ തന്നെ മറ്റൊരാള്‍ സഞ്ചരിക്കുന്നു. ~കടന്നുപോയ വഴികള്‍, സുഹൃത്തുക്കള്‍, ചുറ്റുപാടുകള്‍ ഇവ സമാനം. യാത്രയ്ക്കിടയില്‍ എവിടെ വച്ചോ അവര്‍ കണ്ടുമുട്ടുന്നു. ഹായ് പറഞ്ഞ് പിരിയുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരൊറ്റ ചങ്ക്സായി അവരെ കാലം മാറ്റുന്നു. കാലം കരുതിവച്ച നിയോഗവും സൗഹൃദങ്ങളും അങ്ങനെയാണ്.
കാനറ ബാങ്കിലെ ഡിജിഎം ആയ ചങ്ങനാശ്ശേരിക്കാരന് മാത്യുജോസഫിന്റെയും പിഡബ്ല്യുഡി സൂപ്രണ്ട് എഞ്ചിനീയറായിരുന്ന രജീന അഗസ്റ്റിന്റെയും മകന് റോഷന് മാത്യുവിന്റെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ തുടക്കം പഞ്ചാബിലായിരുന്നു. മൂവാറ്റുപുഴയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന ബാലചന്ദ്രന്‍നായരുടെയും സിവില്‍ എഞ്ചിനീയറായ ജയയുടെയും മകനായ വിശാഖ് നായര്‍ വിദ്യാഭ്യാസം തുടങ്ങിയത് ഷാര്‍ജയില്‍.
പക്ഷേ രണ്ടുപേരുടെയും രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഒരു ഘടകം നാടകമായിരുന്നു. ചെന്നൈ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ബിഎസ്സി ഫിസിക്സ് പഠിക്കാനെത്തിയ റോഷനും മംഗലാപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ ് പഠിക്കാനെത്തിയ വിശാഖും ‘വഴി തെറ്റിയത്’ പെട്ടന്നായിരുന്നു.
പഠനത്തെ മറന്ന് ഇരുവരും നാടകലോകത്തേയ്ക്ക് പറന്നു. ചെന്നൈയില്‍ റോഷന് തിളങ്ങിയ അതേ നാടകഗ്രൂപ്പില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം വിശാഖുമെത്തി. റോഷന് താമസിച്ച അതേ ഫ്ളാറ്റില്‍ അതേ ഫ്ളോറില്‍ വിശാഖും താമസിച്ചു. ഒടുവില്‍ രണ്ടുപേരുടെയും ജീവിതം കൂട്ടിമുട്ടിയപ്പോള്‍ സൃഷ്ടിക്കപ്പെട്ടത് ചരിത്രമാണ്. മലയാള സിനിമയിലെ പുതിയ രണ്ട് താരങ്ങളുടെ ഉദയം.
വിനീത് ശ്രീനിവാസന് നിര്‍മ്മിച്ച ഗണേശ് രാജിന്റെ ‘ആനന്ദ’ത്തിലൂടെ പ്രേക്ഷക മനസില്‍ ഇടം തേടിയ ‘ഗൗതമും’ ‘കുപ്പിയും’ പത്തുമാസങ്ങള്‍ക്കുശേഷം വീണ്ടും ഒരുമിച്ച് എത്തുന്നു. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി. സുരേഷ്കുമാര്‍ നിര്‍മ്മിക്കുന്ന ‘മാച്ച് ബോക്സ്’ എന്ന ചിത്രത്തിലൂടെയാണ് റോഷനും വിശാഖും വീണ്ടുമെത്തുന്നത്. ആഗസ്റ്റ് 11ന് ‘മാച്ച് ബോക്സ്’ റിലീസാകുമ്പോള്‍ രണ്ടുപേരുടെയും രണ്ടുചിത്രങ്ങള്‍ വീതം തീയേറ്ററിലുണ്ടാവുമെന്ന പ്രതേ്യകതയുമുണ്ട്.
”ആദ്യം വര്‍ക്ക് ചെയ്തിരുന്ന ലിറ്റില്‍ തീയേറ്റര്‍ ഗ്രൂപ്പില്‍ പുതിയ കുട്ടികളുടെ റിഹേഴ്സല്‍ കാണാനെത്തിയപ്പോഴാണ് വിശാഖ് നായരെ ആദ്യം പരചയപ്പെടുന്നത്. അന്ന് ഒരു ഹായ് പറഞ്ഞു പിരിഞ്ഞു”-റോഷന് പറയുന്നു.
മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് കഴിഞ്ഞ് ലഭിച്ച ജോലി വഴിച്ചെറിഞ്ഞ് താന്‍ നാടകത്തിനുപുറകെ പോകുമ്പോള്‍ ഒരിക്കലും സിനിമ ലക്ഷ്യമായിരുന്നില്ലെന്ന് വിശാഖ് നായര്‍ പറയുന്നു. ”മംഗലാപുരത്തെ കോളേജില്‍ ആര്‍ട്സിനു വളരെ പ്രാധാന്യം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ഡ്രാമാ സൊസൈറ്റി ഒക്കെയുണ്ടാക്കി നാടകം കളിച്ചുനടന്നു.
മംഗലാപുരം റോട്ടറി ക്ലബുമായി ചേര്‍ന്ന് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായും ധാരാളം നാടകം അവതരിപ്പിച്ചിരുന്നു. ക്യാമ്പസ് പ്ലെയ്സ്മെന്റിലൂടെ ചെന്നൈയില്‍ മെഴ്സിഡന്‍സ് ബെന്‍സ് കമ്പനിയില്‍ ജോലി ലഭിച്ചു. രണ്ടുവര്‍ഷം ജോലി ചെയ്തു. ജോലിയ്ക്കിടയിലും നാടകം കൈവിട്ടില്ല.
കിരീടം ഉണ്ണിയാണ് റോഷന് മാത്യുവിന് സിനിമയിലേയ്ക്ക് വഴി തുറന്നത്. ”കുടുംബസുഹൃത്തായ അദ്ദേഹമാണ് ഒരു ചടങ്ങില്‍ എന്റെ അവതരണം കണ്ടിട്ട് നിനക്ക് ഒന്നു രണ്ടുപേരെ പരിചയപ്പെടുത്തി തരാമെന്നു പറയുന്നത്. നിര്‍മ്മാതാക്കളായ ആന്‍ഡ്രു ജോസഫിനെയും ആന്റണി പെരുമ്പാവൂരിനെയും അങ്ങനെയാണ് പരിചയപ്പെട്ടത്.
അന്ന് ആന്‍ഡ്രൂ ജോസഫിനൊപ്പമുണ്ടായിരുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്ന ഡിക്സണ്‍ കൊടിത്താസ് ആണ് ‘പുതിയ നിയമത്തില്‍’ അവസരം തന്നത്. ‘പുതിയ നിയമ’ത്തിനുശേഷം ഫ്രൈഡേ ഫിലിംസ് വഴി ‘അടി കപ്യാരേ കൂട്ടമണി’യിലെത്തെി. ‘ആനന്ദ’ത്തിന്റെ തിരക്കഥാകൃത്ത് രാകേഷ് മണ്തോടിയാണ് താന്‍ പുതിയ ഒരു തിരക്കഥയെഴുതിയിട്ടുണ്ടെന്നും സംവിധായകന് ഗണേശ് രാജിനെ സമീപിക്കാനും പറയുന്നത്.”
ആനന്ദത്തിന്റെ ഓഡിഷനുവേണ്ടി സിനിമാ ടീം തീയേറ്റര്‍ ഗ്രൂപ്പുകളെയും കോളേജുകളെയുമാണ് സമീപിച്ചത്. ചെന്നൈയിലെ തീയേറ്റര്‍ ഗ്രൂപ്പുകളില്‍നിന്ന് ‘ആനന്ദ’ത്തെക്കുറിച്ച് അറിഞ്ഞ വിശാഖ് തന്റെ പെര്‍ഫോമന്‍സ് ഗണേശ് രാജിന് അയച്ചുകൊടുക്കുകയായിരുന്നു. ”ആനന്ദ”ത്തിന്റെ സെറ്റില്‍ വച്ചാണ് വര്‍ഷങ്ങള്‍ക്കുശേഷം റോഷനെ കണ്ടുമുട്ടുന്നത്.
ചെന്നൈയില്‍ ലിറ്റില്‍ തീയേറ്റേഴ്സിലെ നാടകങ്ങള്‍ കൂടുതലും കുട്ടികള്‍ക്ക് രസം പകരുന്നതായിരുന്നു. അതിലെ അനുഭവം ആനന്ദത്തിലെ ‘കുപ്പി’യെ അവതരിപ്പിക്കാന്‍ സഹായമായി. 58 ദിവസത്തെ ഷൂട്ടും അതിനുശേഷം ഡബ്ബിംഗും പ്രൊമോഷന് വര്‍ക്കുകള്‍ക്കുമുള്ള യാത്രയുമെല്ലാം ‘ആനന്ദ’ത്തെ ഒരു ടീമാക്കി മാറ്റി. റോഷനെ അടുത്ത സുഹൃത്തും’ വിശാഖ് പറയുന്നു.
മറ്റുള്ളവരില്‍നിന്നും വ്യത്യസ്തമായി ഒരുമിച്ച് അഭിനയിക്കുമ്പോഴുള്ള ഒരു കെമിസ്ട്രിയാണ് വിശാഖും താനും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ആഴത്തിലാക്കിയതെന്ന് റോഷന് പറയുന്നു.
” ആനന്ദം കണ്ട പ്രതീക്ഷയില്‍ ഞങ്ങളെ കാണാനെത്തുന്നവര്‍ക്ക് വ്യത്യസ്തമായി എന്തെങ്കിലും നല്കാന് കഴിഞ്ഞില്ലെങ്കില്‍ അവരെ ചതിക്കുന്നതിന് തുല്യമാവും. അതുകൊണ്ട് ഒരുമിച്ചുള്ള പല സിനിമകളും ഉപേക്ഷിച്ചിരുന്നു.
ആയിടയ്ക്കാണ് ‘മാച്ച് ബോക്സി’ന്റെ കാര്യം സംവിധായകന് ശിവറാം മണി റോഷനോട് പറയുന്നത്. തമിഴ് സിനിമകളിലും പരസ്യങ്ങളിലും ഷോര്‍ട്ട് ഫിലിമുകളിലും പ്രവര്‍ത്തിച്ചിട്ടുള്ള ശിവറാമിനോട് കഥ കേള്‍ക്കാമെന്ന് റോഷന് സമ്മതിച്ചു. തിരക്കഥാകൃത്തുക്കള്‍ നിഖില്‍ ആനന്ദും കെന്നി പെറോസിയുമായിരുന്നു.
റോഷന് ശിവറാമിനെയും നിഖിലിനെയും കണ്ടു. ആദ്യ പരിചയപ്പെടലില്‍ തന്നെ റോഷന് കഥ ഇഷ്ടമായി. റോഷന്റെ കഥാപാത്രമായ അംബുവിന്റെ കൂട്ടുകാരനായ പാണ്ടിയെ ഞാന്‍ അവതരിപ്പിച്ചാല്‍ നന്നാവുമെന്ന് റോഷനാണ് പറയുന്നത്. കഥ കേട്ടതോടെ എനിക്കും ഇഷ്ടമായി.” വിശാഖ് പറഞ്ഞുനിര്‍ത്തി.
മാച്ച് ബോക്സ് ചെയ്യാമെന്നു റോഷനും വിശാഖും പറഞ്ഞുവെങ്കിലും നിര്‍മ്മാതാക്കളെ കിട്ടിയില്ല. ഈ സമയത്താണ് രേവതി കലാമന്ദിര്‍ ‘മാച്ച്ബോക്സി’ന്റെ കഥ കേള്‍ക്കുന്നത്. നിര്‍മ്മാതാവ് ജി. സുരേഷ്കുമാറും മേനകാ സുരേഷും കഥ കേട്ടയുടന്‍ കൈകൊടുത്തതോടെ അഭിനേതാക്കള്‍ എന്നനിലയില്‍ തങ്ങളുടെ ആത്മവിശ്വാസം ഇരട്ടിയായതായി റോഷനും വിശാഖും പറയുന്നു.
”രേവതി കലാമന്ദിര്‍ പോലെ ഇത്രയും പാരമ്പര്യമുള്ള നിര്‍മ്മാണ കമ്പനി ഒരു ഇടവേളയ്ക്കുശേഷം ഞങ്ങളുടെ സിനിമ ചെയ്യാമെന്ന് പറഞ്ഞതുതന്നെ ഭാഗ്യമാണ്. ‘മാച്ച് ബോക്സി’ല്‍ അഭിനയിക്കാനുള്ള തീരുമാനം ശരിയായിരുന്നുവെന്നു ഞങ്ങള്‍ക്ക് തീര്‍ച്ചയായി.
‘ആനന്ദ’ത്തില്‍ അഭിനയിച്ചപ്പോഴുള്ളതിനേക്കാള് ഇരട്ടി ആത്മവിശ്വാസത്തിലാണ് ഞങ്ങളിപ്പോള്‍. പ്രണയവും സൗഹൃദവും നര്മ്മവുമൊക്കെയുള്ള ‘മാച്ച് ബോക്സി’ന്റെ പ്രതേ്യകത അതിന്റെ അവതരണ രീതിതന്നെയാണ്. നടന് ജോയി മാത്യുവിന്റെ മകന് മാത്യു ജോയി മാത്യുവിന്റേയും നടന് ഷൈന്‍ ടോം ചാക്കോയുടെ അനിയന് ജോ ചാക്കോയുടെയും ആദ്യസിനിമയെന്ന പ്രത്യേകയും ചിത്രത്തിനുണ്ട്.
‘ആനന്ദ’ത്തിന്റെ സംവിധായകന് ഗണേശ് രാജിനേയും ഒരേ സമയം പ്രൊഫഷണലാവുകയും സാധാരണക്കാരെപോലെ എല്ലാവരോടും ഒരുപോലെ ഇടപഴകുകയും ചെയ്യുന്ന ആനന്ദത്തിന്റെ നിര്‍മാതാവ് വിനീത് ശ്രീനിവാസനേയും മറക്കാന്‍ സാധിക്കില്ലെന്നും ഇവര്‍ പറയുന്നു.
‘മാച്ച് ബോക്സ്’ റിലീസാവുമ്പോള്‍ തീയേറ്ററുകളില്‍ റോഷന്റെ ‘കടങ്കഥ’യും വിശാഖിന്റെ ‘ചങ്ക്സും’ പ്രദര്‍ശനത്തിനുണ്ട് എന്ന പ്രതേ്യകതയുമുണ്ട്. ഒക്ടോബറില്‍ വലിയൊരു പ്രോജക്ടിന്റെ ഭാഗമാകുന്നതിന്റെ സന്തോഷത്തിലാണ് റോഷന്. ഒക്ടോബറില്‍ വിശാഖിന്റെ അടുത്ത ചിത്രമായ ചെമ്പരത്തിപൂവ് റിലീസാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: