ശ്രീകണ്ഠാപുരം: നരേന്ദ്രമോദി ഭരണത്തില്‍ സംസ്ഥാന വികസനത്തിനായി കോടികളുടെ ഫണ്ടാണ് അനുവദിച്ചുകൊണ്ടിരിക്കുന്നതെന്നും ഈ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും ഇവരുടെ ഭരണപരാജയം മറച്ചുവെച്ചുകൊണ്ട് ഇടതു-വലത് മുന്നണികള്‍ കേന്ദ്രസര്‍ക്കാറിനെതിരെ നടത്തുന്ന കുപ്രചാരപണങ്ങള് കേരളത്തിലെ ജനങ്ങള്‍ പുച്ഛിച്ചു തള്ളിയിരിക്കുകയാണെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് പ്രസ്താവിച്ചു. ബിജെപി ഇരിക്കൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ദീന്‍ദയാല്‍ ഉപാധ്യായ ജന്മശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ശ്രീകണ്ഠാപുരത്ത് നടത്തിയ മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിഎ സര്‍ക്കാറില്‍ എട്ട് കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ നിന്നും ഉണ്ടായിട്ടും എടുത്തുപറയത്തക്ക വികസന പദ്ധതികളൊന്നും കേരളത്തിന് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ബിജെപിക്ക് ഒരു മന്ത്രിപോലുമില്ലാത്ത കേരളത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കോടികളുടെ വികസന പദ്ധതികളാണ് അനുവദിച്ചുകൊണ്ടിരിക്കുന്നത്. കമ്മ്യൂണിസത്തിനും മുതലാളിത്തത്തിനും നാടിനെ രക്ഷിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് ഭാരതത്തില്‍ തകര്‍ന്നു കഴിഞ്ഞു. സ്വന്തം എംഎല്‍എമാരെ പോലും നേതൃത്വത്തിന് വിശ്വാസമില്ലാതെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റേണ്ട ഗതികേടാണ് കോണ്ഗ്രസ്സിനുണ്ടായിട്ടുള്ളത്. സിപിഎമ്മും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ബിജെപി ശക്തിപ്രാപിച്ചുവരികയാണ്. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പോടു കൂടി കേരളത്തില്‍ ബിജെപിക്ക് ഒന്നിലധികം എംപിമാര്‍ കേരളത്തില്‍ നിന്നും ഉണ്ടാകുമെന്നും കുമ്മനം പറഞ്ഞു. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി തുടങ്ങിയവരെല്ലാം ദീന്‍ദയാല്‍ ഉപാധ്യായയുടെ ദര്ശങ്ങളെ സഫലീകരിക്കാന്‍ നിയുക്തരായവരാണ്. 70 വര്‍ഷം മുമ്പ് ജന്മിത്വത്തിനെതിരെ പുന്നപ്ര-വയലാര്‍ സമരം നടത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കളില്‍ ചിലര്‍ ഇന്ന് ജന്മികളായി മാറിയിരിക്കുകയാണ്. മുന്നാറില്‍ കയ്യേറ്റത്തിലൂടെ 850 ഏക്കര്‍ സ്ഥലമാണ് ഇവര്‍ സ്വന്തമാക്കിയിരിക്കുന്നത്. ആദര്‍ശമോ കര്‍മ്മപദ്ധതികളോ ഇല്ലാത്ത, അക്രമം മാത്രം കൈമുതലാക്കിയ പാര്‍ട്ടിയായി സിപിഎം മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കെ.ജെ.മാത്യു അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളില്‍ മേഖലാ പ്രസിഡണ്ട് എ.പി.ഗംഗാധരന്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി.രത്നാകരന്, വൈസ് പ്രസിഡണ്ടുമാരായ കെ.രാധാകൃഷ്ണന്, ആനിയമ്മ രാജേന്ദ്രന് തുടങ്ങിയവര്‍ ക്ലാസെടുത്തു. മണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി.രമേശന് സ്വാഗതവും സി.പുരുഷോത്തമന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: