അപ്രതീക്ഷിതമോ അസാധാരണമോ അല്ല ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള വെങ്കയ്യ നായിഡുവിന്റെ വിജയം. കണക്കുകൂട്ടലും കാത്തിരിപ്പും തെറ്റിക്കാതെ പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള ഭരണപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി അനായാസം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പദവിയിലേക്ക് ജയിച്ചുകയറി.
തോല്‍ക്കുമെന്നുറപ്പുള്ള തെരഞ്ഞെടുപ്പിനിറങ്ങുമ്പോഴും മത്സരത്തെ ആദര്ശവത്കരിക്കാന് ശ്രമിച്ച പ്രതിപക്ഷത്തിന് രാഷ്ട്രീയപരമോ ആശയപരമോ ആയ എന്തെങ്കിലും നേട്ടം ലഭിച്ചതുമില്ല.
ബംഗാള്‍ ഗവര്‍ണറായിരുന്ന ഗോപാല്‍കൃഷ്ണ ഗാന്ധിക്കെതിരെ നന്ദിഗ്രാം വിഷയത്തില്‍ സിപിഎം ഇടഞ്ഞിരുന്നു.
അതേ പാര്‍ട്ടി തന്നെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഗോപാല്‍കൃഷ്ണ ഗാന്ധിയെ പിന്തുണച്ചത് വിരോധാഭാസം. ഭീകരവാദി യാക്കൂബ് മേമനെ തൂക്കിക്കൊല്ലുന്നതിനെതിരെ അക്ഷീണം പ്രയത്നിച്ച ഗോപാല്‍ കൃഷ്ണയുടെ ‘മനുഷ്യാവകാശ പ്രവര്‍ത്തനം’ തിരിച്ചറിഞ്ഞാവാം സിപിഎമ്മിന്റെ പിന്തുണ!.
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ചരിത്രം തിരുത്തുന്ന തിരക്കിലാണിപ്പോള്‍ ബിജെപി. ലോക്സഭയില്‍ ഒറ്റക്ക് ഭൂരിപക്ഷം. 18 സംസ്ഥാനങ്ങളില്‍ ബിജെപിയോ സഖ്യകക്ഷികളോ ഭരിക്കുന്നു. വെങ്കയ്യയുടെ വിജയവും ചരിത്രം സൃഷ്ടിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ മൂന്ന് സ്ഥാനങ്ങളില്‍ ആദ്യമായി ഒരേ സമയത്ത് ആര്എസ്എഎസ്സിലൂടെ വന്നവര്‍ അധികാരം കയ്യാളുന്നു.
പത്ത് വര്‍ഷത്തിനുശേഷമാണ് ബിജെപിക്കാരനായ ഉപരാഷ്ട്രപതിയെ ഇന്ത്യക്ക് ലഭിക്കുന്നത്. രാജസ്ഥാന് മുന്‍ മുഖ്യമന്ത്രിയായിരുന്ന ഭൈരോണ്‍ സിംഗ് ഷെഖാവത്ത് 2002 മുതല്‍ 2017 വരെ ഉപരാഷ്ട്രപതിയായിരുന്നു. ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചപ്പോള്‍ നരേന്ദ്രമോദി തേടിയതും ഷെഖാവത്തിന്റെ പ്രതിപുരുഷനെയാണ്.
മന്ത്രിസഭാംഗത്തെ ഉപരാഷ്ട്രപതിയാക്കാന്‍ പ്രധാനമന്ത്രിക്ക് താല്പര്യമില്ലെന്നായിരുന്നു മാധ്യമവിലയിരുത്തല്. രാജ്യസഭയുടെ അധ്യക്ഷനാണ് ഉപരാഷ്ട്രപതി. അനുഭവ സമ്പത്തും പ്രവര്‍ത്തന പരിചയവുമാണ് വെങ്കയ്യയെ തെരഞ്ഞെടുക്കാന്‍ നരേന്ദ്ര മോദിയെ പ്രേരിപ്പിച്ചതും.
മൂന് പാര്‍ലമെന്ററികാര്യ മന്ത്രി ഉപരാഷ്ട്രപതിയാകുന്നതും ആദ്യം. രാജ്യസഭയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും സുഗമമായ നടത്തിപ്പിനും വെങ്കയ്യയുടെ രാഷ്ട്രീയ സാമര്‍ത്ഥ്യവും അനുഭവ പരിചയവും സഹായകമാവും.
രാജ്യസഭയില്‍ പ്രതിപക്ഷത്തിനാണ് മുന്‍തൂക്കം. അനാവശ്യ രാഷ്ട്രീയ എതിര്‍പ്പുകള്‍ ഉയര്‍ത്തി ബില്ലുകള്‍ പാസാക്കുന്നതുള്‍പ്പെടെ പ്രതിപക്ഷം തടസ്സപ്പെടുത്തുന്നുണ്ട്. ഇത് മറികടക്കാന്‍ വെങ്കയ്യയിലൂടെ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നിലവിലെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പലപ്പോഴും പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുന്നതായും സര്‍ക്കാരിന് പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: