അടിമാലി: ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം ഹൈറേഞ്ച് മേഖലകളില്‍ പെയ്ത ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടം.
അടിമാലി-കുമളി ദേശീയപാതയില്‍ ആയിരമേക്കറില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. ഇന്നലെ 1.30തോടെയാണ് സംഭവം. റോഡരികില്‍ നിന്ന ഉണങ്ങി ദ്രവിച്ച് തുടങ്ങിയ തെങ്ങാണ് കടപുഴകി വീണത്. ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. അത്ഭുതകരമായാണ് യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപെട്ടത്. അടിമാലിയില്‍ നിന്നും കട്ടപ്പനയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഏറേനേരം ഗതാഗതം തടസ്സപ്പെട്ടു. അടിമാലിയില്‍ മുസ്ലിംപള്ളിക്ക് സമീപം തോട്ടത്തില്മാലില് സജിയുടെ വീട്ടിലേക്ക് മണ്‍തിട്ട ഇടിഞ്ഞ് വീട് ഭാഗീകമായി തകര്‍ന്നു.
രാവിലെ പെയ്ത ശക്തമായ മഴയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. നാട്ടുകാരുടെ നേതൃത്വത്തില്‍ മണ്ണ് നീക്കംചെയ്തു. വില്ലേജ് ഓഫീസറുള്‍പ്പടെയുള്ളവര്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ആനച്ചാലില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണു. നാട്ടുകാര്‍ ഏറെ നേരം പണിപ്പെട്ടാണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്. മഴക്കാലം ആരംഭിച്ച ശേഷം മേഖലയില്‍ ഇത്രയും അധികം നാശനഷ്ടം ഉണ്ടാകുന്നത് ഇത് ആദ്യമാണ്. കട്ടപ്പന അടക്കമുള്ള ചില മേഖലകളില്‍ മഴ ദുര്‍ബലമായിരുന്നെങ്കിലും ഇവിടങ്ങളില്‍ കഴിഞ്ഞ ഏതാനം ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു.
ലോറേഞ്ച് മേഖലകളിലും മഴ തിമിര്‍ത്ത് പെയ്തതോടെ തോടുകളും നീര്‍ച്ചാലുകളും സജീവമായിട്ടുണ്ട്. പലയിടങ്ങളിലും തോടുകള്‍ നിറഞ്ഞൊഴുകുകയാണ്. തൊടുപുഴയാറിലും നീരൊഴുക്ക് കൂടിയിട്ടുണ്ട്. ഏതാനം ദിവസം കൂടി ജില്ലയില്‍ ഇടവിട്ട് ശക്തമായ മഴലഭിക്കുമെന്നാണ് വിവരം. കനത്ത മഴയില്‍ തൊടുപുഴ മുനിസിപ്പല്‍ പാര്‍ക്കില്‍ രാവിലെ വെള്ളം കയറിയിരുന്നു, നാശനഷ്ടമില്ല.
ഗതാഗതം
തടസപ്പെട്ടു
കുളമാവ്: ശക്തമായ മഴയെ തുടര്‍ന്ന് കുളമാവ് ഡാമിന് സമീപം മരംവീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണ് മരം വീണത്. അരമണിക്കൂറോളം മേഖലയില്‍ ഗതാഗതം തടസപ്പെട്ടു. ഇടുക്കിയില്‍ നിന്നും അഗ്നിശമനസേന സംഘം എത്തിയാണ് മരം മുറിച്ച് മാറ്റിയത്.
ലോവര്‍പെരിയാര്‍ തുറന്നു
ലോവര്‍പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നു. പരമാവധി സംഭരണശേഷിയായ 253.5 അടി എത്തിയതോടെയാണ് ഇന്നലെ വൈകിട്ട് 6.30 ഓടെ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. കല്ലാര്‍കുട്ടി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. 20 സെന്റിമീറ്റര്‍ കൂടി ഉയര്‍ന്ന് കഴിഞ്ഞാല്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഷട്ടറുകള്‍
തുറക്കാന്‍ സാധ്യത
മലങ്കര അണക്കെട്ട് തുറക്കാന്‍ സാധ്യത. ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഡാമിലെ ജലനിരപ്പ് 40.80 മീറ്ററില്‍ എത്തി നില്ക്കുന്നു. ഇത് 41 മീറ്ററില്‍ എത്തിയാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് വിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: