കാക്കനാട്: സമരത്തിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ സിപിഎം നേതാക്കളെ ആറ് മാസം തടവിന് ശിക്ഷിച്ചു. തൃക്കാക്കര നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് കെ.ടി.എല്‍ദോ, പൊതുമരാമത്ത് സ്ഥിരം സമതി അംഗം സി.പി.സാജല്‍, ഡി.വൈ.എഫ്.ഐ നേതാക്കളായ ഷിഹാബ്, സ്മിത്, സലാവുദ്ദീന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികള്‍ ഓരോരുത്തരും 5000 രൂപ വീതം പിഴയും നല്‍കണം. കുന്നംപുറം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ശിക്ഷിച്ചത്. 2014 ഒക്ടോബര്‍ 14ന് മുനിസിപ്പല്‍ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ സമരത്തിനിടെ അതിക്രമിച്ച് കയറി നഗരസഭയുടെ കവാടം തകര്‍ത്ത കേസിലാണ് വിധി. സമരക്കാരെ നേരിടാന്‍ ഓഫീസിന് വടക്ക് വശത്ത് അടച്ചിട്ടിരുന്ന പ്രധാന കവാടം അമ്പതോളം പേര് ചേര്‍ന്ന് നശിപ്പിച്ചെന്നാണ് കേസ്. അതിക്രമിച്ച് കയറിയ പ്രതിഷേധക്കാര്‍ കവാടത്തിന്റെ ഗ്രില്ല് നശിപ്പിച്ചെന്ന് കാട്ടി അന്നത്തെ നഗരസഭ സെക്രട്ടറിയാണ് പരാതി നല്‍കിയത്. കണ്ടാലറിയാവുന്ന അമ്പതോളം പ്രവര്‍ത്തകര്‍ക്കെതിരെ തൃക്കാക്കര പോലീസ് കേസെടുത്തിരുന്നു. അന്വേണം നടത്തി തിരിച്ചറിഞ്ഞവര്ക്കെതിരെയാണ് കേസെടുത്ത് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. അന്നത്തെ സര്‍ക്കാറിനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായാണ് തൃക്കാക്കര നഗരസഭയിലേക്ക് സമരം നടത്തിയത്. നഗരസഭയ്ക്ക് വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. സ്വപന ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: