കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനെതിരെയുള്ള കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ കുറ്റപത്രം സമര്‍പ്പിക്കും. കുറ്റപത്രം സമര്‍പ്പിച്ച് ദിലീപിന്റെ ജാമ്യം തടയുകയാണ് ലക്ഷ്യം.
ബലാത്സംഗം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവയടക്കമുള്ള വകുപ്പുകള്‍ ദിലീപിനെതിരെ ചുമത്തിയേക്കും. അന്വേഷണ സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദിലീപിനെ ഉള്‍പ്പെടുത്തിയുള്ള രണ്ടാം കുറ്റപത്രവും പള്‍സര്‍ സുനിയെ മുഖ്യ പ്രതിയാക്കിയുള്ള ഒന്നാം കുറ്റപത്രവും ഒന്നിച്ചു വിചാരണ നടത്താന്‍ കഴിയുന്ന രീതിയിലേക്കാണ് പോലീസ് നീങ്ങുന്നത്. രണ്ടാം കുറ്റപത്രത്തില്‍ നടന് ദിലീപ് രണ്ടാം പ്രതിയാകുമെന്നാണു സൂചന.
അതേസമയം, റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ തിങ്കളാഴ്ച ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന. ആദ്യം ദിലീപിനു വേണ്ടി ഹാജരായ കെ. രാംകുമാറിനു പകരം മറ്റൊരു മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിള്ളയാണു ജാമ്യാപേക്ഷ സമര്‍പ്പിക്കുക. ദിലീപിന്റെ കേസ് ഏറ്റെടുത്തെന്നു വ്യക്തമാക്കിയ രാമന്‍പിള്ള കേസ് പഠിക്കുകയാണെന്നും അതിനുശേഷം നടപടിക്രമങ്ങളിലേക്കു കടക്കുമെന്നും പറഞ്ഞു.
ദിലീപിനെതിരേ ശക്തമായ തെളിവുണ്ടെന്നും കേസിലെ നിര്‍ണായക തെളിവായ അതിക്രമ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ലഭിച്ചിട്ടില്ലെന്നും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ചോദ്യം ചെയ്യലിനു ഹാജരായില്ലെന്നും തുടങ്ങിയ പ്രോസിക്യൂഷന് വാദങ്ങള്‍ അംഗീകരിച്ചാണു ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: