ഗുരുവായൂര്‍: വിവാഹവേദിയില്‍ നിന്ന് കാമുകനൊപ്പം ഇറങ്ങിപ്പോയി എന്ന രീതിയില്‍ യുവതിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ ശരിയല്ലെന്ന് കെ.വി. അബ്ദുള്‍ഖാദര്‍ എംഎല്‍എ. യുവതി വീട്ടുകാര്‍ക്കൊപ്പമാണ് ഇപ്പോഴും കഴിയുന്നത്. സമൂഹമാധ്യമങ്ങളില്‍ തെറ്റായ പ്രചാരണമാണ് നടക്കുന്നത്.
വിവാഹത്തിനിഷ്ടമല്ലെന്ന കാര്യം യുവതി വീട്ടുകാരെ ധരിപ്പിച്ചിരുന്നു.
ഇത് പരിഗണിക്കാതെയാണ് വിവാഹം തീരുമാനിച്ചത്. കാമുകനെന്ന് പറയുന്ന യുവാവ് വിവാഹമണ്ഡപത്തിനടുത്ത് എത്തിയിട്ടുണ്ടെന്ന കാര്യം പറയുക മാത്രമാണ് യുവതി ചെയ്തത്. ഇതേത്തുടര്‍ന്ന് വരന്റെ വീട്ടുകാരാണ് വിവാഹം ഉപേക്ഷിച്ച് മടങ്ങിയത്. എംഎല്‍എ പറഞ്ഞു. യുവതിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് എംഎല്‍എയുടെ വിശദീകരണം.
സംഭവത്തില്‍ ഇടപെടുമെന്നും യുവതിയെ അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വനിതാകമ്മീഷന് അംഗം എം.സി. ജോസഫൈന് പറഞ്ഞു. കമ്മീഷന് ഇന്ന് യുവതിയുടെ വീട് സന്ദര്‍ശിക്കും. അതേസമയം കാമുകനെന്ന് പറയുന്ന യുവാവിന്റെ പോസ്റ്റും സമൂഹമാധ്യമങ്ങളില്‍ ഏറെ വിവാദം സൃഷ്ടിക്കുന്നു. തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും 20 വയസ്സ് മാത്രമേയുള്ളുവെന്നും ഈ സാഹചര്യത്തില്‍ വിവാഹം കഴിക്കാന്‍ സാധ്യമല്ലെന്നുമാണ് യുവാവിന്റെ പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: