കുറ്റിയാടി: മൊകേരിയിലെ വട്ടക്കണ്ടിമീത്തല്‍ ശ്രീധരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നുപേരെയും കോടതി റിമാന്റ് ചെയ്തു. ശ്രീധരന്റെ വീട്ടില്‍ വീടു നിര്‍മ്മാണത്തിന് വന്ന പശ്ചിമ ബംഗാള്‍ സ്വദേശി പരിമള്‍ ഹല്ദാള്(45), ശ്രീധരന്റെ ഭാര്യ ഗിരിജ(36), ഭാര്യമാതാവ് കുണ്ടുതോട് ആനക്കുളത്തെ ദേവി(60) എന്നിവരെയാണ് നാദാപുരം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്ത് കോഴിക്കോട് ജില്ലാ ജയിലിലേക്ക് അയച്ചത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിന് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കുറ്റിയാടി സിഐ ടി. സജീവന് പറഞ്ഞു. മാസം എട്ടിന് രാത്രിയാണ് ശ്രീധരനെ കൊലപ്പെടുത്തിയത്.
ഭക്ഷണത്തില്‍ ഉറക്ക ഗുളിക ചേര്‍ത്ത് നല്‍കുകയും ബോധം നശിച്ചതിനുശേഷം ശ്രീധരനെ കഴുത്തില്‍ തോര്‍ത്തു മുണ്ട് മുറുക്കി തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ശ്രീധരനെ ഇല്ലാതാക്കിയാല്‍ മാത്രമേ ഗിരിജയെ വിവാഹം കഴിച്ച് ഒന്നിച്ച് താമസിക്കാന്‍ കഴിയൂ എന്ന് മനസ്സിലാക്കിയ പരിമള്‍ ഇതിനായി ഗിരിജയേയും അമ്മ ദേവിയേയും കൂടെനിര്‍ത്തുകയായിരുന്നു. അഞ്ചു മാസമായി വീട്ടുകാരനെപ്പോലെയാണ് പരിമള്‍ പെരുമാറിയിരുന്നത്. നാട്ടില്‍ ഭാര്യയും ഒരു കുട്ടിയും മാത്രമാണ് ഉള്ളതെന്നാണ് പരിമള്‍ ഗിരിജയോട് പറഞ്ഞത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്ത് തെളിവുകള്‍ ശേഖരിക്കുമെന്നും സിഐ പറഞ്ഞു.
ഗിരിജക്കും ശ്രീധരനും നാല് വയസ്സുള്ള ഒരു ആണ്‍കുട്ടിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: