അബ്ദുള്‍ നാസര്‍ മദനിയോടുള്ള സിപിഎമ്മിന്റെ പ്രണയം ഒരിക്കല്‍ക്കൂടി പുറത്തായിരിക്കുന്നു. ഇക്കുറി സുപ്രീംകോടതിയില്‍നിന്ന് കണക്കിന് കിട്ടുകയും ചെയ്തു. മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ജാമ്യം ലഭിച്ച മദനിക്ക് കേരളത്തില്‍ സുരക്ഷയൊരുക്കാന്‍ പതിനെട്ട് ലക്ഷം രൂപ വേണമെന്നും ഈ തുക തങ്ങള്‍ക്ക് വഹിക്കാനാവില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇത് അവസരമാക്കി മദനിയുടെ സുരക്ഷയൊരുക്കാന്‍ തയ്യാറാണെന്ന് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കര്‍ണാടക സര്‍ക്കാരിന്റെ നിലപാടിനെതിരെ മദനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മദനിയുടെ സുരക്ഷാ ചെലവ് സൗജന്യമായി വഹിക്കാമെന്ന്, അപേക്ഷ പരിഗണിക്കുന്നതിനിടെ കേരള സര്‍ക്കാരിന്റെ അഭിഭാഷകന് പറഞ്ഞതാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്. കര്‍ണാടക സര്‍ക്കാരിന്റെ നിബന്ധന തള്ളിയ പരമോന്നത നീതിപീഠം, പിണറായി സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ബെംഗളൂരു ബോംബു സ്ഫോടനക്കേസിലെ മുഖ്യ പ്രതിയായ മദനി കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണത്തടവുകാരനാണ്.
കര്‍ണാടകത്തിന്റെ കസ്റ്റഡിയിലുള്ള പ്രതിക്ക് സുരക്ഷയൊരുക്കാന്‍ കേരളത്തിന് എന്ത് അവകാശമെന്ന് ചോദിച്ച സുപ്രീംകോടതി, മദനിയെ കസ്റ്റഡിയില്‍ വച്ചിരിക്കുന്ന കര്‍ണാടകതന്നെ സുരക്ഷ നോക്കിയാല്‍ മതിയെന്ന് വ്യക്തമാക്കി. കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രം കേരളം അധികസുരക്ഷ നല്കിയാല് മതിയെന്നും കോടതി നിര്‍ദ്ദേശിച്ചു. സുരക്ഷാ ചെലവ് കര്‍ണാടക സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് ഉത്തരവിട്ടു. ഇതനുസരിച്ച് തുക 1.48 ലക്ഷമായി ചുരുക്കി. മദനിയുമായി സഖ്യമുണ്ടാക്കാനുള്ള സിപിഎമ്മിന്റെ അമിതാവേശമാണ് പിണറായിയിലൂടെ പുറത്തുവന്നത്. ഇത് വിചാരണത്തടവുകാരനായ ഏതെങ്കിലും പ്രതിയോടുള്ള മനുഷ്യത്വപരമായ സമീപനമല്ല, മറിച്ച് മദനിയെ പിന്തുണച്ചാല്‍ ഇസ്ലാമികമതമൗലികവാദത്തിന്റെയും വോട്ടുബാങ്കിന്റെയും കൂടുതല്‍ പിന്തുണ ലഭിക്കുമെന്ന കണക്കു കൂട്ടലിലാണ്. ഇപ്പോള്‍ തന്നെ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ പോലുള്ള മതതീവ്രവാദ സംഘടനകളുമായി സിപിഎമ്മിന് അനൗദ്യോഗിക സഖ്യമുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ഈ സംഘടനകളും ഏറെക്കുറെ ഒരേ മനസ്സോടെയാണ് പ്രവര്‍ത്തിച്ചത്.
ഐഎസ്എസ് എന്ന സംഘടനയുണ്ടാക്കി സംസ്ഥാനത്ത് കലാപങ്ങള്‍ കുത്തിപ്പൊക്കാന്‍ ശ്രമിച്ച മദനിയെ മതഭീകരനായി വളര്‍ത്തുന്നതില്‍ സിപിഎം വലിയ പങ്ക് വഹിക്കുകയുണ്ടായി. മദനിയും, മുസ്ലിംലീഗ് നേതാവും കടുത്ത മതതീവ്രവാദിയുമായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടും മഹാത്മാഗാന്ധിക്ക് സമന്മാരായ നേതാക്കളാണെന്ന് പാര്‍ട്ടി ആചാര്യനായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് ലേഖനമെഴുതിയത് വന്‍ വിവാദമായി. അന്ന് ഇതിന് ഇഎംഎസിനെ ശാസിച്ചെങ്കിലും സിപിഎമ്മിന്റെ നിലപാടില്‍ മാറ്റമൊന്നും വന്നില്ല. ഇഎംഎസിന്റെ തെറ്റ് പാര്‍ട്ടി ആവര്‍ത്തിച്ചുകൊണ്ടിരുന്നു. 1998 ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന എല്‍. കെ. അദ്വാനിയെ ലക്ഷ്യംവയ്ക്കുകയും, 58 പേര് കൊല്ലപ്പെടുകയും ചെയ്തതാണ് കോയമ്പത്തൂര്‍ ബോംബ് സ്ഫോടനം. ഈ കേസില്‍ വിചാരണത്തടവുകാരനായി കഴിഞ്ഞ മദനിയെ വിധി വരുന്നതിന് മുന്‍പ് ജയില്‍ മോചിതനാക്കണമെന്ന് നിയമസഭയില്‍ പ്രമേയം പാസ്സാക്കാന്‍ സിപിഎമ്മും ഇടതുമുന്നണിയും കോണ്‍ഗ്രസുമായി സഹകരിച്ചിരുന്നു. ഒരു ഭീകരാക്രമണക്കേസില്‍ മുഖ്യ പ്രതിയായ ഒരാള്‍ക്കുവേണ്ടിയാണ് നിയമനിര്‍മാണ സഭയെ ദുരുപയോഗിക്കുന്നതെന്ന് ഈ കക്ഷികള്‍ ചിന്തിച്ചില്ല.
2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മദനിയുമായി സിപിഎം പരസ്യമായി കൈകോര്‍ത്തു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് പൊന്നാനിയില്‍ മദനിയുമായി വേദി പങ്കിട്ടു. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്വെന്ഷന് പിണറായി ഉദ്ഘാടനം ചെയ്തത് മദനിയുടെ വലംകൈയായ പൂന്തുറ സിറാജിനൊപ്പമായിരുന്നു. എല്‍ഡിഎഫിന്റെ ചില ഘടകകക്ഷികള്‍ വിമര്‍ശിച്ചെങ്കിലും പിണറായിയും പാര്‍ട്ടിയും അതൊന്നും വകവച്ചില്ല. അവര്‍ സഖ്യവുമായി മുന്നോട്ടുപോയി. വി. എസ്. അച്യുതാനന്ദന്റെ ഭരണകാലത്ത് ജാമ്യത്തിലിറിങ്ങിയ മദനിയെ തിരികെ വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് പിഡിപി സ്വീകരിച്ചത്. കര്‍ണാടക ഭരിക്കുന്നത് ബിജെപിയാണെന്നായിരുന്നു കാരണം പറഞ്ഞത്. ഇതേ നിലപാടായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിനും. ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന് അത്യന്തം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി മദനിയെ ന്യായീകരിച്ചു.
മദനി കൊടുംഭീകരനാണ്. അസുഖമുണ്ട്, ആരോഗ്യനില തകരാറാണ് എന്നതൊന്നും ഇതിന് മാറ്റം വരുത്തുന്നില്ല. കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ വിട്ടയയ്ക്കപ്പെട്ട് കേരളത്തിലെത്തിയ മദനിക്ക് ശംഖുംമുഖത്ത് വലിയൊരു സ്വീകരണം നല്‍കിയിരുന്നു. മുന്‍കാലങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ ചില പാളിച്ചകള്‍ പറ്റിയെന്നും, ഇനി കൂടുതല്‍ ജാഗ്രത കാണിക്കുമെന്നാണ് പ്രസംഗത്തില്‍ മദനി അര്‍ത്ഥപൂര്‍ണമായി പറഞ്ഞത്. ഇതിനുശേഷമായിരുന്നു ബെംഗളൂരു സ്ഫോടനപരമ്പര നടന്നതും കേസില്‍ മദനി പ്രതിയായതും. ഈ കേസില്‍ മദനിക്കെതിരെ വ്യക്തമായ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മാനുഷിക പരിഗണന മുന്‍നിര്‍ത്തി മാത്രമാണ് കോടതി ഇപ്പോള്‍ മദനിക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്. എന്നാല്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിച്ച് മദനിക്ക് ചുവപ്പ് പരവതാനി വിരിക്കാന്‍ ഒരുങ്ങിയ പിണറായി സര്‍ക്കാര്‍ ഭീകരവാദത്തെ വെള്ളപൂശുകയാണ്. ഇത് രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ല, രാജ്യദ്രോഹപരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: