ന്യൂദല്‍ഹി: ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയെ നാളെ തെരഞ്ഞെടുക്കും. എന്‍.ഡി.എ സ്ഥാനാര്‍ഥി എം. വെങ്കയ്യ നായിഡുവും പ്രതിപക്ഷപാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ഥി ഗോപാലകൃഷ്ണ ഗാന്ധിയും തമ്മിലാണ് മത്സരം. വോട്ടെണ്ണലും നാളെ തന്നെ നടക്കും.
രഹസ്യ ബാലറ്റ് വഴിയാണ് തെരഞ്ഞെടുപ്പ്. രാജ്യസഭയിലെയും ലോക്സഭയിലെയും അംഗങ്ങള്‍ അടങ്ങുന്ന 790 പേരുള്ള ഇലക്ടറല്‍ കോളജാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുക.
സ്ഥാനാര്‍ഥികളുടെ പേര് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറുകളാണ് നല്‍കുക. ചിഹ്നങ്ങളൊന്നും രേഖപ്പെടുത്തിയിരിക്കില്ല. വോട്ടര്‍മാര്‍ക്ക് താത്പര്യമുള്ള പേരുകള്‍ തെരഞ്ഞെടുക്കാം. അതിന് പ്രത്യേക പേനയും ഉപയോഗിക്കണം. മറ്റേതു പേന ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയാലും ആ വോട്ട് അസാധുവാകും.
790 പേര് ഉള്‍പ്പെടുന്ന ഇലക്ട്രല്‍ കോളജില്‍ 430 പേരുടെ പിന്തുണയാണ് വെങ്കയ്യനായിഡുവിന് ഉള്ളത്. പുറമേ എ.ഐ.എ.ഡി.എം.കെ, വൈ.എസ്.ആര് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളും എന്‍.ഡി.എക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി വെങ്കയ്യനായിഡു ഏറെക്കുറെ വിജയം ഉറപ്പിച്ചിട്ടുണ്ട്.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയെ പിന്തുണച്ച ബിജുജനതാദള്‍, ജെ.ഡി.യു പാര്‍ട്ടികള്‍ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മഹാത്മാഗാന്ധിയുടെ ചെറുമകന് കൂടിയായ പ്രതിപക്ഷപാര്‍ട്ടി സ്ഥാനാര്‍ഥി ഗോപാല്‍കൃഷ്ണഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ജെ.ഡി.യു മഹാസഖ്യം വിട്ട് എന്‍.ഡി.എക്കൊപ്പം ചേര്‍ന്ന സാഹചര്യത്തില്‍ പ്രതിപക്ഷപാര്‍ട്ടി സ്ഥാനാര്‍ഥിക്കുള്ള പിന്തുണ തുടരുമോ എന്ന കാര്യം വ്യക്തമല്ല. തുടര്‍ച്ചയായി പത്ത് വര്‍ഷം ഉപരാഷ്ട്രപതി സ്ഥാനത്ത് ഇരുന്ന ശേഷമാണ് ആഗസ്ത് 10ന് ഹമിദ് അന്‍സാരി പടിയിറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: