രാത്രി ഡ്യൂട്ടി മെഡിക്കല്‍ മേഖലകളില്‍ ഒഴിച്ചു നിര്‍ത്താനാവില്ല. ഏതു പാതിരായ്ക്കും ഒരു രോഗി എത്തി എന്നുവരാം. ആക്സിഡന്റ് ഉണ്ടായി മരണാസന്നരെയും, കാലും കൈയും ഒടിഞ്ഞവരെയും വഹിച്ച് ആംബുലന്‍സുകള്‍ പാഞ്ഞെത്തി എന്നുവരാം. മികച്ച പരിശീലനമുള്ള ഡോക്ടറും നഴ്സും, മരുന്ന് എടുക്കാന്‍ ഫാര്‍മസിസ്റ്റുകളും ഉണ്ടായേ പറ്റൂ.
നഴ്സിങ് രംഗത്ത് ആണുങ്ങള് പൊതുവെ കുറവായതുകൊണ്ട് രാത്രി ജോലിക്കും നഴ്സുമാര്‍ നില്‍ക്കാതെ പറ്റില്ല. എങ്കിലും കഴിയുന്നതും രാത്രികാലങ്ങളില്‍ പറ്റാവുന്ന മേഖലകളിലെല്ലാം പുരുഷന്മാരെ ഇടുന്നതാവും നല്ലത്.
ഒരിക്കലും രാത്രി സമയത്ത് പെണ്‍കുട്ടികളെ ഹോസ്പിറ്റലില്‍ നിന്ന് താമസസ്ഥലത്തേക്ക്, അത് ദൂരെയാണെങ്കില്‍ അയയ്ക്കാതിരിക്കാന് ശ്രദ്ധിക്കണം. കഴുകന് കണ്ണുകള്‍ പലയിടത്തും ഒളിഞ്ഞിരിപ്പുണ്ട്. ദൂരെ പ്പോകേണ്ട സ്ത്രീജോലിക്കാരെ ഇരുട്ടുന്നതിനു മുന്‍പുതന്നെ വീടെത്താന്‍ തക്കവണ്ണം അയയ്ക്കേണ്ടതാണ്. ഇല്ലെങ്കില്‍ മുഴുവന്‍ രാത്രിയും ആശുപത്രിയില്‍തന്നെ നിര്‍ത്തുന്ന ഷിഫ്റ്റ് കൊടുക്കണം. പല ദുരനുഭവങ്ങളും വന്നിട്ടുള്ളതുകൊണ്ടുള്ള അപേക്ഷയാണിത്. എല്ലാ ഹോസ്പിറ്റല്കാരും രാത്രിഡ്യൂട്ടി വേണ്ടിവരുന്ന സ്ഥാപനക്കാരും ഒന്നു ശ്രദ്ധിച്ചാല്‍ നല്ലത്.
സ്ത്രീകളെ അവരുടെ താമസസ്ഥലത്ത് സുരക്ഷിതമായി കൊണ്ടെത്തിച്ചാലും മതിയാകും. ജോലി സമയം ദീര്‍ഘിച്ചാലും വാഹനത്തില്‍ മതിയായ സംരക്ഷണത്തില്‍ അവരുടെ താമസസ്ഥലത്ത് എത്തിച്ചേരാന്‍ കഴിയണം. ജീവിക്കാന്‍ വേണ്ടിയാണല്ലോ അവര്‍ ജോലിക്കുവരുന്നത്. അല്ലാതെ ജോലി ചെയ്യണമെന്ന നേര്ച്ചയൊന്നുമല്ലല്ലോ. ഏവര്‍ക്കും പ്രശ്നം ഒരു ചാണ്വയറു തന്നെ.
കെ.കെ. ലളിത,
കൊച്ചി
പ്രതികരിക്കാൻ ഇവിടെ എഴുതുക: