കണ്ണൂര്‍: വിമുക്ത ഭടന്റെ ദുരൂഹമരണത്തില്‍ തുടരന്വേഷണം വഴിമുട്ടി. 2010 ജൂലൈ 31 നാണ് പനോന്നേരിയിലെ ഓവുചാലില്‍ ഒഴുകിപ്പോയ നിലയില്‍ വിമുക്തഭടന് കെ.സി.ദിനേശന്റെ മൃതദേഹം കാണപ്പെട്ടത്. തലേദിവസം രാത്രി ഒരു മണിവരെ ആടൂര് പാലത്തിനടുത്ത് ഒരുവീട്ടില്‍ പന്തല്പണി കഴിഞ്ഞ് മടങ്ങിയ ദിനേശന് വീട്ടിലെത്താത്തിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വയല്ക്കരയില് മൃതദേഹം കാണപ്പെട്ടത്. തുടക്കത്തില്‍ ലോക്കല്പോലീസായിരുന്നു കേസന്വേഷിച്ചത്. ലോക്കല്‍ പോലീസിന് പ്രതികളെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണമേറ്റെടുത്തുവെങ്കിലും മരണവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല. പറയത്തക്ക ശത്രുക്കളൊന്നും ദിനേശനുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. യാതൊരുവിധ ശാസ്ത്രീയ തെളിവുകളും ശേഖരിക്കാതെ വഴിപാടുപോയെയാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോയതെന്നും ബന്ധിക്കള്‍ ആരോപിക്കുന്നു.
ദിനേശന് മരണപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സമീപത്തെ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കമുണ്ടായതായി ദൃക്സാക്ഷികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഈ സംഭവം വീട്ടുകാര്‍ക്കും അറിവുള്ളതാണ്. ദിനേശന്റെ മരണത്തിന് ലൗജിഹാദുമായി ബന്ധമുണ്ടെന്ന് സംശയിക്കത്തക്ക സാഹചര്യത്തെളിവുകളുണ്ടായിരുന്നെങ്കിലും ഫലപ്രദമായ അന്വേഷണം നടത്താതെ കേസ് അട്ടിമറിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. തലക്ക് പിറകില്‍ മാരകമായ മുറിവ് ഏല്ക്കുകയും മരണകാരണമാവുകയും ചെയ്തുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നുവെങ്കിലും ആ ഭാഗങ്ങള്‍ അന്വേഷണ സംഘം അവഗണിക്കുകയായിരുന്നു. ദിനേശന് സഞ്ചരിച്ച സൈക്കിള്‍, കുട, മൊബൈല്‍ ഫോണ്‍, കടയുടെ താക്കോല്‍ എന്നിവയൊന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല എന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന് ദിനേശന്റെ വീട്ടിലെത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണഅടുവരുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. കേസന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിക്കുകയും കലക്ട്രേറ്റ് ധര്ണ്ണയുള്പ്പടെയുള്ള സമരപരിപാടികള്‍ നടത്തുകയും ചെയ്തിരുന്നു. കുടുംബത്തിന്റെ അത്താണിയായിരുന്ന ദിനേശന്റെ മരണത്തിലെ ദുരൂഹത നീക്കി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: