തിരുവനന്തപുരം: മദനിയെ കേരളത്തില്‍ എത്തിക്കാന്‍ ഭീഷണിയുമായി പിഡിപി നേതാക്കള്‍. ബാംഗളൂര്‍ സ്ഫോടന കേസില്‍ വിചാരണ നേരിടുന്ന പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മദനിയെ ഇന്ന് മൂന്നു മണിക്കുള്ളില്‍ കേരളത്തില്‍ എത്തിക്കുന്നതു സംബന്ധിച്ച് കര്‍ണാടക ഭരണകൂടം തീരുമാനം എടുക്കണം. ഇല്ലാത്തപക്ഷം കേരളാ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല ഉപവാസം നടത്തുമെന്ന് പിഡിപി ഉപാദ്ധ്യക്ഷന്‍ പൂന്തുറ സിറാജ് വ്യക്തമാക്കി.
തീരുമാനം എടുക്കേണ്ടത് കര്‍ണാടക ഭരണകൂടമാണെങ്കിലും ശരിക്കും ഭീഷണി സംസ്ഥാനത്തെ ഇടതുവലതു മുന്നണികളോടാണ്. സമുദായ വോട്ട് ബാങ്ക് മുന്‍നിര്‍ത്തി പറയാതെ പറഞ്ഞുകൊണ്ടാണ് പിഡിപി ഇരുമുന്നണികളെയും ഭീഷണിപ്പെടുത്തുന്നത്. അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ വര്‍ക്കല രാജും കൊട്ടാരക്കര സാബുവും സെക്രേട്ടറിയറ്റ് പടിക്കല്‍ നിരാഹാര സമരം ആരംഭിക്കുമെന്നു പിഡിപി അറിയിച്ചു. ഭീഷണിക്ക് വഴങ്ങിയാല്‍ കേരള ഖജനാവ് ചോരും.
മദനിയുടെ യാത്ര സംബന്ധിച്ച തീരുമാനം ഉണ്ടാക്കുന്നതിനായി പിഡിപി സംസ്ഥാന നേതാക്കള്‍ കഴിഞ്ഞദിവസം മുഖ്യന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും കൂടിക്കാഴ്ച നടത്തി. മദനി കേരളത്തില്‍ എത്തുന്നതിന് സര്‍ക്കാരിന് സുരക്ഷയുമായി ബന്ധപ്പെട്ട് ഭാരിച്ച സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടി വരുമെന്ന് കര്‍ണാടക സര്ക്കാ ര്‍ കോടതിയെ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് യാത്രയുടെ ചെലവ് മദനി സ്വയം വഹിക്കണമെന്ന് കോടതി ഉത്തരവിട്ടത്.
സുരക്ഷാച്ചെലവ് സ്വയം വഹിച്ച് കേരളത്തിലേക്കു വരുന്നില്ലെന്നു മദനി ചൊവ്വാഴ്ച അറിയിച്ചിരുന്നു. പോലീസ് അകമ്പടിക്കും മറ്റു ചെലവുകള്‍ക്കുമായി 14.80 ലക്ഷം രൂപ സര്‍ക്കാര്‍ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നു ബംഗളൂരു സിറ്റി പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു മദനി യാത്ര ഉപേക്ഷിച്ചത്. എന്നാല്‍ ലക്ഷങ്ങള്‍ വരുന്ന സുരക്ഷാ ചെലവ് കേരളാ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും മദനിയുടെ സുരക്ഷ കേരളം ഉറപ്പാക്കണമെന്നുമാണ് പിഡിപിയുടെ ആവശ്യം.
മദനിയെ കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തിവരെ എത്തിച്ചാല്‍ തുടര്‍ന്നുള്ള സുരക്ഷ കേരളം ഏറ്റെടുക്കാമെന്നു മുഖ്യമന്ത്രി അറിയിച്ചതായി പിഡിപി നേതാക്കള്‍ പറയുന്നു. അതായത് മദനിയുടെ യാത്രാചെലവ് കേരളം ഏറ്റെടുക്കും എന്നാണ് അതിന്റെ പൊരുള്‍.
കര്ണാടകത്തിനായാലും കേരളത്തിനായലും സുരക്ഷയ്ക്ക് സാമ്പത്തിക ബാധ്യതയുണ്ട്. രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലായ കൊടുംകുറ്റവാളിക്കായി കേരളത്തിന്റെ ഖജനാവില്‍ നിന്നു നികുതി പണം നല്‍കേണ്ടിവരുമെന്ന് സാരം.
ഒരു പക്ഷേ ഭീഷണി ഫലം കണ്ടില്ലെങ്കില്‍ സുരക്ഷാച്ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ ഒരിക്കല്‍ക്കൂടി സമീപിക്കാനും മദനി ആലോചിക്കുന്നുണ്ടത്രെ. ഈ മാസം ഒന്നു മുതല്‍ 20 വരെ കേരളത്തില്‍ തങ്ങാനായി ജാമ്യ ഹര്‍ജിയില്‍ ഇളവു നല്‍കണമെന്നായിരുന്നു മദനി ആദ്യം ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
ഈ ആവശ്യം കര്‍ണാടക എന്‍ഐഎ കോടതി തള്ളി. തുടര്‍ന്നു മദനി സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് ഒന്നു മുതല്‍ 14 വരെ കേരളത്തില്‍ പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. ബംഗളൂരു സ്ഫോടന കേസിലെ 31-ാം പ്രതിയാണ് മദനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: